തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ പലതും തകര്‍ത്ത് മുന്നേറുകയാണ് തമിഴ് ചിത്രം സീന്‍. സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 160 കോടിക്ക് മുകളില്‍ സ്വന്തമാക്കിക്കഴിഞ്ഞു. ദീപാവലി റിലീസായെത്തിയ സീന്‍ തമിഴ്‌നാടിന് പുറമെ ആന്ധ്ര, കേരള, കര്‍ണാടക എന്നിവിടങ്ങളിലും മികച്ച മുന്നേറ്റമാണ് നടത്തുന്നത്.

സിനിമാലോകത്തെ പലരും സീനിനെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു, കല്‍ക്കിയുടെ സംവിധായകന്‍ നാഗ് അശ്വിന്‍ എന്നിവര്‍ സീനിനെയും പ്രധാന താരങ്ങളെയും അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ അറ്റ്‌ലീയും സീനിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുകായണ്.

ഒരുപാട് കാലത്തിന് ശേഷം ഫ്രഷും എന്‍ഗേജിങ്ങുമായിട്ടുള്ള ഒരു കൊമേഷ്‌സ്യല്‍ എന്റര്‍ടൈനര്‍ കാണാന്‍ സാധിച്ചെന്ന് പറഞ്ഞാണ് അറ്റ്‌ലീ തന്റെ പോസ്റ്റ് ആരംഭിച്ചത്. ജിത്തു മാധവന്റെ കഥപറച്ചിലിന്റെ വലിയ ആരാധകനാണ് താനെന്നും സീന്‍ അതില്‍ കുറച്ചധികം സ്‌പെഷ്യലാണെന്നും അറ്റ്‌ലീ കൂട്ടിച്ചേര്‍ത്തു. കൂട്ടുകാര്‍ക്കും കുടുംബത്തിനുമൊപ്പം എന്‍ജോയ് ചെയ്ത് കാണാനാകുന്ന പൈസ വസൂല്‍ എന്റര്‍ടൈനറാണ് സീനെന്നും അദ്ദേഹം പറയുന്നു. ചിത്രത്തില്‍ വില്ലനായി വേഷമിട്ട നസ്‌ലെനെക്കുറിച്ചും അറ്റ്‌ലീ എടുത്തുപറഞ്ഞു.

‘എന്തൊരു പെര്‍ഫോമറാണവന്‍, വല്ലാത്ത കരിസ്മയും സ്‌ക്രീന്‍ പ്രസന്‍സുമുണ്ട്. ഭാവിയിലെ സൂപ്പര്‍സ്റ്റാറാണ് ഇവന്‍. നിങ്ങള്‍ ഉറപ്പായും ഇന്‍ഡസ്ട്രി ഭരിക്കും ബ്രദര്‍’ എന്നാണ് നസ്‌ലെന്റെ പ്രകടനത്തെ അറ്റ്‌ലീ വിശേഷിപ്പിച്ചത്. നായകനായ സൂര്യയുടെ പ്രകടനത്തെ ഒറ്റവാക്കില്‍ പ്രശംസിച്ചപ്പോള്‍ വില്ലന് ഇത്രയും വലിയ ബില്‍ഡപ്പാണ് അറ്റ്‌ലീ നല്‍കിയത്.

നായികയായ നസ്രിയെയും അദ്ദേഹം പ്രശംസിച്ചു. തന്റെ സുഹൃത്തെന്ന് പറഞ്ഞുകൊണ്ടാണ് നസ്രിയയെക്കുറിച്ചുള്ള പ്രശംസ ആരംഭിച്ചത്. തമിഴ് സിനിമയിലേക്കുള്ള ലവ്‌ലി കംബാക്കാണ് ഇതെന്നും അധികം എഫര്‍ട്ടില്ലാത്ത ഹ്യൂമര്‍ കൊണ്ട് ഔട്ട്സ്റ്റാന്‍ഡിങ്ങും ചാര്‍മിങ്ങുമായിട്ടുള്ള പ്രകടനം കാഴ്ചവെച്ചെന്നും അറ്റ്‌ലീ പറയുന്നു. ഇത്തരം വേഷങ്ങള്‍ ഇനിയും കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൂര്യയുടെ അച്ഛനായി വേഷമിട്ട ആനന്ദ് രാജ് രസിപ്പിച്ചെന്നും സുഷിന്‍ തന്റെ മാന്ത്രിക സംഗീതം കൊണ്ട് വിസ്മയിപ്പിച്ചെന്നും അറ്റ്‌ലീ കുറിച്ചു. ചിത്രത്തിന്റെ മുഴുവന്‍ ക്രൂവും മികച്ച വര്‍ക്കാണ് പുറത്തെടുത്തതെന്നും ഈ ചിത്രം നിര്‍മിച്ച ഴഗരം സ്റ്റുഡിയോസിനും 2ഡി എന്റര്‍ടൈന്മെന്റ്‌സിനോട് നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു. സൂര്യക്കും ജ്യോതികക്കും പ്രത്യേകം നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.

Content Highlight: Atlee praises Naslen’s performance in Scene movie