ടെല്‍ അവീവ്: പുതിയ ഇസ്രഈല്‍ സര്‍ക്കാരില്‍ ഹമാസിനെ പിന്തുണക്കുന്നവര്‍ ഉണ്ടാവരുതെന്നും അത്തരമൊരു സര്‍ക്കാരില്‍ തന്റെ പാര്‍ട്ടി ഭാഗമാവാമെന്നും സ്ഥാനമൊഴിയുന്ന ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒരു ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുക എന്നത് തികച്ചും അനിവാര്യമായ കാര്യമാണെന്നും നെതന്യാഹു പറഞ്ഞു. തിങ്കളാഴ്ച പുറത്തിറക്കിയ ഒരു വീഡിയോ പ്രസ്താവനയിലാണ് നെതന്യാഹു ഈ കാര്യം വ്യക്തമാക്കിയത്.
‘രണ്ടുദിവസം മുമ്പ് ഞാന്‍ ഒരു ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു; അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യം. ഹമാസിനെ പിന്തുണയ്ക്കുന്നവരുമായി ചേര്‍ന്ന് ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല. സര്‍ക്കാരിനുള്ളില്‍ തീവ്ര ഇസ്‌ലാമിക ആശയങ്ങളെ പിന്തുണയ്ക്കുന്നവരെ ആശ്രയിച്ചുകൊണ്ട്, ഇറാനെതിരെയോ തീവ്ര ഇസ്‌ലാമിക പക്ഷത്തുള്ള മറ്റുള്ളവര്‍ക്കെതിരെയോ പോരാടാന്‍ സാധിക്കില്ല.’ നെതന്യാഹു പറഞ്ഞു.
ഹരേദി പാര്‍ട്ടികളും മറ്റ് സയണിസ്റ്റ് പാര്‍ട്ടികളും ഉള്‍പ്പെടെ, ദേശീയ പക്ഷത്തുള്ള എല്ലാ കക്ഷികളെയും ഉള്‍ക്കൊള്ളുന്ന ഒരു സര്‍ക്കാര്‍ രൂപീകരിക്കണമെന്നും അതിന് ലിക്കുഡ് പാര്‍ട്ടി നേതൃത്വം നല്‍കണമെന്നും നെതന്യാഹു പറഞ്ഞു. ഏറ്റവും വലിയ പാര്‍ട്ടി ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത് സ്വാഭാവികമായ കാര്യമാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
‘നമുക്ക് മുന്നിലുള്ള വെല്ലുവിളികളെ നേരിടാന്‍ നാം ഒന്നിച്ചുനില്‍ക്കണം. ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍, ഹരേദി പാര്‍ട്ടികളും മറ്റ് സിയോണിസ്റ്റ് പാര്‍ട്ടികളും ഉള്‍പ്പെടെയുള്ള ദേശീയ പക്ഷത്തെ എല്ലാ കക്ഷികളെയും ഒന്നിപ്പിച്ചുകൊണ്ടുള്ള ഒരു സഖ്യം രൂപീകരിക്കുന്നതിന് ലിക്കുഡ് പാര്‍ട്ടി മുന്‍കൈ എടുക്കണം,’ നെതന്യാഹു വ്യക്തമാക്കി. ഈ നിര്‍ദ്ദേശം പരിഗണിക്കാന്‍ തയ്യാറുള്ള ഏത് പാര്‍ട്ടിയുമായും കാലതാമസമില്ലാതെ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ താന്‍ സന്നദ്ധമാണെന്നും ഇസ്രഈല്‍ പ്രധാനമന്ത്രി അറിയിച്ചു.
പുതിയ ഇസ്രഈല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചുമതല ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗില്‍ നിന്ന് ‘യഷാര്‍’ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ട് ഇന്നലെ ഔദ്യോഗികമായി ഏറ്റുവാങ്ങിയിരുന്നു. നെതന്യാഹുവിനെയും ലിക്കുഡ് പാര്‍ട്ടിയുടെ തീവ്ര വലതുപക്ഷ സഖ്യകക്ഷികളില്‍ ഒരാളെയും ഒരു സഖ്യ സര്‍ക്കാരില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ഐസന്‍കോട്ട് അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നെതന്യാഹുവിന്റെ പ്രസ്താവന വരുന്നത്.
ഹെര്‍സോഗിന്റെ നിര്‍ദ്ദേശപ്രകാരം ഐസന്‍കോട്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ തിങ്കളാഴ്ചയോടെ ആരംഭിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലിക്കുഡ് പക്ഷത്തിന് 46 നിയമസഭാംഗങ്ങളുടെ പിന്തുണ ലഭിച്ചപ്പോള്‍, ഐസന്‍കോട്ടിന് 67 പേരുടെ പിന്തുണയാണ് ഇസ്രഈല്‍ നെസറ്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.
താന്‍ തന്നെയായിരിക്കും സര്‍ക്കാരിന്റെ തലവന്‍ എന്ന വ്യവസ്ഥയിലാണ് ഐസന്‍കോട്ട് ലിക്കുഡ് പാര്‍ട്ടിയെയോ തീവ്ര വലത് സഖ്യ കക്ഷികളെയോ സര്‍ക്കാരില്‍ ഒപ്പം ചേരക്കാമെന്ന് വ്യക്തമാക്കിയത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിന് ഇനി 28 ദിവസത്തെ സമയമുണ്ട്. ആവശ്യമെങ്കില്‍ പ്രസിഡന്റിന് ഈ കാലാവധി 14 ദിവസം കൂടി നീട്ടിനല്‍കാവുന്നതാണ്.
Content Highlight: Netanyahu calls for unity government without ‘Hamas supporters’
