ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഷമിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന രവിശാസ്ത്രി.

അദ്ദേഹത്തെപ്പോലെ രാജ്യത്തിന് വേണ്ടി നന്നായി കളിച്ചിരുന്ന ഒരാള്‍ വിരമിക്കുന്നത് വിഷമകരമായ കാര്യമാണെന്ന് രവിശാസ്ത്രി പറഞ്ഞു. ഷമി കഴിഞ്ഞ ഒരു വര്‍ഷം ടെസ്റ്റ് ബൗളറായി ടീമിലുണ്ടാവണമായിരുന്നു എന്നും ഇനിയും 30-40 വിക്കറ്റുകള്‍ അദ്ദേഹത്തിന് ബാക്കിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



2013ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ അരങ്ങേറ്റം കുറിച്ചതിന്റെ 13ാം വാര്‍ഷികമായ നവംബര്‍ ആറിനാണ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 64 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 229 വിക്കറ്റുകളാണ് താരം ഇന്ത്യയ്ക്ക് വേണ്ടി നേടിയത്. എന്നാല്‍ മൂന്ന് വര്‍ഷംമുമ്പ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.

‘രാജ്യത്തിന് വേണ്ടി ഇത്രയും നന്നായി കളിച്ച അദ്ദേഹത്തെപ്പോലൊരാള്‍ കളി നിര്‍ത്തുന്നത്. സങ്കടകരമാണ്. ഇനിയും അദ്ദേഹത്തിന് 30-40 വിക്കറ്റുകള്‍ എടുക്കാനുണ്ടായിരുന്നു. കഴിഞ്ഞ പന്ത്രണ്ട് മാസം അദ്ദേഹം കളിക്കണമായിരുന്നു. ടെസ്റ്റ് മാച്ച് ബൗളറായി ഇന്ത്യയോടൊപ്പം ഉണ്ടാവണമായിരുന്നു,’ സോണി സ്‌പോര്‍ട്‌സിലെ ഒരു ചര്‍ച്ചയ്ക്കിടെ ശാസ്ത്രി പറഞ്ഞു.


രഞ്ജി ട്രോഫിയിലെ ഷമിയുടെ പ്രകടനം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഫിറ്റ്‌നസിലുള്ള ആശങ്കകളെ ശാസ്ത്രി വിമര്‍ശിച്ചു. ഷമിയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിന് കാരണമായി മുന്‍ ബി.സി.സി.ഐ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ആയിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്.

‘പത്തോ പന്ത്രണ്ടോ ഓവര്‍ എറിയാന്‍ സാധിക്കാതെ ജിമ്മില്‍ ഫിറ്റായിരുന്നിട്ട് എന്ത് കാര്യം? ഇവിടെ ടീമിന് വേണ്ടി തുടര്‍ച്ചയായി ബൗള്‍ ചെയ്യുന്ന ഒരു വര്‍ക്ക് ഹോഴ്‌സ് ആണ് അദ്ദേഹം. അതിനാല്‍ അദ്ദേഹത്തിന് വീണ്ടും പന്തെറിയാന്‍ കഴിയാത്തതില്‍ എനിക്ക് അല്‍പം നിരാശയുണ്ട്,’ ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

രഞ്ജി ട്രോഫിയ്ക്കിടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ നീണ്ട ഇടവേളയെക്കുറിച്ച ചോദിച്ചപ്പോള്‍ താന്‍ ഒരു നല്ല ബൗളറല്ല എന്ന് ഷമി പരിഹാസരൂപത്തില്‍ പ്രതികരിച്ചിരുന്നു. ഫിറ്റ്‌നസിനെക്കുറിച്ചുള്ള അഗാര്‍ക്കറുടെ സംശയത്തിന് മറുപടിയെന്നോണമായിരുന്നു ഇത്.

ആധുനിക കാലഘട്ടത്തിലെ ഇന്ത്യയുടെ ഏറ്റവും മാരകവും വിജയകരവുമായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായാണ് ഷമി വിടവാങ്ങുന്നത്. കുറ്റമറ്റ സീം പൊസിഷനും ഏത് പിച്ചിലും മൂവ്‌മെന്റ് കണ്ടെത്താനുള്ള കഴിവുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഏകദേശം ഒരു ദശാബ്ദത്തോളം ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ നെടുംതൂണായിരുന്നു അദ്ദേഹം.

Content Highlight: Shami had more Test cricket in him: Ravi Shastri disappointed with pacer’s retirement.