കരിയറിലെ മാറ്റങ്ങളും പ്രതീക്ഷകളും ഒരുപോലെ ആസ്വദിക്കുമ്പോഴും സിനിമയിലെ അനിശ്ചിതത്വങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ ലുക്മാന്‍ അവറാന്‍. കരിയറില്‍ താന്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് കൃത്യമായി പറയാനാകില്ലെന്നും എന്നാല്‍ പുതിയ മാറ്റങ്ങള്‍ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും താരം പറയുന്നു. സിനിമയില്‍ അവസരങ്ങള്‍ തേടിയെത്തുന്നുണ്ടെങ്കിലും ഒരു സിനിമയുടെ ഉത്തരവാദിത്തം ഒറ്റയ്ക്ക് ഏറ്റെടുക്കുന്നതില്‍ ചില റിസ്‌കുകളുണ്ടെന്നും ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ലുക്മാന്‍ പറഞ്ഞു.

‘കരിയറിന്റെ ഇപ്പോഴത്തെ അവസ്ഥ പറയുകയാണെങ്കില്‍ വെള്ളത്തിലേക്ക് ചാടുകയും ചെയ്തു, നീന്തല്‍ അറിയുമോ എന്ന് ചോദിച്ചാല്‍ അറിയാം, എന്നാല്‍ അത്രയും നേരം തുഴഞ്ഞുനില്‍ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ സംശയമാണ് എന്ന അവസ്ഥയാണ്. കുറേ സമയം നീന്തി ശ്വാസം വിട്ട് അങ്ങനെ നില്‍ക്കും. കരിയറില്‍ ഇപ്പോള്‍ ഏത് സ്റ്റേജിലാണെന്ന് ചോദിച്ചാല്‍ അതെനിക്ക് മനസിലായിട്ടില്ല. സ്ട്രഗിളും പ്രശ്‌നങ്ങളുമൊക്കെ എപ്പോഴും ഫീല്‍ ചെയ്യും. അല്ലാതെ അങ്ങനെ ഒരു പ്രത്യേക സ്റ്റേജ് ഇല്ല,’ ലുക്മാന്‍ പറയുന്നു.

പുതിയ സിനിമകളുടെ കഥകള്‍ നിരന്തരം കേള്‍ക്കുന്നുണ്ടെന്നും പലരും തന്നെ നായകനാക്കി സിനിമകള്‍ ചെയ്യാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും താരം പറയുന്നു. എന്നാല്‍ തന്നെ മാത്രം വെച്ച് സിനിമ ആരംഭിക്കുന്നതില്‍ നിര്‍മാതാക്കള്‍ക്ക് ചില റിസ്‌കുകളുണ്ടാകാമെന്നും ലുക്മാന്‍ പറയുന്നു. മറ്റൊരു താരം കൂടി ഒപ്പമുണ്ടെങ്കില്‍ ആ ആശങ്കകള്‍ കുറയുമെന്നും അദ്ദേഹം പറയുന്നു. അതേസമയം, അത്തരത്തില്‍ ധൈര്യത്തോടെ സിനിമകള്‍ ചെയ്യാന്‍ മുന്നോട്ടുവരുന്നവരുമുണ്ടെന്നും താരം പറഞ്ഞു.

‘ഡെയ്‌ലി കഥകള്‍ കേള്‍ക്കുന്നുണ്ട്. പിന്നെ പലരും വിളിക്കുമ്പോള്‍, നമ്മളെ കുറിച്ച് ഇങ്ങനെയൊക്കെ ആളുകള്‍ ആലോചിക്കുന്നുണ്ടല്ലേ എന്ന് തോന്നും. ചേട്ടാ ചേട്ടനൊരു യെസ് പറഞ്ഞാല്‍ എന്നൊക്കെ പറയുന്നവരുണ്ട്. എന്നെ മാത്രം വെച്ച് പടം ഓണ്‍ ആക്കുന്നതില്‍ കുറച്ച് റിസ്‌ക് ഉണ്ട്. കൂടെ സപ്പോര്‍ട്ടിന് ഒരാളും കൂടി ഉണ്ടെങ്കില്‍ നമ്മള്‍ ഓക്കെയാണ്. എന്നാലും അങ്ങനെ ധൈര്യമുള്ള ആളുകളുമുണ്ട്. അതൊക്കെ നടക്കുന്നുണ്ട്. മാറ്റങ്ങള്‍ കരിയറിലുണ്ട്. നല്ല രീതയില്‍ തന്നെയുള്ള മാറ്റങ്ങളാണ്. അത് ഞാന്‍ എന്‍ജോയ് ചെയ്യുന്നുമുണ്ട്.

സിനിമ ഒരു ബിസിനസ് കൂടിയായതിനാല്‍ വിജയവും പരാജയവും അവസരങ്ങളെ സ്വാധീനിക്കുമെന്നും ലുക്മാന്‍ തുറന്നുപറയുന്നു.

കരിയറില്‍ കയറ്റിറക്കമുണ്ടാകും. നമ്മള്‍ ചെയ്ത സിനിമ വര്‍ക്കാവാതെ വരുമ്പോള്‍, ഇതൊരു ബിസിനസ് കൂടിയാണല്ലോ. വേണ്ട അവന്‍ ഒറ്റയ്ക്ക് വേണ്ട വേറെ ആരെങ്കിലും കൂടി വേണം എന്ന് പറയുന്നവര്‍ ഉണ്ട്. സിനിമ വര്‍ക്കാവുമ്പോള്‍ വായോ, എന്താണ് നോക്കുന്നത് ഇത് നമുക്ക് ചെയ്യാമെന്നും പറയും. ഇത് രണ്ടും ഉണ്ടാകും.

ഇപ്പോള്‍ ഒരു സിനിമ. അത് ചിലപ്പോള്‍ ആളുകള്‍ക്ക് വര്‍ക്കാവില്ല. കുഴപ്പമില്ല, ചെറിയ കുറച്ച് പ്രശ്‌നമുണ്ട്, ഒന്നുകൂടി നന്നാക്കാമായിരുന്നു എന്നൊക്കെ അഭിപ്രായം വരുന്ന സിനിമകളുണ്ട്. അത് ഓക്കെയാണ്.

രണ്ടാമത്തെ വിഭാഗം ഫുള്‍ കൈയില്‍ നിന്ന് പോവുന്ന തരം സിനിമകളാണ്. വന്‍ മോശം എന്ന് അഭിപ്രായം വരുന്നവ, വലിയ ട്രോളൊക്കെയുണ്ടാകും. ഇത് രണ്ടും രണ്ടുരീതിയില്‍ നമുക്ക് വിഷമമുണ്ടാക്കും. ആ വിഷമത്തെ നമ്മള്‍ ഹാന്‍ഡില്‍ ചെയ്യുക, വേറെ എന്തെങ്കിലും വഴി കണ്ടെത്തുക, അടുത്തതില്‍ ശരിയാക്കുക. പിന്നെ ഇതൊക്കെ നമ്മളെ എഫക്ട് ചെയ്യും. ഉള്ളില്‍ സങ്കടം ഉണ്ടെങ്കിലും അത് കാണിക്കാതെ ഹാപ്പിയായി ഇരിക്കുക,’ ലുക്മാന്‍ പറഞ്ഞു.

കരിയറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന കഥാപാത്രം ഏതാണെന്ന ചോദ്യത്തിന് തല്ലുമാലയിലെ ജംഷിയെയാണ് ലുക്മാന്‍ ആദ്യം പറയുന്നത്. എന്നാല്‍ വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള കഥാപാത്രം ഉണ്ടയിലെ ബിജുകുമാറാണ്. വലിയ വൈകാരികത ഉള്‍ക്കൊള്ളുന്ന കഥാപാത്രമായിരുന്നു അതെന്നും തന്നെക്കൊണ്ട് അത് ചെയ്യാന്‍ കഴിയുമോ എന്ന് സംശയിച്ചിരുന്നുവെന്നും താരം പറയുന്നു.

ഓപ്പറേഷന്‍ ജാവ, കൊറോണ ധവാന്‍, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും ലുക്മാന്റെ പ്രിയപ്പെട്ടവയാണ്. ഓരോ സിനിമയും ഓരോ തരത്തിലുള്ള അനുഭവങ്ങളാണ് നല്‍കിയതെന്നും താരം പറയുന്നു.

ലുക്മാന്‍ അവറാന്‍ പ്രധാന വേഷങ്ങളിലൊന്നിലെത്തിയ പുതിയ ചിത്രം ഡിസ്‌കോ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ദേവ് മോഹന്‍, ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Content Highlight: Actor Lukman Avaran about his Career Hits and Flops