വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് വിനീത്. ഇന്നും പ്രേക്ഷകര്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്ന കാബൂളിവാലയിലെ മുന്നയും, വെറുപ്പോടെ ഓര്‍ക്കുന്ന മഴവില്ലിലെ വിജയകൃഷ്ണനും വിനീതിന്റെ സിനിമാ യാത്രയിലെ വേറിട്ട കഥാപാത്രങ്ങളാണ്.

മലയാള സിനിമയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് മുന്നയെന്ന് വിനീത് പറയുന്നു. സിനിമയുടെ ചിത്രീകരണകാലം പോലും വലിയ ആഘോഷമായിരുന്നുവെന്നും ഇന്നും ആ സിനിമ കാണുമ്പോള്‍ കണ്ണുനിറയാറുണ്ടെന്നും താരം പറഞ്ഞു. റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

കാബൂളിവാലയിലെ ഓര്‍മകള്‍ക്കൊപ്പം മഴവില്ലിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെക്കുറിച്ചും വടക്കുംനാഥനിലെ ഗാനരംഗത്തക്കുറിച്ചും വിനീത് സംസാരിച്ചു.

‘കാബൂളിവാലയിലെ മുന്ന എന്റെ ഓള്‍ടൈം ഫേവറൈറ്റ് കഥാപാത്രമാണ്. സിനിമയായാലും ഷൂട്ടിങ് പ്രോസസ് ആയാലും ഭയങ്കര സെലിബ്രേഷനായിരുന്നു. ജോളിയായിരുന്നു. ക്യാപ്റ്റന്‍ രാജു ചേട്ടന്‍, സോമേട്ടന്‍, വിദ്യാമ്മ, ജഗതിചേട്ടന്‍, ഇന്നസെന്റേട്ടന്‍ എന്നിവര്‍ക്കൊപ്പമുള്ള നല്ല സീനുകളുണ്ട്. ഇപ്പോഴും ആ സിനിമ കാണുമ്പോള്‍ കണ്ണുനിറയും എനിക്ക്,’ വിനീത് പറയുന്നു.

1994ല്‍ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കാബൂളിവാലയില്‍ മുന്ന എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിച്ചത്. ഇന്നസെന്റും ജഗതി ശ്രീകുമാറും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ ക്യാപ്റ്റന്‍ രാജു, എം.ജി. സോമന്‍, ശ്രീവിദ്യ എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

അതേസമയം, മഴവില്ലിലെ വിജയകൃഷ്ണന്‍ തനിക്ക് ലഭിച്ച വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നാണെന്നും വിനീത് പറയുന്നു. നെഗറ്റീവ് ഷേഡുള്ള ആ കഥാപാത്രത്തോട് ഇന്നും പ്രേക്ഷകര്‍ക്ക് ദേഷ്യമുണ്ടെന്നതാണ് സിനിമയുടെ വിജയമായി വിനീത് കാണുന്നത്.

‘മഴവില്ലിലെ വിജയകൃഷ്ണന്‍ നല്ല നെഗറ്റീവ് ഷേഡുള്ള ക്യാരക്ടര്‍ തന്നെയായിരുന്നു. ഇന്നും ആളുകള്‍ക്ക് എന്നോട് വെറുപ്പാണ് ആ കഥാപാത്രത്തിന്റെ പേരില്‍. കൊല്ലാനുള്ള ദേഷ്യം വന്നെന്ന് ഇന്നും പറയും. അത് ആ സിനിമയുടെ വിജയത്തെയാണ് കാണിക്കുന്നത്,’ വിനീത് പറയുന്നു.

1999ല്‍ ദിനേശ് ബാബു സംവിധാനം ചെയ്ത മഴവില്ലില്‍ കുഞ്ചാക്കോ ബോബനും പ്രീതി ഝംഗിയാനിക്കുമൊപ്പമാണ് വിനീത് പ്രധാന വേഷത്തിലെത്തിയത്.

Actor vineeth talks about movie songs and importants

വടക്കുംനാഥന്‍ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിനുവേണ്ടി മാത്രമാണ് തന്നെ വിളിച്ചതെന്നും ചിത്രത്തില്‍ രണ്ടോ മൂന്നോ സീനുകള്‍ കൂടിയുണ്ടായിരുന്നുവെന്നും വിനീത് ഓര്‍ക്കുന്നു. രവീന്ദ്രന്‍ മാഷിന്റെ സംഗീതത്തില്‍ പിറന്ന ഗാനവും അതിന്റെ ചിത്രീകരണവുമാണ് ആ സിനിമയുമായി ബന്ധപ്പെട്ട ഓര്‍മയെന്നും വിനീത് പറഞ്ഞു.

‘ആ പാട്ട് രവീന്ദ്രന്‍ മാഷുടെ കോമ്പോസിഷനാണ്. ആദ്യം ചിത്ര ചേച്ചിയുടെ ശബ്ദത്തില്‍ സോളോ ഫീമെയില്‍ ട്രാക്കായിരുന്നു. പിന്നീട് സിനിമയില്‍ മധു ബാലകൃഷ്ണന്റെ ശബ്ദത്തില്‍ കാവ്യയുമായുള്ള കോമ്പിനേഷനായി അത് മിക്‌സ് ചെയ്തു. മനോഹരമായിട്ടാണ് അവര്‍ ചെയ്തത്,’ വിനീത് പറയുന്നു.

വടക്കുംനാഥന്റെ ചിത്രീകരണത്തിനിടെ നേരിട്ട ഒരു വെല്ലുവിളി എന്റെ മുടിയായിരുന്നു. വടക്കുംനാഥന്റെ ഷൂട്ട് വല്ലാതെ നീണ്ടു. ഷെഡ്യൂള്‍ ബ്രേക്കായി. അതിനിടെ എനിക്ക് ഒരു തമിഴ് സിനിമ വന്നു. അതില്‍ ഞാന്‍ മുടി നീട്ടി വളര്‍ത്തിയ നിലയിലായിരുന്നു.

വടക്കുംനാഥനിലെ ഗാനരംഗത്തിന്റെ തുടക്കത്തില്‍ ചെറിയ മുടിയായിരുന്നു. അതിന് ശേഷം വിഗ് ഉപയോഗിച്ചാണ് ഒരു ഭാഗം ചിത്രീകരിച്ചത്. അത് ആ പാട്ട് ഇപ്പോള്‍ കാണുമ്പോള്‍ മനസിലാവും. ഈ പാട്ടിന്റെ തുടക്കത്തില്‍ ഷോര്‍ട്ട് ഹെയറായിരുന്നു. വിഗ് വെച്ചിട്ടാണ് ഒരു പോര്‍ഷന്‍ എടുത്തത്.വിചിത്രമായ ഹെയര്‍ സ്‌റ്റെലാണ് എനിക്കതില്‍,’ വിനീത് പറഞ്ഞു.

Content Highlight: Even Today, Watching That Film Brings Tears to My Eyes; It’s My All-Time Favourite Vineeth