2016ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയർ ആരംഭിച്ച നടനാണ് വിശാഖ് നായർ. സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. പിന്നീട് അദ്ദേഹം സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. ഇപ്പോൾ മലയാള സിനിമയിലും ബോളിവുഡിലും മികച്ച സിനിമകളുടെ ഭാഗമാകുന്ന ഒരു നടൻ കൂടിയാണ് വിശാഖ്.

സിനിമകളിൽ പൊതുവെ റൊമാന്റിക് കഥാപാത്രങ്ങൾ അധികം ചെയ്യാറില്ലാത്ത നടനാണ് വിശാഖ് നായർ. അതുകൊണ്ടുതന്നെ അക്ക പോലെയുള്ള വലിയൊരു സീരീസിന്റെ ഭാഗമായും തെന്നിന്ത്യൻ താരം കീർത്തി സുരേഷിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിലും വലിയ സന്തോഷവും ആവേശവുമുണ്ടായിരുന്നുവെന്ന് പറയുകയാണ് താരം. പരിചയസമ്പന്നയായ നടി എന്നതിലുപരി കീർത്തി നല്ലൊരു വ്യക്തി കൂടിയാണെന്നും വിശാഖ് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അക്ക. Photo. Screen Grab/ Youtube

‘എനിക്ക് പൊതുവെ റൊമാൻസ് ഒന്നും വരാറില്ല. അതുകൊണ്ടുതന്നെ ഇത്രയും വലിയൊരു സീരീസിൽ ഇത്രയും വലിയ സ്റ്റാറായ കീർത്തിയുടെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ തീർച്ചയായും എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. അത്രയും എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള, എക്സ്പീരിയൻസുള്ള ഒരു ആക്ടറാണ് അവർ. അതോടൊപ്പം തന്നെ ഒരു ജെം ഓഫ് എ പേഴ്സണുമാണ്,’ വിശാഖ് നായർ പറഞ്ഞു.

കീർത്തിയുമായി തനിക്ക് ഒരു കുടുംബബന്ധം കൂടിയുണ്ടെന്ന് താരം വെളിപ്പെടുത്തി.

‘ഞങ്ങൾ തമ്മിൽ വളരെ അകലെയുള്ള ഒരു കുടുംബബന്ധമുണ്ട്. എന്റെ അമ്മയുടെ കസിന്റെ വൈഫിന്റെ കസിന്റെ മകളാണ് കീർത്തി. പക്ഷേ ഞങ്ങൾക്ക് നേരിട്ട് പരിചയമൊന്നും ഉണ്ടായിരുന്നില്ല. ഈ സിനിമയുടെ റീഡിങ്ങിനാണ് ആദ്യമായി കാണുന്നത്. ഞാൻ കസിൻ ആണെന്നൊക്കെ പറഞ്ഞപ്പോൾ കീർത്തി ശരിക്കും ഷോക്ക്ഡ് ആയിരുന്നു,’ താരം പറഞ്ഞു.

കീർത്തിയുടെ കുടുംബവുമായി നേരത്തേ തന്നെ ബന്ധമുണ്ടായിരുന്നുവെന്നും വിശാഖ് വ്യക്തമാക്കി.

‘ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഷോർട്ട് ഫിലിം എടുത്ത് സുരേഷേട്ടന് അയച്ചുകൊടുത്തിട്ടുണ്ട്. അന്ന് ഡിവിഡി പ്രിന്റ് ചെയ്തൊക്കെ അയച്ചിരുന്നു. അങ്ങനെ അദ്ദേഹവുമായി ഒരു കണക്ഷനുണ്ടായിരുന്നു. എന്നാൽ കീർത്തിയുമായി അങ്ങനെയൊരു പരിചയം ഉണ്ടായിരുന്നില്ല,’ വിശാഖ് വ്യക്തമാക്കി.

സിനിമയുടെ ചിത്രീകരണത്തിനിടെ കീർത്തിയുമായുള്ള ബന്ധം തനിക്ക് ഏറെ സഹായകമായെന്നും താരം പറഞ്ഞു.

വിശാഖ് നായർ. Screen Grab/ Youtube

‘അവർക്കൊപ്പം വർക്ക് ചെയ്യുമ്പോൾ നല്ലൊരു ഗിവ് ആൻഡ് ടേക്ക് ഉണ്ടായിരുന്നു. ഞാനും കീർത്തിയും മലയാളികളായതുകൊണ്ട് സെറ്റിൽ സീനുകൾക്കിടയിൽ കുറച്ച് കുശുമ്പും കുഞ്ഞായ്മയും പറയാനൊക്കെ ഒരാളായി. ഭയങ്കര രസമായിരുന്നു ഒരുമിച്ച് വർക്ക് ചെയ്യാൻ. അങ്ങനെ പരസ്പരം സഹകരിക്കുന്ന ഒരു ആക്ടറെ കിട്ടുമ്പോൾ എപ്പോഴും ഒരു സുഖമാണ്. അവർ നമുക്ക് പെർഫോം ചെയ്യാനുള്ള സ്പേസ് തരും. ഇത് ഇങ്ങനെ ചെയ്താലോ, അങ്ങനെ ചെയ്താലോ എന്നൊക്കെ പരീക്ഷിക്കാനുള്ള അവസരവും ഉണ്ടാകും. കീർത്തി അങ്ങനെയൊരു ആക്ടറായിരുന്നു,’ വിശാഖ് നായർ പറഞ്ഞു.

Content Highlight:  Actor Vishakh Nair revealed that he felt immense joy and excitement at having the opportunity to act alongside South Indian star Keerthy Suresh.