മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ ക്ഷീര സഹകരണ സ്ഥാപനമായ ഗോകുല്‍ പാല് ഫെഡറേഷന്റെ ചെയര്മാന് തെരഞ്ഞെടുപ്പ് തടയണമെന്ന ഹരജി ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് തള്ളി. നവംബര്‍ പത്തിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. അതേസമയം, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത നാല് ഡയറക്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കോടതി അനുമതി നല്കി.
മഹാരാഷ്ട്ര സര്‍ക്കാര്‍ നവംബര്‍ ആറിന് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് നീരജ് ധോട്ടെയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിന്റെ നടപടി.
500 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള വന്‍കിട സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതികളിലേക്ക് അഞ്ച് സര്‍ക്കാര്‍ പ്രതിനിധികളെ നാമനിര്‍ദേശം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. ഇവരില്‍ നാല് പേര്‍ക്ക് വോട്ടവകാശവും നല്‍കുന്നുണ്ട്.
എന്നാല്‍, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത നാല് ഡയറക്ടര്‍മാര്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ പ്രത്യേക സീല്‍ ചെയ്ത ബാലറ്റ് പെട്ടിയില്‍ സൂക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കുകയും വേണം. ഫലം പ്രഖ്യാപിക്കാമെങ്കിലും കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും അതിന്റെ സാധുതയെന്നും കോടതി വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ സ്വാധീനമുള്ള സഹകരണ സ്ഥാപനങ്ങളിലൊന്നായ ഗോകുലിന്റെ നിയന്ത്രണം പിടിക്കാനുള്ള കോണ്‍ഗ്രസ് പിന്തുണയുള്ള സമവിചാരി ആഗാഡിയും ഭരണകക്ഷിയായ മഹായുതി സഖ്യവും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിനിടെയാണ് കോടതി വിധി.
ഏകദേശം 3,000 കോടി രൂപയിലധികം വാര്‍ഷിക വിറ്റുവരവുള്ള മഹാരാഷ്ട്രയിലെ പ്രമുഖ ക്ഷീര സഹകരണ സ്ഥാപനങ്ങളിലൊന്നാണ് ഗോകുല്‍ പാല് ഫെഡറേഷന്.
അടുത്തിടെ നടന്ന ഗോകുല്‍ ഭരണസമിതി തെരഞ്ഞെടുപ്പില്‍ ആകെയുള്ള 25 ഡയറക്ടര്‍ സ്ഥാനങ്ങളില്‍ 13 എണ്ണവും കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സമവിചാരി ആഗാഡി നേടിയിരുന്നു. ബി.ജെ.പി നേതൃത്വം നല്കുന്ന മഹായുതി പാനലിന് 12 സീറ്റുകളാണ് ലഭിച്ചത്.
ഒക്ടോബര്‍ 29ന് പുതിയ ഭരണസമിതി ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ യോഗം ചേര്‍ന്നപ്പോള്‍ മഹായുതിയുടെ 12 ഡയറക്ടര്‍മാരും വിട്ടുനിന്നു. ഇതോടെ ആവശ്യമായ ക്വാറം തികയാതെ വന്നതിനാല്‍ അധ്യക്ഷയായ മൗസമി ചൗഗുലെ യോഗം മാറ്റിവെച്ചു.
ഭൂരിപക്ഷം നേടിയിട്ടും ഗോകുലിന്റെ ചട്ടപ്രകാരം ചെയര്മാന് തെരഞ്ഞെടുപ്പിന് കുറഞ്ഞത് 14 ഡയറക്ടര്‍മാരുടെ സാന്നിധ്യം ആവശ്യമായതിനാല്‍ കോണ്‍ഗ്രസ് പാനലിന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനായില്ല.
അതേസമയം, മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോലാപുരില്‍ ആയിരക്കണക്കിന് ക്ഷീരകര്‍ഷകര്‍ പ്രതിഷേധിച്ചു. ബി.ജെ.പി നേതൃത്വം നല്കുന്ന സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ക്ഷീരകര്‍ഷകരുടെ പങ്കാളിത്തത്തോടെ കെട്ടിപ്പടുത്ത സഹകരണ സ്ഥാപനത്തില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു
കോണ്‍ഗ്രസ് നേതാവ് സതേജ് പാട്ടീലും കര്‍ഷക നേതാവ് രാജു ഷെട്ടിയും ചേര്‍ന്നാണ് സംഘര്‍ഷ് മോര്‍ച്ചയുടെ ബാനറില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കോലാപുര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്ഷീരകര്‍ഷകര്‍ക്കൊപ്പം സമീപ ജില്ലകളായ സാംഗ്ലി, സത്താറ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ദസറ ചൗക്കില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്തു
നിരവധി കര്‍ഷകര്‍ കന്നുകാലികളുമായാണ് പ്രതിഷേധത്തിനെത്തിയത്. പ്രാദേശിക അഭിഭാഷകരും കറുത്ത കൊടികളും ബാനറുകളുമേന്തി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ കഴിയാതായതോടെ രാഷ്ട്രീയ സമവാക്യം മാറ്റാനാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു. സഹകരണ സ്ഥാപനത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ പ്രതിനിധീകരിക്കപ്പെടുന്ന 5.5 ലക്ഷം ക്ഷീരകര്‍ഷകരുടെ ജനവിധി അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു.
Content Highlight: Bombay HC refuses to stay Gokul Chairman polls, Farmers protest in Kolhapur against Maharashtra government.
