മിസ്റ്റർ ബീനുമായുള്ള താരതമ്യങ്ങൾ സൈജു കുറുപ്പിന് പുതിയ കാര്യമല്ല. നടന്റെ ചില മാനറിസങ്ങളും മുഖഭാവങ്ങളും മിസ്റ്റർ ബീനിനെ ഓർമിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ചിത്രങ്ങളും വീഡിയോകളും നേരത്തെയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അടുത്തിടെ അദ്ദേഹത്തിന്റെ പല സിനിമയിലെയും മാനറിസങ്ങളും രംഗങ്ങളും മിസ്റ്റർ ബീനിനെ ഓർമിപ്പിച്ചെന്നാണ് പലരുടെയും അഭിപ്രായം.
മിസ്റ്റർ ബീനിന്റെ ജീവിതം സിനിമയാക്കുകയാണെങ്കിൽ സൈജു കുറുപ്പായിരിക്കും അനുയോജ്യമായ തെരഞ്ഞെടുപ്പെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇത്തരം താരതമ്യങ്ങളോടും മിസ്റ്റർ ബീനിനെ അനുകരിക്കുന്ന തരത്തിലുള്ള കഥാപാത്രം ചെയ്യാനുള്ള അവസരത്തോടുമുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. തന്റെ പുതിയ ചിത്രമായ പ്രേംപാറ്റയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

സൈജു കുറുപ്പ്. Photo. Screen Grab/ Youtube
‘മിസ്റ്റർ ബീനുമായി എന്നെ താരതമ്യം ചെയ്തിട്ടുള്ള ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ കണ്ടില്ലെങ്കിലും ആളുകൾ വാട്സാപ്പിൽ അയച്ചുതരും. യഥാർഥത്തിൽ, അത്തരത്തിലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമ ചെയ്യാൻ ഒരു പുതുമുഖ സംവിധായകൻ എന്നെ സമീപിച്ചിരുന്നു. പക്ഷേ എനിക്ക് അതിൽ താൽപര്യമുണ്ടായിരുന്നില്ല. കാരണം, അദ്ദേഹം ഒരു ലെജൻഡറി നടനാണ്. അദ്ദേഹത്തിന്റെ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അതുപോലൊരു പരിപാടി ചെയ്യുന്നതിൽ എനിക്ക് വലിയ താൽപര്യം തോന്നിയില്ല. അങ്ങനെ ചെയ്തിട്ട് എന്താണ് കാര്യമെന്നും തോന്നി,’ സൈജു കുറുപ്പ് പറഞ്ഞു.
മിസ്റ്റർ ബീനിന്റെ എല്ലാ എപ്പിസോഡുകളും സിനിമകളും താൻ കണ്ടിട്ടില്ലെന്നും നടൻ പറഞ്ഞു. ‘അദ്ദേഹത്തെപ്പോലെയാണ് ഞാൻ ഞെട്ടുന്നതെന്ന് പറയുമ്പോൾ, അദ്ദേഹത്തിന്റെ ഞെട്ടലിന്റെ വീഡിയോകൾ പോലും ഞാൻ കണ്ടിട്ടില്ല. സിനിമയിൽ ചിലപ്പോൾ അത്തരം ഭാവങ്ങൾ വന്നേക്കാം. പക്ഷേ ജീവിതത്തിൽ ഞാനങ്ങനെ ഞെട്ടാറില്ല. ‘ആട്’ സിനിമയിലെ അറക്കൽ അബുവും ‘ആൻഡ്രോയിഡ് കുഞ്ഞപ്പനി’ലെ പ്രസന്നനും ഹൈ ആയി നിൽക്കുന്ന കഥാപാത്രങ്ങളാണ്. അത്തരം കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ് ചില ചിരികളും ഞെട്ടലുകളുമൊക്കെ അദ്ദേഹത്തെ പോലെ വരുന്നത്,’ താരം വ്യക്തമാക്കി.
മറ്റ് അഭിനേതാക്കളുടെ മാനറിസങ്ങൾ അറിയാതെയെങ്കിലും തങ്ങളുടെ അഭിനയത്തിൽ കടന്നുവരാൻ സാധ്യതയുണ്ടെന്നും സൈജു കൂട്ടിച്ചേർത്തു.
‘നമുക്ക് അനുകരിക്കാൻ തോന്നുന്ന തരത്തിലുള്ള ഒരുപാട് അഭിനേതാക്കൾ മലയാളത്തിലും ഹിന്ദിയിലുമുണ്ട്. ലാലേട്ടനെയും മമ്മൂക്കയെയും പോലുള്ളവരുടെ അഭിനയം കാണുമ്പോൾ സ്വാഭാവികമായും ചില കാര്യങ്ങൾ അനുകരിക്കാൻ തോന്നും. എന്നാൽ അങ്ങനെ ചെയ്യാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ഹിന്ദിയിൽ ഷാരൂഖ് ഖാൻ, ആമിർ ഖാൻ, മിഥുൻ ചക്രവർത്തി എന്നിവരുടെയൊക്കെ മാനറിസങ്ങൾ എനിക്ക് ഇഷ്ടമാണ്.

സൈജു കുറുപ്പ്. Photo. Screen Grab/ Youtube
ഇവരുടെ സിനിമകൾ ഒരുപാട് കണ്ടിട്ടുള്ളതുകൊണ്ട് ചില സാഹചര്യങ്ങളിൽ അവരുടെ മാനറിസങ്ങൾ അറിയാതെ നമ്മളിൽ വന്നുപോകാം. അത്തരം കാര്യങ്ങൾ മാറ്റി സ്വന്തമായൊരു രീതിയിൽ ചെയ്യാനാണ് ഞാൻ ശ്രമിക്കാറുള്ളത്. അപ്പോൾ ഞാൻ ഇതുതന്നെ ചെയ്യുന്നില്ല അതുകൊണ്ട് മിസ്റ്റർ ബീൻ ഒന്നും ഞാൻ ഒരിക്കലും ചെയ്യില്ല,’ സൈജു കുറുപ്പ് പറഞ്ഞു.
Content Highlight: Actor Saiju Kurup has openly stated that he has no interest in making films by imitating Mr. Bean
