തമിഴ് ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് മലയാള സിനിമകളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടുകയും ചെയ്ത അഭിനേത്രിയാണ് മേനക. പൂച്ചക്കൊരു മൂക്കുത്തി, അക്കരെ നിന്നൊരു മാരൻ, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, തുടങ്ങി മലയാളത്തിലെ ഒട്ടനവധി ക്ലാസിക് ചിത്രങ്ങളിൽ താരം വേഷമിട്ടിരുന്നു.മലയാളത്തിലെ മുൻനിര പ്രൊഡ്യൂസർമാരിലൊരാളായ ജി. സുരേഷ് കുമാറുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും അവധിയെടുത്ത മേനക 2011ൽ പുറത്തിറങ്ങിയ ലിവിങ് ടുഗദർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് മടങ്ങിയെത്തിയത്.
ഇപ്പോഴിതാ മകൾ കീർത്തി സുരേഷ് മലയാള സിനിമയിൽ അഭിനയിക്കണമെന്ന് പറയാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി മേനക. ഭാഷയുടെ പേരിൽ കീർത്തി സിനിമകൾ തെരഞ്ഞെടുക്കാറില്ലെന്നും നല്ല കഥയാണെങ്കിൽ ഏതു ഭാഷയിലും അഭിനയിക്കാൻ തയ്യാറാണെന്നും മേനക പറഞ്ഞു. ഒരു മലയാള സിനിമയിൽ അഭിനയിക്കുന്ന കാര്യം കീർത്തി തന്നോട് പറഞ്ഞിട്ടുണ്ടെന്നും താരം വനിതക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കീർത്തി സുരേഷ്. Photo. Screen Grab/ Youtube
‘അങ്ങനെ ഭാഷാവ്യത്യാസമൊന്നുമില്ല. നല്ല കഥയാണെങ്കിൽ ഏതു ഭാഷയിലും കീർത്തി അഭിനയിക്കും. ഒരു മലയാള സിനിമയിൽ വരുന്നുണ്ടെന്ന് മോൾ പറഞ്ഞിരുന്നു. മക്കളുടെ കരിയറിലും ജീവിതത്തിലും ഞാനും ചേട്ടനും ഇടപെടാറില്ല. കീർത്തി എപ്പോഴും പറയും, എത്ര പേരാണ് ഒറ്റ റോളിനു വേണ്ടി കഷ്ടപ്പെടുന്നത്, ഇവിടെ മുന്നിൽ വന്ന അവസരങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു എന്ന്,’ മേനക പറഞ്ഞു.
അഭിനയത്തിലേക്ക് വീണ്ടും സജീവമായി തിരിച്ചുവരാനുള്ള ആഗ്രഹവും മേനക പങ്കുവെച്ചു. അഭിനയത്തെ കല്ല് ഉരച്ച് മിനുക്കി വജ്രമാക്കുന്നതിനോടാണ് താരം ഉപമിക്കുന്നത്. താൻ അഭിനയത്തിൽ ഒരു ഘട്ടത്തിൽ എത്തിയപ്പോഴേക്കും സിനിമയിൽ നിന്ന് മാറിനിന്നെന്നും ഇപ്പോൾ വീണ്ടും ആ കഴിവിനെ മിനുക്കിയെടുക്കയാണെന്നും താരം പറഞ്ഞു.
‘കല്ല് ഉരച്ച് മിനുക്കി വജ്രമാക്കുന്നതുപോലെ തന്നെയാണ് അഭിനയം. ഞാനത് തുടച്ച് തിളക്കമുള്ളതാക്കിയപ്പോഴേക്കും സിനിമയിൽനിന്ന് പോയി. പെട്ടിയിൽ വെച്ച് പൂട്ടിയ ആ വജ്രം വീണ്ടും തുടച്ചുമിനുക്കി തിളക്കം കൂട്ടണം,’ മേനക പറഞ്ഞു.
ഇനി പുതുമുഖമായി തുടങ്ങണമെന്നാണ് ആഗ്രഹമെന്നും താരം കൂട്ടിച്ചേർത്തു. സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന പുതുതലമുറയിലെ ക്രിയേറ്റീവായ ആളുകൾക്കൊപ്പം സിനിമകൾ ചെയ്യാനാണ് താത്പര്യം. കുടുംബത്തിന്റെ പൂർണ പിന്തുണ തനിക്കൊപ്പമുണ്ടെന്നും മേനക വ്യക്തമാക്കി.

മേനക. Photo. Screen Grab/ Youtube
‘ഇനി പുതുമുഖമായി തുടങ്ങണം. പുതുതലമുറയിൽ ക്യാമറയുടെ മുന്നിലും പിന്നിലും ക്രിയേറ്റീവായ ഒരുപാട് പേരുണ്ട്. അവർക്കൊപ്പം സിനിമകൾ ചെയ്യണം. വീട് മൊത്തം സപ്പോർട്ട് ചെയ്ത് ഒപ്പമുണ്ട്. അതാണ് ധൈര്യം,’ മേനക പറഞ്ഞു.
Content Highlight: Actress Menaka responds to the question of whether she ever suggests that her daughter, Keerthy Suresh, should act in Malayalam films
