ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇടം കയ്യന്‍ താരമായ ഇഷാന്‍ കിഷനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. സ്പിന്നിനെയും പേസിനെയും ഒരുപോലെ മികച്ച രീതിയില്‍ നേരിടാന്‍ കഴിവുള്ള താരമാണ് ഇഷാനെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും താരത്തെ ടീമിലെടുക്കണമെന്ന് റായിഡു നിര്‍ദേശിച്ചു.

‘ടീമില്‍ ഒരു ഇടംകൈയന്‍ ബാറ്റര്‍ കൂടി വേണമെന്നാണ് എന്റെ അഭിപ്രായം. ഇഷാന്‍ കിഷനെ നാലാം നമ്പറിലും ശ്രേയസ് അയ്യരെ അഞ്ചാം നമ്പറിലും കെ.എല്‍. രാഹുലിനെ ആറാം നമ്പറിലും അക്‌സര്‍ പട്ടേലിനെ ഏഴാം നമ്പറിലും കളിപ്പിക്കണം. സ്പിന്നിനെയും പേസിനെയും ഒരുപോലെ മികച്ച രീതിയില്‍ നേരിടാന്‍ കഴിവുള്ള താരമാണ് ഇഷാന്‍. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ലോകകപ്പിലും അദ്ദേഹത്തിന് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്,’ റായുഡു ഒരു ചര്‍ച്ചയില്‍ പറഞ്ഞു.

കിവീസിനെതിരായ പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും ഇതുവരെ താരത്തെ ഇന്ത്യകളിപ്പിച്ചിട്ടില്ല. വരും മത്സരങ്ങളില്‍ കിഷനെ ഇന്ത്യ പരിഗണിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം ന്യൂസിലാന്‍ഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. വെല്ലിങ്ടണിലെ റീജിയണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് സ്റ്റേണ്‍ നിയമപ്രകാരം നാല് റണ്‍സിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു.

മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 41 ഓവറില്‍ 134 ന് ഓള്‍ ഔട്ട് ആയി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്സ് 113 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കെ മഴ വീണ്ടും വില്ലനായി എത്തുകയായിരുന്നു. ഒടുവില്‍ ഡക്ക് വര്‍ത്ത് ലൂയിസ് കണക്കുകള്‍ പ്രകാരം വിജയലക്ഷ്യം 26 ഓവറില്‍ 110 റണ്‍സാക്കി ചുരുക്കിയതോടെ ഇന്ത്യ വിജയം നേടുകയായിരുന്നു.

Content Highlight: Ambati Rayudu Talking About Ishan Kishan