പ്രശസ്ത മലയാള സിനിമാട്ടോഗ്രാഫർ ഷാജി കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദിലീപ് നായകനാകുന്ന പുതിയ ചിത്രം ‘ഹെനോക്കി’ന്റെ ആലപ്പുഴയിലെ ഷൂട്ടിങ് സെറ്റിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.
ഷൂട്ടിങ്ങിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് ഷാജി കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഐ.സി.യുവിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ പിന്നീട് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി ശുചിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.

ഷാജി കുമാർ . Photo. Facenook.com
മലയാള സിനിമയിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഷാജി കുമാർ അമ്പതിലേറെ സിനിമകളുടെ ഛായാഗ്രാഹകനാണ്. ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രമായ ‘പുലിമുരുകൻ’ ഉൾപ്പെടെ നിരവധി ഹിറ്റ് സിനിമകൾക്ക് പിറകിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെ ശിഷ്യനായി സിനിമയിലെത്തിയ ഷാജി കുമാർ 2001ൽ പുറത്തിറങ്ങിയ ‘ഉത്തമൻ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ജോഷി, ഷാജി കൈലാസ്, വിനയൻ, വൈശാഖ്, എം. പത്മകുമാർ തുടങ്ങി നിരവധി സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. പുതുതലമുറയിലെ സംവിധായകനായ തരുൺ മൂർത്തിയുടെ ചിത്രങ്ങളിലും അദ്ദേഹം ക്യാമറ ചലിപ്പിച്ചു.

നരൻ, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, ബാബാ കല്യാണി, നസ്രാണി, റോബിൻഹുഡ്, പോക്കിരിരാജ, മല്ലുസിങ്, റിങ് മാസ്റ്റർ, ഒടിയൻ, മധുരരാജ, പത്തൊൻപതാം നൂറ്റാണ്ട്, തുടരും തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകളിൽ ഉൾപ്പെടുന്നു. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2011ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘പൊന്നർ ശങ്കർ’ അദ്ദേഹത്തിന് നിരൂപക പ്രശംസ നേടിക്കൊടുത്തിരുന്നു.
മോഹൻലാൽ–തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’, സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പൻ’ എന്നിവയാണ് അവസാനം ചിത്രീകരിച്ച സിനിമകൾ.
Content Highlight: Renowned Malayalam cinematographer Shaji Kumar has passed away.
