സമീപകാലത്ത് ചെയ്ത സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയമായി നില്‍ക്കുന്ന നടനാണ് ദിലീപ്. കരിയറിലെ എട്ടാമത്തെ തിരിച്ചുവരവായ ഭ ഭ ബ പോലും തിയേറ്ററില്‍ അമ്പേ പരാജയമായി മാറിയിരുന്നു. കരിയറിലെ ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ ഭ ഭ ബ വലിയ രീതിയില്‍ ട്രോള്‍ മെറ്റീരിയലായി മാറി.

200 കോടി നേടുമെന്ന് അവകാശപ്പെട്ട ചിത്രം 50 കോടി പോലും നേടാതെയാണ് കളംവിട്ടത്. മോഹന്‍ലാലിന്റെ കാമിയോക്ക് പോലും ഭ ഭ ബയെ രക്ഷിക്കാനായില്ല. ഒ.ടി.ടി റിലീസിന് ശേഷം ട്രോളന്മാര്‍ ഭ ഭ ബയെ നിലത്ത് നിര്‍ത്തിയിരുന്നില്ല. എന്നാല്‍ ഭ ഭ ബയെക്കാള്‍ വലിയ ട്രോള്‍ മെറ്റീരിയല്‍ വരികയാണെന്നുള്ള സൂചനയാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായ ബാന്ദ്ര ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്. 26 കോടിയിലേറെ ചെലവഴിച്ച് ഒരുങ്ങിയ ചിത്രം വെറും മൂന്ന് കോടി മാത്രമായിരുന്നു ബാന്ദ്ര തിയേറ്ററില്‍ നിന്ന് നേടിയത്. തിയേറ്ററില്‍ പരാജയമായ ചിത്രത്തെ ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോമും ഏറ്റെടുത്തിരുന്നില്ല.

ഒപ്പമിറങ്ങിയതും പിന്നീടിറങ്ങിയതുമായ പല സിനിമകളും ഒ.ടി.ടിയിലെത്തിയിട്ടും ബാന്ദ്ര മാത്രം ഒ.ടി.ടിയിലെത്തിയിരുന്നില്ല. തിയേറ്ററില്‍ ഹിറ്റാകാത്ത സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഏറ്റെടുക്കാത്തതുകൊണ്ടാണ് ബാന്ദ്ര വൈകുന്നതെന്നായിരുന്നു സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 13 മുതല്‍ സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.

അടുത്തകാലത്ത് സ്‌ക്രിപ്‌റ്റെഴുതിയ ഒറ്റ സിനിമയും നിലം തൊടാത്ത ഉദയകൃഷ്ണയാണ് ബാന്ദ്രയുടെയും തിരക്കഥയൊരുക്കിയത്. അരുണ്‍ ഗോപിയുടെ സംവിധാനവും ദിലീപിന്റെ ‘മാസ്’ പെര്‍ഫോമന്‍സും ഒ.ടി.ടി റിലീസിന് ശേഷം എയറിലാകുമെന്ന് ഉറപ്പാണ്. ലൂസിഫറിനെ കോപ്പിയടിച്ച് ഒരുക്കിയ ടെയ്ല്‍ എന്‍ഡ് സീനിനെ ഒ.ടി.ടിയില്‍ കാത്തിരിക്കുകയാണ് ട്രോളന്മാര്‍.

1980കളില്‍ മുംബൈ അടക്കിഭരിച്ച അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് എന്ന ഡോണായാണ് ദിലീപ് വേഷമിട്ടത്. പീരിയോഡിക് മാസ് കഥാപാത്രമായുള്ള ദിലീപിന്റെ ഗെറ്റപ്പ് തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ട്രോള്‍ മെറ്റീരിയലായിരുന്നു. അടുത്തകാലത്ത് വറുത്തുപൊരിക്കാന്‍ പറ്റിയ സിനിമകളൊന്നും കിട്ടാത്തതിന്റെ നിരാശ മുഴുവന്‍ ബാന്ദ്രയില്‍ ട്രോളന്മാര്‍ തീര്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍.

തെന്നിന്ത്യന്‍ സൂപ്പര്‍താരം തമന്നയാണ് ചിത്രത്തിലെ നായിക. കലാഭവന്‍ ഷാജോണ്‍, ശരത്കുമാര്‍, ഈശ്വരി റാവു, ലെന തുടങ്ങി വലിയ താരനിരയുള്ള ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയാണ്.

Content Highlight: Troll pages eagerly waiting for the OTT release of Bandra movie