മലയാള സിനിമാ മേഖലയിലെ അറിയപ്പെടുന്ന കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമാണ് അജയന്‍ ചാലിശ്ശേരി. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി അരങ്ങേറ്റം കുറിച്ച അജയന്‍ ഒട്ടനവധി ചിത്രങ്ങളുടെ പിന്നണിയിലാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. മഹേഷിന്റെ പ്രതികാരം, പറവ, ട്രാന്‍സ്, തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അജയന്‍ ചാലിശ്ശേരി. Photo: X.com

2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സിലെ ഗുണ കേവ്‌സും അതിന്റെ പശ്ചാത്തലവും സെറ്റിട്ട അജയന്‍ ചാലിശ്ശേരിയുടെ വര്‍ക്കിന് വലിയ കൈയടിയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ വിജയത്തില്‍ അദ്ദേഹത്തിന്റെ വര്‍ക്കിന് വലിയ പങ്കുണ്ടായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റേതായി അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം ഐ ആം ഗെയ്മിന്റെ ആര്‍ട് ഡയറക്ടറായി പ്രവര്‍ത്തിച്ചതും അജയന്‍ ചാലിശ്ശേരിയായിരുന്നു.

കിങ് ഓഫ് കൊത്തയെന്ന 2023ല്‍ പുറത്തിറങ്ങിയ പരാജയ ചിത്രത്തിന് ശേഷം ദുല്‍ഖര്‍ നായകനായെത്തിയ മലയാള ചിത്രമായിരുന്നു ഐ ആം ഗെയിം. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിന് വലിയ ഹൈപ്പാണ് ലഭിച്ചതെങ്കിലും തിയേറ്ററില്‍ ചിത്രം പരാജയമായി മാറുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചത്. ഇതോടെ ഐ ആം ഗെയ്മുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇപ്പോഴിതാ ദി ഷോ സ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഐ ആം ഗെയ്മിലെ ഹോസ്പിറ്റല്‍ സെറ്റിട്ടതിനെ കുറിച്ച് അജയന്‍ ചാലിശ്ശേരി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഐ ആം ഗെയിം. Photo: Book My Show

‘ഐ ആം ഗെയ്മിലെ ഹോസ്പിറ്റല്‍ സ്വീക്വന്‍സ് മൊത്തം നമ്മള്‍ സെറ്റിട്ടതാണ്. വരാന്തയായാലും ആ ഫിസിയോ തെറാപ്പി സെന്ററായാലും ഡാന്‍ കിടക്കുന്ന റൂമായാലും മറ്റ് പ്രീമിയം സ്‌പേസുകള്‍ എല്ലാം തന്നെ നമ്മള്‍ സെറ്റിട്ടതാണ്. അതിലെ ഓപ്പറേഷന്‍ തിയേറ്ററും സെറ്റാണ്. ഒരു ഓപ്പറേഷന്‍ ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും അതില്‍ എത്തിയിട്ടുണ്ടാകും. അതില്‍ പലതും തിരിച്ചറിയാന്‍ സാധിക്കില്ല. നമ്മള്‍ പറയുമ്പോള്‍ മാത്രമാണ് ചിത്രം കണ്ടവര്‍ മനസിലാക്കുന്നത്,’ അജയന്‍ പറഞ്ഞു.

 

Content Highlight: Ajayan Chalissery talks about I’m Game movie set