ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം തുടര്‍ച്ചയായി രണ്ട് ബോക്‌സ് ഓഫീസ് ദുരന്തങ്ങള്‍, അനൗണ്‍സ് ചെയ്ത രണ്ട് പ്രൊജക്ടുകളില്‍ നിന്ന് സംവിധായകര്‍ പിന്‍വാങ്ങുന്നു, രജിനിയെ നായകനാക്കി നിര്‍മിക്കാനിരുന്ന പ്രൊജക്ടുകളില്‍ സംവിധായകര്‍ മാറിമാറി വന്ന ശേഷം ഒരാള്‍ ആ പ്രൊജക്ട് ഏറ്റെടുക്കുന്നു. വിക്രമിന് ശേഷം കമല്‍ ഹാസന്റെയും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ രാജ്കമല്‍ ഫിലിംസിന്റെയും അവസ്ഥ ഇങ്ങനെയാണ്.

എന്നാല്‍ ഇതിനെയെല്ലാം മാറ്റിവെച്ച് സിനിമാപേജുകളില്‍ പുകയുന്നത് മറ്റൊരു കാര്യമാണ്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും പോസ്റ്ററുമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. എസ്.യു അരുണ്‍കുമാറിനൊപ്പം കമല്‍ ഹാസന്‍ കൈകോര്‍ക്കുന്ന ചിത്രത്തിന് സണ്ടിയര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്.

സണ്ടിയര്‍ എന്ന പേര് കമല്‍ തന്‌റെ സിനിമക്ക് നല്‍കുന്നത് ആദ്യമായിട്ടല്ല. 22 വര്‍ഷം മുമ്പ് ഇതേ ടൈറ്റില്‍ തന്റെ ഒരു സിനിമക്ക് നല്‍കാന്‍ കമല്‍ ഹാസന്‍ തീരുമാനിച്ചിരുന്നു. കമല്‍ സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്റര്‍ തമിഴ്‌നാട്ടില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. സണ്ടിയര്‍ എന്ന പേരും കൈയില്‍ അരിവാളുമായി നില്‍ക്കുന്ന കമല്‍ ഹാസനുമായിരുന്നു വിവാദമായത്.

ചിത്രത്തിന്റെ പേരിനെതിരെ പുതിയ തമിഴഗം പാര്‍ട്ടിയുടെ നേതാവും ദളിത് ആക്ടിവിസ്റ്റുമായിരുന്ന ഡോക്ടര്‍ കെ. കൃഷ്ണസ്വാമി രംഗത്തെത്തി. ജാതി വിവേചനത്തെയും ജാതി ആക്രമങ്ങളെയും മഹത്വവല്‍ക്കരിക്കാന്‍ ഈ ടൈറ്റില്‍ കാരണമാകുമെന്നായിരുന്നു കൃഷ്ണസ്വാമിയുടെ ആരോപണം. ഒരു പേരില്‍ എന്തിരിക്കുന്നു എന്നായിരിക്കും ഇത് കേള്‍ക്കുമ്പോള്‍ നമ്മള്‍ മലയാളികളുടെ മനസില്‍ ആദ്യം വരുന്ന ചോദ്യം.

സണ്ടിയര്‍ എന്നത് തമിഴ്‌നാട്ടില്‍ ഒരു പ്രത്യേക മേലാള വര്‍ഗത്തിന് വേണ്ടി ഗുണ്ടാപ്പണി ചെയ്യുന്ന ആളുകളെ വിശേഷിപ്പിക്കുന്ന പദപ്രയോഗമാണ്. തങ്ങള്‍ക്കെതിരെ നില്‍ക്കുന്ന താഴ്ന്ന ജാതിക്കാരെ അടിച്ചമര്‍ത്താനായി മേല്‍ ജാതിക്കാര്‍ (പ്രത്യേകിച്ച് തേവര്‍ സമുദായം) ഏര്‍പ്പാടാക്കുന്ന ഇത്തരം സണ്ടിയര്‍മാര്‍ പണ്ടുകാലത്തെ സ്ഥിരം കാഴ്ചയായിരുന്നു.

ദളിത് സമുദായത്തെ പണ്ട് അടിച്ചമര്‍ത്തിയവരെ വീരപരിവേഷം നല്‍കി അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു കൃഷ്ണസാമിയുടെ പ്രതിഷേധം. ചിത്രത്തിന്റെ ഷൂട്ടിങ് തടസപെടുത്തിയും അണിയറപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും ചെയ്തതോടെ കമല്‍ ഹാസന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയോട് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ‘സ്വയം വരുത്തിവെച്ച പ്രശ്‌നങ്ങള്‍ക്ക് പൊലീസ് സഹായം കിട്ടില്ല’ എന്നായിരുന്നു ജയലളിതയുടെ മറുപടി.

ഇതിന് ശേഷം പുതിയ തമിഴഗവുമായി സമവായ ചര്‍ച്ച നടത്തിയ കമല്‍ ഹാസന്‍ ചിത്രത്തിന്റെ പേര് മാറ്റാമെന്ന് തീരുമാനിച്ചു. എന്നാല്‍ തന്റെ നീരസം വളരെ പരിഹാസ്യമായ ഒരു വീഡിയോയുടെ രൂപത്തില്‍ അന്ന് താരം പുറത്തുവിട്ടിരുന്നു. സിനിമക്ക് എന്ത് പേര് വെക്കാമെന്ന് ചോദിച്ചുകൊണ്ട് ആരംഭിക്കുന്ന വീഡിയോ ഇന്നും സമൂഹമാധ്യമങ്ങളില്‍ ലഭ്യമാണ്.

‘കിട്ടിവാസല്‍ എന്ന് വെച്ചാലോ എന്ന് ആലോചിച്ചു. അങ്ങനെ വെച്ചാല്‍ കൃഷ്ണസാമി കോപിക്കും. അദ്ദേഹത്തിന്റെ ചെല്ലപ്പേര് കിട്ടി എന്നാണ്. മുരട്ടുകാളൈ, കാളൈമാട് എന്നൊക്കെ വെച്ചാല്‍ രജിനി കോപിക്കും. പരാശക്തി എന്ന് വെച്ചാല്‍ കരുണാനിധിക്ക് ഇഷ്ടമാകില്ല. തമിഴ് സംസ്‌കാരത്തെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്.

അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാറുന്ന സംസ്‌കാരത്തിന് അനുസരിച്ച് പേര് വെക്കുക എന്നത് പ്രയാസമാണ്. ബ്രിട്ടീഷുകാര്‍ വരുന്നതിന് മുന്നേ ഷര്‍ട്ടും ജാക്കറ്റുമൊക്കെ ധരിക്കാതെ നടന്നതായിരുന്നു നമ്മുടെ പഴയ സംസ്‌കാരം. സണ്ടിയര്‍ എന്ന പേര് അരിവാള്‍ സംസ്‌കാരം തിരിച്ചുകൊണ്ടുവരുമെന്ന് ആരോപിക്കുന്നു. എല്ലാ ദൈവങ്ങളുടെ കൈയിലും അരിവാളുണ്ടല്ലോ. ഞാനും ഈ സിനിമാ ഫീല്‍ഡ് വിട്ട് സംസ്‌കാര സംരക്ഷണത്തിന് ഇറങ്ങിയാലോ എന്ന് ആലോചിക്കുകയാണ്. ഒടുവില്‍ വിരുമാണ്ടി എന്ന ടൈറ്റിലില്‍ എത്തിനില്‍ക്കുകയാണ്,’ എന്നാണ് വീഡിയോയിലുള്ളത്.

പുതിയ സണ്ടിയറിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതിന് പിന്നാലെ കമല്‍ ഹാസന്റെ ഈ വീഡിയോ വൈറലായി. കമല്‍ ഹാസന്റെ തഗ് റിപ്ലൈ എന്നാണ് പലരുടെയും കമന്റ്. എന്നാല്‍ ഇത് തഗ്ഗാണോ അതോ ദളിത് വിരുദ്ധതയാണോ എന്നാണ് പലരുടെയും ചോദ്യം. സണ്ടിയറിനൊപ്പം കമലിന്റെ ക്ലാസിക് ചിത്രം തേവര്‍ മകനും സവര്‍ണ മേല്‍ക്കോയ്മയെ ഗ്ലോറിഫൈ ചെയ്യുന്നതാണെന്നും ഇപ്പോള്‍ ചര്‍ച്ചകളുണ്ട്.

കമല്‍ ഹാസന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തുവന്ന ചിത്രത്തിന്റെ ടൈറ്റില്‍ തന്നെ തേവര്‍ ജാതിയെ ഗ്ലോറിഫൈ ചെയ്യുന്ന ഒന്നാണ്. ചിത്രത്തിലെ ‘പോട്രി പാടെടി പെണ്ണേ, തേവര്‍ കാലടി മണ്ണേ’ (തേവരുടെ കാലടിയിലെ മണ്ണിനെ പുകഴ്ത്തി പാടെടി പെണ്ണേ) എന്ന പാട്ട് ഇന്നും തമിഴ്‌നാട്ടിലെ സവര്‍ണര്‍ തങ്ങളുടെ അഭിമാന ഗാനമായി കൊണ്ടുനടക്കുകയാണ്.

വര്‍ഷങ്ങള്‍ക്കിപ്പുറം തേവര്‍ മകനിലെ പാട്ടിന്റെ കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് കമല്‍ ഹാസന്‍ ഏറ്റുപറഞ്ഞെങ്കിലും പുതിയ സിനിമയുടെ പേരില്‍ മുഴച്ചുനില്‍ക്കുന്ന ദളിത് വിരുദ്ധത അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനം കൂട്ടുകയാണ്.

ദളിത് രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി തമിഴ് സിനിമയില്‍ വിപ്ലവം സൃഷ്ടിക്കുകയും നാട്ടാമൈമാരുടെ കഥയെ പടിയടച്ച് പിണ്ടം വെക്കുകയും ചെയ്ത വെട്രിമാരന്‍, പാ. രഞ്ജിത്, മാരി സെല്‍വരാജ് എന്നിവരുടെ ഇത്രയും കാലത്തെ അധ്വാനത്തെ നിഷ്പ്രഭമാക്കാനേ കമല്‍ ഹാസന്റെ പുതിയ ടൈറ്റില്‍ പ്രയോജനം ചെയ്യുള്ളൂ.

Content Highlight: Kamal Haasan’s new movie title Sandiyar sparkled controversies in social media