2026 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. പേസർ ഷർദുൽ താക്കൂറിന്റെ പകരക്കാരനായാണ് സൂര്യകുമാർ യാദവ് മുംബൈയുടെ ക്യാപ്റ്റൻ കുപ്പായമണിയുക. രഞ്ജി ട്രോഫിയുടെ ഭാഗമായതിനാലാണ് താക്കൂറിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്.
2026 ഐ.പി.എല്ലിന് ശേഷം ആദ്യമായാണ് സ്കൈ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നത്. രഞ്ജി ട്രോഫിയിൽ മുംബൈ ടീമിൽ ഇടം നേടാൻ സൂര്യകുമാർ യാദവിന് സാധിച്ചിരുന്നില്ല. എങ്കിലും ജൂണിൽ നടന്ന മുംബൈ ടി-20 ലീഗിൽ താരം കളിച്ചിരുന്നു.
2026 ടി-20 ലോകകപ്പ് നേടിയിട്ടും ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും സ്കൈയെ ഒഴിവാക്കിയിരുന്നു. ഇപ്പോൾ വീണ്ടും സൂര്യകുമാർ മുംബൈക്കൊപ്പം ക്യാപ്റ്റൻസി റോളിലേക്ക് മടങ്ങിയെത്തിരിക്കുകയാണ്.

ശിവം ദുബെ, സർഫറാസ് ഖാൻ, മുഷീർ ഖാൻ തുടങ്ങിയ വമ്പൻ താരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്. 2024-25 സീസണിൽ മുംബൈയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇത്തവണ ടീമിന്റെ ഭാഗമല്ല. ഇന്റർനാഷണൽ ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിനാലാണ് അയ്യർ ഇത്തവണ ടീമിന്റെ ഭാഗമല്ലാത്തത്.
ഓൾറൗണ്ടർ സൂര്യാൻഷ് ഷെഡ്ജെ ടീമിൽ ഇടം നേടിയില്ല. നവംബർ 19 മുതൽ 29 വരെ ഖത്തറിൽ നടക്കുന്ന 2026 റേസിങ് സ്റ്റാർസ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിൽ ഇടം നേടിയതിനാലാണ് ഷെഡ്ജെക്ക് ഈ ടൂർണമെന്റ് നഷ്ടമാകുന്നത്.
നവംബർ 14 മുതൽ ഡിസംബർ ആറ് വരെയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി നടക്കുന്നത്. എലൈറ്റ് ഗ്രൂപ്പ് എ-യിലാണ് സൂര്യകുമാർ യാദവും സംഘവും ഇടം നേടിയിരിക്കുന്നത്. ടൂർണമെന്റിൽ നവംബർ 14നാണ് മുംബൈ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഹൈദരാബാദാണ് ടീമിന്റെ എതിരാളികൾ.
Content Highlight: Suryakumar Yadav appointed as Mumbai captain for 2026 Syed Mushtaq Ali Trophy
