2026 ഫെബ്രുവരി 28ന് ഇറാനിലെ ഷജറേ തയ്യിബെ എലിമെന്ററി സ്‌കൂളിന് നേരെ പതിച്ച മിസൈലുകള്‍ കവര്‍ന്നത് നൂറുകണക്കിന് കുരുന്നുകളുടെ ജീവിതം… യെമനില്‍ അമേരിക്കന്‍ ആക്രമണങ്ങളില്‍ പൊലിഞ്ഞത് നൂറുകണക്കിന് സാധാരണക്കാരുടെ ജീവനുകള്‍. വെനസ്വേലയുടെ പരമാധികാരത്തെ മറികടന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും സൈനിക നീക്കത്തിലൂടെ പിടിച്ചുകൊണ്ടുപോയത്.. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയേയും കുടുംബത്തേയും മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുത്തിയത്..ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്ക നടത്തിയ സൈനിക ഇടപെടലുകള്‍ക്ക് പിന്നില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം പ്രവര്‍ത്തിച്ച പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇന്ന് ഗുരുതരമായ ചോദ്യങ്ങള്‍ നേരിടുകയാണ്.

യുദ്ധത്തിന്റെ പേരില്‍ മനുഷ്യജീവനുകള്‍ക്ക് വില കല്‍പ്പിച്ചില്ലെന്നും നിയമങ്ങളെ മറികടന്ന് സൈനിക നടപടികള്‍ക്ക് നേതൃത്വം നല്‍കിയെന്നും ചൂണ്ടിക്കാട്ടി പീറ്റ് ഹെഗ്സെത്തിനെതിരെ എട്ട് ഇംപീച്ച്മെന്റ് കുറ്റങ്ങള്‍ യു.എസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്.
ഓരോ ആക്രമണത്തിന്റെയും പിന്നിലെ തീരുമാനങ്ങള്‍ക്കും നഷ്ടപ്പെട്ട ജീവനുകള്‍ക്കും ആരാണ് ഉത്തരവാദി? ഹെഗ്സെത്തിന്റെ പങ്ക് എന്തായിരുന്നു? ഈ ചോദ്യങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ മാത്രമല്ല, അമേരിക്കയുടെ സൈനിക ഇടപെടലുകളിലെ നിയമപരമായ ഉത്തരവാദിത്തത്തെയും പ്രതിക്കൂട്ടിലാക്കുകയാണ്. ഈ ചോദ്യങ്ങള്‍ക്ക് ഹെഗ്സെത്ത് മറുപടി പറയേണ്ടിവരുമോ?

ഫോക്‌സ് ന്യൂസിലെ വാരാന്ത്യ പരിപാടികളുടെ മുന്‍ അവതാരകനായ ഹെഗ്‌സെത്ത്, ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് അദ്ദേഹം നേരിട്ട് തെരഞ്ഞെടുത്ത ഉന്നത ഉദ്യോഗസ്ഥരിലൊരാളാണ്. ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ അനുഭവപരിചയം ഇല്ലെന്ന വിമര്‍ശനങ്ങള്‍ക്കിടയിലും അദ്ദേഹം പ്രതിരോധ വകുപ്പിന്റെ ചുമതലയേറ്റെടുത്തു. ഔദ്യോഗിക കാലയളവില്‍ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിട്ടും ഹെഗ്‌സെത്തിനുള്ള പിന്തുണ ട്രംപ് തുടരുകയാണ്. അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യങ്ങള്‍ മുന്‍പും പലതവണ ട്രംപ് തള്ളിക്കളഞ്ഞിട്ടുണ്ട്.

എന്തൊക്കെയാണ്‌ യു.എസ് ജനപ്രതിനിധിസഭയില്‍ ഹെഗ്‌സെത്തിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ ജനപ്രതിനിധിയുമായ തോമസ് മാസി അവതരിപ്പിച്ച പ്രമേയത്തിലെ എട്ട് കുറ്റങ്ങള്‍?  പരിശോധിക്കാം…

ഒന്നാം വകുപ്പ്: 1973ലെ യുദ്ധാധികാര നിയമത്തിലെ സെക്ഷന്‍ 2(c) ലംഘിച്ച് യുദ്ധനടപടികള്‍ക്ക് നേതൃത്വം നല്‍കി.

2026 ഫെബ്രുവരി 28ന് ഇറാനെതിരെ സൈനികാക്രമണം ആരംഭിച്ചതിലൂടെ ഹെഗ്‌സെത്ത് നിയമവിരുദ്ധമായ സൈനിക ഉത്തരവുകള്‍ നടപ്പാക്കിയെന്നാണ് ഒന്നാം വകുപ്പിലെ ആരോപണം.

അമേരിക്കന്‍ കോണ്‍ഗ്രസ് യുദ്ധം പ്രഖ്യാപിക്കുകയോ സൈനിക നടപടികള്‍ക്ക് നിയമപരമായ അനുമതി നല്‍കുകയോ ചെയ്തിരുന്നില്ലെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഇറാന്‍ അമേരിക്കയെ ആക്രമിച്ചിട്ടില്ലെന്നും ആ രീതിയില്‍ അടിയന്തര സൈനിക നടപടി സ്വീകരിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അതിനാല്‍ ആക്രമണത്തെ ന്യായീകരിക്കാനാവില്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

1973 ലെ യുദ്ധാധികാര നിയമത്തിലെ സെക്ഷന്‍ 2(c) പ്രകാരം, കോണ്‍ഗ്രസിന്റെ യുദ്ധപ്രഖ്യാപനമോ നിയമപരമായ അനുമതിയോ ഇല്ലാതെ അമേരിക്കന്‍ സൈന്യത്തെ യുദ്ധനടപടികളിലേക്ക് നയിക്കാനാവില്ലെന്നതാണ് പ്രമേയം ചൂണ്ടിക്കാട്ടുന്നത്. ഈ വ്യവസ്ഥയുടെ ലംഘനമാണ് ഹെഗ്‌സെത്ത് നടത്തിയതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

രണ്ടാം വകുപ്പ്: യുദ്ധാധികാര നിയമത്തിലെ സെക്ഷന്‍ 5(c) ലംഘിച്ച് സൈന്യത്തെ പിന്‍വലിക്കാനുള്ള കോണ്‍ഗ്രസ് നിര്‍ദേശം അവഗണിച്ചു

ഇറാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന കോണ്‍ഗ്രസിന്റെ നിര്‍ദേശം ഹെഗ്‌സെത്ത് പാലിച്ചില്ലെന്നാണ് രണ്ടാം വകുപ്പിലെ ആരോപണം.

അനധികൃതമായി തുടരുന്ന സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2026 ജൂണില്‍ ജനപ്രതിനിധിസഭയും സെനറ്റും ഹൗസ് കോണ്‍കറന്റ് റെസല്യൂഷന്‍ 86 (House Concurrent Resolution 86) പാസാക്കിയിരുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ ഇത്തരമൊരു നിയമനിര്‍മാണ പ്രമേയം ഇരുസഭകളും പാസാക്കുന്നത് ആദ്യമായാണ്.

എന്നാല്‍, കോണ്‍ഗ്രസിന്റെ ഈ നിര്‍ദേശം അവഗണിച്ച് സൈനിക നീക്കങ്ങള്‍ തുടരാന്‍ പ്രതിരോധ വകുപ്പിന് ഹെഗ്‌സെത്ത് നിര്‍ദേശം നല്‍കി.

മൂന്നാം വകുപ്പ്: യുദ്ധാധികാര നിയമത്തിലെ സെക്ഷന്‍ 5(b) ലംഘിച്ച് സമയപരിധി കഴിഞ്ഞിട്ടും സൈനിക നടപടി തുടര്‍ന്നു

യുദ്ധാധികാര നിയമത്തിലെ സെക്ഷന്‍ 5(b) പ്രകാരം, കോണ്‍ഗ്രസിനെ സൈനിക നടപടികളെക്കുറിച്ച് അറിയിച്ച തീയതി മുതല്‍ 60 ദിവസത്തിനുള്ളില്‍ നിയമപരമായി അനുമതി ലഭിക്കാത്ത സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കണം. കോണ്‍ഗ്രസ് പ്രത്യേകമായി കാലാവധി നീട്ടിനല്‍കിയില്ലെങ്കില്‍ ഈ സമയപരിധി ബാധകമാണ്.

എന്നാല്‍, 2026 മേയ് 1, ജൂണ്‍ 1 എന്നീ നിയമപരമായ സമയപരിധികള്‍ പിന്നിട്ടിട്ടും ഇറാനിലെ സൈനിക നടപടികള്‍ ഹെഗ്‌സെത്ത് തുടര്‍ന്നെന്നാണ് മൂന്നാം വകുപ്പില്‍ ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസിന്റെ അനുമതിയോ കാലാവധി നീട്ടിനല്‍കലോ ഇല്ലാതെയാണ് സൈനിക നീക്കങ്ങള്‍ തുടര്‍ന്നതെന്നും പ്രമേയം പറയുന്നു.

നാലാം വകുപ്പ്: സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ അവഗണിച്ചു

സൈനിക നടപടികള്‍ക്കിടെ സാധാരണക്കാരുടെയും സൈനികേതര കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ പ്രതിരോധ വകുപ്പില്‍ നിയമപ്രകാരം ഏര്‍പ്പെടുത്തിയിരുന്ന സംവിധാനങ്ങള്‍ ഹെഗ്‌സെത്ത് ദുര്‍ബലപ്പെടുത്തിയെന്നാണ് നാലാം വകുപ്പിലെ പ്രധാന ആരോപണം.

യുദ്ധനടപടികളില്‍ സാധാരണക്കാര്‍ക്ക് സംഭവിക്കാവുന്ന നാശനഷ്ടങ്ങള്‍ പരമാവധി കുറയ്ക്കാന്‍ കോണ്‍ഗ്രസ് നിയമപരമായി നിര്‍ദേശിച്ച സംവിധാനങ്ങള്‍ വ്യവസ്ഥാപിതമായി തകര്‍ക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്ന നടപടികളാണ് ഹെഗ്‌സെത്ത് സ്വീകരിച്ചതെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്‌കാരം അദ്ദേഹം വകുപ്പിനുള്ളില്‍ വളര്‍ത്തിയെടുത്തതായും പ്രമേയത്തില്‍ പറയുന്നു.

2026 ഫെബ്രുവരി 28ന് ഇറാനിലെ ഷജറേ തയ്യിബെ (Shajareh Tayyebeh) എലിമെന്ററി സ്‌കൂളിന് നേരെ നടന്ന ക്രൂസ് മിസൈല്‍ ആക്രമണവും പ്രമേയം പ്രത്യേകമായി ചൂണ്ടിക്കാട്ടി. ആക്രമണത്തില്‍ കുട്ടികളടക്കം 200ലധികം സാധാരണക്കാര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തുവെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

അഞ്ചാം വകുപ്പ്: നിയമവിരുദ്ധ കൊലപാതകങ്ങള്‍

കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും മയക്കുമരുന്ന് കടത്തുന്നതായി സംശയിക്കുന്ന കപ്പലുകള്‍ക്കെതിരെ അമേരിക്ക നടത്തിയ സൈനിക ആക്രമണങ്ങളാണ് അഞ്ചാം വകുപ്പിന്റെ പ്രധാന വിഷയം.

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തികളില്‍ നടന്ന 63 ആക്രമണങ്ങളിലായി കുറഞ്ഞത് 221 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രമേയം പറയുന്നത്.

സാധാരണ സമുദ്രനിയമ നിര്‍വഹണ നടപടികള്‍ക്ക് പകരം ഹെഗ്‌സെത്തിന്റെ അനുമതിയോടെ മാരകമായ സൈനികശക്തി ഉപയോഗിച്ചുവെന്നാണ് പ്രമേയം പറയുന്നത്. കപ്പലുകള്‍ തടഞ്ഞുനിര്‍ത്തുക, പരിശോധിക്കുക, പിടിച്ചെടുക്കുക, പ്രതികളെ അറസ്റ്റ് ചെയ്യുക, നിയമനടപടികള്‍ക്ക് വിധേയരാക്കുക തുടങ്ങിയ പതിവ് നിയമനടപടികള്‍ക്കു പകരം സൈനികാക്രമണമാണ് നടത്തിയതെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

14-ാം ശീര്‍ഷകത്തിലെ സെക്ഷന്‍ 102, 522 എന്നിവയില്‍ പ്രതിപാദിക്കുന്ന സമുദ്രനിയമ നിര്‍വഹണ ചട്ടക്കൂട് മറികടന്ന് മാരകമായ സൈനികശക്തി പ്രയോഗിച്ചതായും ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങളുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചതായും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ആക്രമണങ്ങളില്‍ തകര്‍ന്ന കപ്പലുകളില്‍നിന്ന് കടലില്‍ വീണവരെ രക്ഷിക്കാന്‍ ശ്രമിക്കാതിരിക്കുകയും, കീഴടങ്ങിയവരെ ജീവനോടെ വിടാതിരിക്കുകയും ചെയ്യുന്ന നടപടികള്‍ക്ക് ഹെഗ്‌സെത്ത് ഉത്തരവിടുകയോ അനുമതി നല്‍കുകയോ ചെയ്തതായും പ്രമേയം പറയുന്നു.

‘തടഞ്ഞുനിര്‍ത്തല്‍, പരിശോധന, പിടിച്ചെടുക്കല്‍, അറസ്റ്റ്, വിചാരണ’ തുടങ്ങിയ സ്ഥാപിതമായ സമുദ്രനിയമ നിര്‍വഹണ നടപടികള്‍ക്കു പകരം മാരകമായ സൈനികാക്രമണരീതി സ്വീകരിച്ചതിലൂടെ അമേരിക്കന്‍ നിയമപാലകരുടെ ജീവന്‍പോലും അപകടത്തിലാക്കിയെന്നാണ് പ്രമേയത്തിലെ മറ്റൊരു ആരോപണം.

ആറാം വകുപ്പ്: അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്തി

അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ പ്രതിരോധ വകുപ്പിനെ ഹെഗ്‌സെത്ത് ദുരുപയോഗം ചെയ്‌തെന്നാണ് ആറാം വകുപ്പിലെ ആരോപണം.

നിയമവിരുദ്ധമായ ഉത്തരവുകള്‍ അനുസരിക്കാന്‍ സൈനികര്‍ക്ക് ബാധ്യതയില്ലെന്ന് പരസ്യമായി ഓര്‍മിപ്പിച്ച സെനറ്റര്‍ മാര്‍ക്ക് കെല്ലിക്കെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കാന്‍ ഹെഗ്‌സെത്ത് പ്രതിരോധ വകുപ്പിനെ ഉപയോഗിച്ചുവെന്നാണ് പ്രമേയം പറയുന്നത്.

അമേരിക്കന്‍ നാവികസേനയിലെ മുന്‍ ക്യാപ്റ്റനും നാസയുടെ ബഹിരാകാശയാത്രികനുമായ മാര്‍ക്ക് കെല്ലി ഒന്നാം ഗള്‍ഫ് യുദ്ധകാലത്ത് 39 പോരാട്ട ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

കെല്ലിക്കെതിരെ പ്രതികാരനടപടി സ്വീകരിക്കുകയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് ഹെഗ്‌സെത്തിനെതിരായ ആരോപണം. കെല്ലിക്ക് ഔദ്യോഗികമായി കുറ്റപ്പെടുത്തല്‍ രേഖ (Secretarial Letter of Censure) നല്‍കിയതും, സൈനിക കോടതി വിചാരണയ്ക്കായി തിരിച്ചുവിളിക്കുമെന്നും ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തിയതും ഇതില്‍ ഉള്‍പ്പെടുന്നു.

വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകടനങ്ങളുടെ കാര്യത്തില്‍ ജുഡീഷ്യല്‍, നിയമനിര്‍മാണ വിഭാഗങ്ങളുടെ മേല്‍നോട്ടത്തേക്കാള്‍ സൈനിക അധികാരത്തിനാണ് പ്രാധാന്യമെന്ന നിലപാട് കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലൂടെ ഹെഗ്‌സെത്ത് സ്വീകരിച്ചതായും പ്രമേയം ആരോപിക്കുന്നു.

ഏഴാം വകുപ്പ്: പരമാധികാരമുള്ള വിദേശരാജ്യത്തിന്റെ നേതാവിനെ തട്ടിക്കൊണ്ടുപോയി

2026 ജനുവരി 3ന് വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ അമേരിക്ക നടത്തിയ സൈനിക നീക്കമാണ് ഏഴാം വകുപ്പിലെ പ്രധാന വിഷയം.

200ലധികം പ്രത്യേക സൈനിക വിഭാഗം അംഗങ്ങളും 150 വിമാനങ്ങളും പങ്കെടുത്ത സൈനിക നടപടിയിലൂടെ വെനസ്വേലയുടെ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ബലമായി പിടികൂടിയെന്നാണ് ആരോപണം.

ഭരണഘടനാപരമായോ നിയമപരമായോ അനുമതിയില്ലാതെ ഒരു വിദേശരാജ്യത്തിനെതിരെ യുദ്ധനടപടി ആരംഭിച്ചതിലൂടെ ഹെഗ്‌സെത്ത് ഭരണഘടനാവിരുദ്ധമായ പ്രവൃത്തിക്ക് നേതൃത്വം നല്‍കിയെന്നാണ് പ്രമേയം ആരോപിക്കുന്നത്.

മയക്കുമരുന്ന് വിരുദ്ധ നിയമനടപടിയുടെ ഭാഗമായാണ് ഈ നീക്കം നടത്തിയതെന്ന് ഔദ്യോഗികമായി വിശദീകരിച്ചെങ്കിലും, യഥാര്‍ഥ ലക്ഷ്യം വെനസ്വേലയിലെ എണ്ണശേഖരങ്ങളുടെ നിയന്ത്രണം കൈക്കലാക്കുകയായിരുന്നുവെന്നാണ് പ്രമേയത്തിലെ വിമര്‍ശനം.

‘രാജ്യത്തിന്റെ എണ്ണസമ്പത്ത് നിയമവിരുദ്ധമായി കൈക്കലാക്കാനുള്ള നീക്കം സുഗമമാക്കുന്നതിനായി കരസേന, നാവികസേന, വ്യോമസേന, മറീനുകള്‍ എന്നിവയിലെ സൈനികരുടെ ജീവന്‍ അദ്ദേഹം അപകടത്തിലാക്കി’ എന്നും പ്രമേയം പറയുന്നു.

എട്ടാം വകുപ്പ്: യെമനിലെ നിയമവിരുദ്ധ യുദ്ധനടപടി

യെമനില്‍ അമേരിക്ക നടത്തിയ ‘ഓപ്പറേഷന്‍ റഫ് റൈഡര്‍’ (Operation Rough Rider) എന്ന സൈനിക നീക്കമാണ് അവസാനത്തെ ഇംപീച്ച്‌മെന്റ് വകുപ്പില്‍ പരാമര്‍ശിക്കുന്നത്.

52 ദിവസം നീണ്ടുനിന്ന സൈനിക നീക്കത്തിനിടെ ലക്ഷ്യസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് 1,100 ആക്രമണങ്ങള്‍ നടത്തിയെന്നും ഇതില്‍ 224ഓളം സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നുമാണ് പ്രമേയത്തില്‍ പറയുന്നത്.

എട്ടാഴ്ചയില്‍ താഴെ മാത്രം നീണ്ടുനിന്ന ഈ സൈനിക നീക്കത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം, അതിനു മുമ്പുള്ള 23 വര്‍ഷത്തിനിടെ യെമനില്‍ അമേരിക്ക നടത്തിയ സൈനിക നടപടികളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തോട് ഏതാണ്ട് അടുത്തെത്തിയെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയാണ് ഹെഗ്‌സെത്ത് ഓപ്പറേഷന്‍ റഫ് റൈഡറിന് തുടക്കമിടുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്തത്. സൈനിക നടപടി ആരംഭിക്കുന്നതിന് ന്യായീകരിക്കാവുന്ന തരത്തിലുള്ള ആസന്നമായ ഭീഷണി ഉണ്ടായിരുന്നില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചില ചോര്‍ന്ന സംഭാഷണങ്ങളില്‍ ഹെഗ്‌സെത്ത് തന്നെ സമ്മതിച്ചിരുന്നതായും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ഇംപീച്ച്‌മെന്റ് നീക്കം പ്രസഹനമെന്ന് ഹെഗ്‌സെത്ത്

ഇംപീച്ച്‌മെന്റ് നീക്കത്തെ ‘പ്രഹസനം’ എന്നാണ് ഹെഗ്‌സെത്ത് വിശേഷിപ്പിച്ചത്. താന്‍ ഔദ്യോഗികമായി നടത്തിയ ഒരോ നീക്കങ്ങളേയും അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.

‘നോക്കൂ, അവര്‍ എന്നെയും ഞങ്ങളെയും ആക്രമിക്കുന്നത് ഞങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. ഈ നീക്കം വിജയിക്കില്ല. ഞങ്ങള്‍ പിന്നോട്ടുപോകില്ല,’ ഹെഗ്‌സെത്ത് പറഞ്ഞു. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ അജണ്ട നടപ്പാക്കുന്നതില്‍ തന്റെ വകുപ്പ് കൈവരിച്ച നേട്ടങ്ങളും വീഡിയോയില്‍ അദ്ദേഹം വിശദീകരിച്ചു. പ്രമേയം അവതരിപ്പിച്ച മാസിയെ ‘അതൃപ്തനും പരാജയപ്പെട്ടതുമായ ജനപ്രതിനിധി’ എന്നാണ് ഹെഗ്‌സെത്ത് വിശേഷിപ്പിച്ചത്.

ശരിയെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇത് ചെയ്യുന്നത്

കെന്റക്കിയില്‍ നിന്നുള്ള ജനപ്രതിനിധിയായ മാസി ആദ്യമായി ഹെഗ്‌സെത്തിനെതിരായ ഇംപീച്ച്‌മെന്റ് കുറ്റങ്ങള്‍ സെപ്റ്റംബറില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധിസഭയിലും സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നിയന്ത്രണം നഷ്ടമായതിനു പിന്നാലെയാണ് അദ്ദേഹം പ്രമേയം വീണ്ടും അവതരിപ്പിച്ചത്.

‘ശരിയായ കാര്യമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്,’ എന്നായിരുന്നു പ്രമേയം അവതരിപ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് മാസി പറഞ്ഞത്. ലൈംഗിക കുറ്റവാളിയായിരുന്ന അന്തരിച്ച ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടണമെന്ന് ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടതിലൂടെയും മാസി നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

‘അടുത്ത വര്‍ഷം ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും നിയന്ത്രണം ഡെമോക്രാറ്റുകള്‍ ഏറ്റെടുക്കുമ്പോള്‍ വരാനിരിക്കുന്ന നീക്കത്തിന്റെ വളരെ മൃദുവായ രൂപം മാത്രമാണ് പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള എന്റെ ശ്രമം. അവര്‍ ഹിയറിങ്ങുകളും വിചാരണകളും നടത്തും,’ മാസി പറഞ്ഞു.

ഹെഗ്‌സെത്തിനെ പിന്തുണച്ച് ട്രംപ്

ഇംപീച്ച്‌മെന്റ് ശ്രമങ്ങള്‍ക്കിടെയും ഹെഗ്‌സെത്തിനുള്ള പിന്തുണ തുടരുമെന്ന നിലപാടിലാണ് പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ്. ഈ വര്‍ഷം ആദ്യം വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ അമേരിക്കന്‍ സൈനിക നീക്കത്തില്‍ ഹെഗ്‌സെത്ത് വഹിച്ച നേതൃത്വത്തെ ട്രംപ് പ്രശംസിച്ചിരുന്നു. ഇറാന്‍ യുദ്ധത്തിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും ട്രംപ് ന്യായീകരിച്ചു.

‘നമ്മള്‍ ലോകത്തെ കൂടുതല്‍ സുരക്ഷിതമായ ഇടമാക്കി മാറ്റിയിട്ടുണ്ട്. യുദ്ധങ്ങള്‍ നടത്തി പരാജയപ്പെട്ട മറ്റുള്ളവര്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത്?’

ഹെഗ്‌സെത്തിന്റെ നേതൃത്വത്തില്‍ സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റില്‍ വലിയ വര്‍ധനവുണ്ടായി. ‘യഥാര്‍ഥത്തില്‍ ജോലി ചെയ്യുന്ന സൈനികര്‍, മികച്ച ആളുകള്‍, രാജ്യസ്‌നേഹികള്‍, അവര്‍ പീറ്റ് ഹെഗ്‌സെത്തിനെ ഇഷ്ടപ്പെടുന്നു. അദ്ദേഹം വളരെ മികച്ച ജോലിയാണ് ചെയ്തിട്ടുള്ളത്,’ എന്നായിരുന്നു ട്രംപ് പറഞ്ഞത്.

മന്ത്രിസഭാംഗത്തെ ഇംപീച്ച് ചെയ്യുന്നത് അപൂര്‍വം

അമേരിക്കയില്‍ ഒരു മന്ത്രിസഭാംഗത്തെ ഇംപീച്ച് ചെയ്യുന്നത് അപൂര്‍വമായ നടപടിയാണ്. ഒരു മന്ത്രിസഭാംഗത്തെ സ്ഥാനത്തുനിന്ന് നീക്കണമെങ്കില്‍ ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും അംഗീകാരം ആവശ്യമാണ്.

ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് ജനപ്രതിനിധിസഭയില്‍ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് വിചാരണകള്‍ക്കുശേഷവും സെനറ്റ് അദ്ദേഹത്തെ കുറ്റക്കാരനായി പ്രഖ്യാപിച്ചില്ല. അതിനാല്‍ സ്ഥാനത്തുനിന്ന് നീക്കപ്പെട്ടതുമില്ല.

പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് നടപടിക്രമം തന്നെയാണ് ഇവിടെയും പിന്തുടരുക. ആദ്യം ഹെഗ്‌സെത്തിന് എതിരായ കുറ്റങ്ങളില്‍ ജനപ്രതിനിധിസഭ വോട്ടെടുപ്പ് നടത്തും. തുടര്‍ന്ന് സെനറ്റ് വിചാരണ നടത്തി അദ്ദേഹത്തെ കുറ്റവിമുക്തനാക്കണോ കുറ്റക്കാരനായി പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കും.

അമേരിക്കന്‍ ചരിത്രത്തില്‍ ഇതുവരെ രണ്ട് മന്ത്രിസഭാംഗങ്ങളെ മാത്രമാണ് ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തിട്ടുള്ളത്. എന്നാല്‍ സെനറ്റ് ഇവരില്‍ ആരെയും കുറ്റക്കാരായി പ്രഖ്യാപിച്ചിട്ടില്ല.

ഇംപീച്ച്‌മെന്റ് ‘അത്യപൂര്‍വമായ നടപടിക്രമം’ ആയിരുന്നെങ്കിലും 1998ല്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തതിനുശേഷം ഇത് കൂടുതല്‍ സാധാരണമായിത്തീര്‍ന്നിട്ടുണ്ടെന്ന് ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ നിയമവിഭാഗം പ്രൊഫസര്‍ പോള്‍ ഗൗഡര്‍ പറഞ്ഞു.

രാജ്യത്തെ രാഷ്ട്രീയ ധ്രുവീകരണം വര്‍ധിച്ചതോടെ ഇംപീച്ച്‌മെന്റ് നടപടികള്‍ കൂടുതല്‍ സാധാരണമായെന്നും ട്രംപിന്റെ മന്ത്രിസഭയിലെ കൂടുതല്‍ അംഗങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള നടപടികള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

പ്രമേയം പാസാക്കാന്‍ ആവശ്യമായ പിന്തുണയുണ്ടോയെന്ന് തനിക്ക് ഉറപ്പില്ലെന്ന് മാസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനപ്രതിനിധിസഭയില്‍ പ്രമേയം പാസാകാന്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ വേണം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷം മാത്രമുള്ളതിനാല്‍ എല്ലാ ഡെമോക്രാറ്റുകളും പിന്തുണച്ചാലും ചില റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ പിന്തുണ കൂടി ആവശ്യമായി വരും.

എന്നാല്‍, സഭയിലെ ഭൂരിപക്ഷം വളരെ നേരിയതായതിനാല്‍ പ്രമേയം പാസാകാനാണ് സാധ്യതയെന്ന് ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ പബ്ലിക് അഫയേഴ്സ് പ്രൊഫസര്‍ പീറ്റര്‍ ലോഗ് ബി.ബി.സിയോട് പറഞ്ഞു.

‘രോഷാകുലരായ ആവശ്യത്തിലധികം റിപ്പബ്ലിക്കന്‍ അംഗങ്ങളുണ്ട്. അവരില്‍ പലരും വോട്ടെടുപ്പില്‍ പങ്കെടുക്കാതിരിക്കാന്‍ സാധ്യതയുണ്ട്,’ അദ്ദേഹം പറഞ്ഞു.

നിലവില്‍ ജനപ്രതിനിധിസഭയില്‍ 218 റിപ്പബ്ലിക്കന്‍ അംഗങ്ങളും 214 ഡെമോക്രാറ്റിക് അംഗങ്ങളുമാണുള്ളത്. ഇംപീച്ച്‌മെന്റ് കുറ്റങ്ങള്‍ ജനപ്രതിനിധിസഭയില്‍ പാസാക്കാന്‍ സാധാരണ ഭൂരിപക്ഷം മതിയാകും. എന്നാല്‍ സെനറ്റില്‍ കുറ്റക്കാരനായി പ്രഖ്യാപിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. നിലവിലെ കോണ്‍ഗ്രസ് ഘടനയില്‍ ഈ പിന്തുണ നേടുക പ്രയാസകരമാണ്.

അടുത്ത ജനുവരിയില്‍ ഡെമോക്രാറ്റുകള്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ സെനറ്റില്‍ അവര്‍ക്ക് കുറഞ്ഞത് 54 സീറ്റുകളെങ്കിലും ലഭിക്കാനാണ് സാധ്യതയെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ നേരിയ വോട്ടുവ്യത്യാസം കാരണം രണ്ട് സീറ്റുകളിലെ വിജയികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒരു ഉദ്യോഗസ്ഥനെ കുറ്റക്കാരനായി പ്രഖ്യാപിച്ച് സ്ഥാനത്തുനിന്ന് നീക്കാന്‍ സെനറ്റില്‍ 67 വോട്ടുകള്‍ ആവശ്യമാണ്.

Content Highlight: Eight Charges Against US Defence Secretary Pete Hegseth: What Does the Impeachment Resolution Allege?