ഇന്ത്യാരാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കണമെന്ന തീരുമാനം ജനങ്ങളെക്കൊണ്ട് എടുപ്പിച്ച ചരിത്രം ടെലിവിഷനിൽ വന്ന രാമായണത്തിനുണ്ട്. ഏകദേശം അഞ്ച് പതിറ്റാണ്ട് മുൻപുള്ള കാലം. ലഭ്യമായ സംഗതികൾ അവർക്കനുകൂലമായി ഉപയോഗിക്കുന്നതിന് അന്നും പ്രത്യേക വൈദഗ്ദ്ധ്യം തന്നെയുണ്ടായിരുന്നു സംഘ പരിവാറിന്.

രാജീവ്‌ ഗാന്ധി നയിച്ച കോൺഗ്രസ് സർക്കാരിന്റെ കാലത്ത് തുടങ്ങി വച്ച രാമായണം സീരിയൽ അങ്ങനെ പൊളിറ്റിക്കൽ ഹിന്ദുത്വയ്ക്കുള്ള ചവിട്ടുപടിയായി മാറി. സംഘ്പരിവാർ അന്ന് ശ്രദ്ധ പതിപ്പിച്ചത് സിനിമയിലായിരുന്നില്ല. എല്ലാ വീടകങ്ങളിലേക്കും എത്താൻകഴിയുന്ന മിനി സ്‌ക്രീനിലായിരുന്നു.

1987 ജനുവരി മുതൽ 1988 ജൂലൈ വരെ സംപ്രേക്ഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ രാമായണം ഒരു ധ്രുവീകരണത്തിന് കാരണമായി. 3 കോടി ടെലിവിഷൻ മാത്രം രാജ്യത്തുണ്ടായിരുന്ന കാലത്ത് 10 കോടി കാഴ്ചക്കാർ ഇവയ്ക്കുണ്ടായിരുന്നു എന്ന് പഠനങ്ങൾ പറയുന്നു.

രാമാനന്ദ് സാഗറിന്റെ രാമായണം

സാകേതം ഉപേക്ഷിച്ച രാമന്റെ പേര് പറഞ്ഞു കൊണ്ട് മറ്റൊരു ആരാധനാലയമായ ബാബറി മസ്ജിദ് പൊളിക്കുന്നതിലേക്കും മറ്റും എത്തുന്ന രീതിയിലേക്ക് രാമനെ, ഒരു വില്ല് കുലച്ച രാമൻ മാത്രമായി അവതരിപ്പിച്ചു വിജയിപ്പിക്കുവാൻ സംഘപരിവാറിനു കഴിഞ്ഞു. (അല്ലെങ്കിൽ രാമൻ ഒരു സാധുവാണ് എന്നല്ല) അതിൽ ചെറുതല്ലാത്ത പങ്കായിരുന്നു രാമാനന്ദ് സാഗറിന്റെ രാമായണത്തിന് ഉണ്ടായിരുന്നതും.

ഒടുവിൽ 1992 ഡിസംബർ ആറിന് സംഘപരിവാർ ബാബറി പള്ളി പൊളിച്ചു. സംഘപരിവാറിന്റെ വിഷരാഷ്ട്രീയത്തിന്റെ വിജയത്തുടക്കം അവിടുന്നായിരുന്നു.

രാമായണ 2026 മേക്കിങ്ങിലും, ടെക്നിക്കൽ സൈഡിലും, കാസ്റ്റിംഗിലും ഒരു കുറവും പറയാനാവാത്ത വിധം നന്നായി ചെയ്തിരിക്കുന്നു അണിയറ പ്രവർത്തകർ. അങ്ങനെ എൺപതുകളിലെ രാമാനന്ദ സാഗറിന്റെ രാമായണത്തിൽ നിന്ന് 2026 ലെ രാമായണ സിനിമയിൽ എത്തുമ്പോൾ അതിന്റെ എസ്സെൻസ് ഒഴികെ എല്ലാം മാറിയിരിക്കുന്നു.

എന്താണ് രാമായണത്തിന്റെ എസ്സെൻസ്? അത് ധർമ്മമാണ്. സിനിമയിൽ വനവാസത്തിന് ഇറങ്ങുന്ന തങ്ങളെ അനുഗമിക്കാം എന്ന് പറയുന്ന ജനതയോട് സീത പറയുന്നുണ്ട് രാമൻ പുത്രധർമ്മമാണ് ചെയ്യുന്നത് എന്ന്. താൻ പത്നീ ധർമവും ലക്ഷ്മണൻ സഹോദര ധർമവും ചെയ്യുന്നത് പോലെ ജനങ്ങളും അവരവരുടെ ധർമം ചെയ്യുക എന്ന്.

അപ്പോൾ ഉണ്ടാകുന്ന വളരെ ബേസിക്കായ ചോദ്യമാണ്? എന്ത്‌ ധർമവ്യവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്? ഇവിടെ നമ്മൾ എത്തിച്ചേരുന്ന ഉത്തരമാണ് ചാതുർ വർണ്യം എന്നത്.

ബി.സി 500 മുതൽ ബി.സി അവസാനം വരെയാണ് ആദി രാമായണത്തിന്റെ രചനയുടെ കാലഘട്ടമായി പറയപ്പെടുന്നത്. അതായത് ഏകദേശം ബി.സി 1500ൽ 500 ൽ അവസാനിച്ച വൈദിക കാലഘട്ടത്തിനു തൊട്ട് പിന്നാലെയാണ് ഈ കാലം എന്നോർക്കുക.

രാമായണകാലത്തെ ചില പ്രധാന ധർമങ്ങൾ.
രാജധർമ്മം: രാജാവ് രാജ്യത്തെയും പ്രജകളെയും സംരക്ഷിക്കണം.
പിതൃധർമ്മം: പിതാവിന്റെ വാക്ക് അനുസരിക്കുക, കുടുംബത്തിന്റെ കടമകൾ പാലിക്കുക.
പുത്രധർമ്മം: മാതാപിതാക്കളോടുള്ള കടമകൾ നിർവഹിക്കുക.
പതിധർമ്മം: ഭർത്താവിന്റെയും ഭാര്യയുടെയും പരമ്പരാഗത കുടുംബപരമായ ഉത്തരവാദിത്തങ്ങൾ.
വർണധർമ്മം: ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നീ വിഭാഗങ്ങൾക്ക് നിശ്ചയിക്കപ്പെട്ട കടമകൾ.
ആശ്രമധർമ്മം: ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ ജീവിതഘട്ടങ്ങളുമായി ബന്ധപ്പെട്ട കടമകൾ.

ഇവിടെയെല്ലാം നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, വർണാശ്രമ ധർമ്മനുസരിച്ചു രാജാക്കന്മാർ ഭരിക്കുന്നു എന്നത് ഉപരിപ്ലവമായ ഒരു വായനയാണ്. അതുക്കും മേലെ എന്ന് പറയാവുന്ന ഹെജിമണി അന്ന് ബ്രാഹ്മണർക്കുണ്ടായിരുന്നു. ദശരഥനിലൂടെ വസിഷ്ഠൻ ഭരിക്കുന്നു, അല്ലെങ്കിൽ രാജാക്കന്മാരിലൂടെ ബ്രാഹ്മണരായ രാജഗുരുക്കന്മാരും, ബ്രാഹ്മണാധിപത്യം ഊട്ടിയുറപ്പിക്കുന്ന സൂത്രങ്ങളും സ്‌മൃതികളുമാണ് ഭരിച്ചിരുന്നത്.

വർണം പരമ്പരാഗതമായി നിർവചിക്കപ്പെട്ട കടമൾ ഇവയായിരുന്നു.
ബ്രാഹ്മണർ: വേദപഠനം, അധ്യാപനം, യജ്ഞം, ആചാരങ്ങൾ
ക്ഷത്രിയർ: ഭരണവും യുദ്ധവും രാജ്യസംരക്ഷണവും
വൈശ്യർ: കൃഷി, കച്ചവടം, മൃഗപരിപാലനം
ശൂദ്രർ: സേവനവുമായി ബന്ധപ്പെട്ട തൊഴിൽ

അപ്പോൾ ശൂദ്രനും അല്ലാത്തവരോ? അവരെ മനുഷ്യരായിപ്പോലും പരിഗണിച്ചിരുന്നില്ല കൊട്ടിഘോഷിക്കപ്പെടുന്ന ആർഷ ഭാരത സംസ്കാരം.
അവരെ പഞ്ചമരെന്നും ചണ്ടാളരെന്നും മുദ്ര കുത്തി പുറത്ത് നിർത്തി.

ധർമ്മസൂത്ര–ധർമ്മശാസ്ത്ര പാരമ്പര്യത്തിൽ പറഞ്ഞ കാര്യങ്ങൾ വെറും തൊഴിൽവിഭജനമല്ല. ആരാണ് വേദം പഠിക്കേണ്ടത്, ആർക്കാണ് യജ്ഞം ചെയ്യാനുള്ള അവകാശം, ആരാണ് ആരെ പഠിപ്പിക്കേണ്ടത്, ഓരോരുത്തരുടെയും ഹയറാർക്കിയിലെ സ്ഥാനം എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങളെയും ഇത് നിയന്ത്രിക്കുന്നു.

വസിഷ്ഠധർമ്മസൂത്രം രാജാവിനെ വർണക്രമത്തിന്റെ സംരക്ഷകനായി കാണുന്നു.
വസിഷ്ഠധർമ്മസൂത്രം 19.7–8-ൽ പറയുന്നത് ശ്രദ്ധിക്കുക:
രാജാവ് രാജ്യങ്ങളുടെയും വർണങ്ങളുടെയും കുടുംബങ്ങളുടെയും ആചാരനിയമങ്ങൾ പരിശോധിച്ച് നാല് വർണങ്ങളെയും അവരവരുടെ പ്രത്യേക ധർമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കണം. ധർമ്മത്തിൽനിന്ന് വ്യതിചലിക്കുന്നവരെ ശിക്ഷിക്കണം.

ഗൗതമധർമ്മസൂത്രം വേദം മനപാഠമാക്കാനുള്ള ഉദ്ദേശ്യത്തോടെ കേൾക്കുന്ന ശൂദ്രന്റെ ചെവികളിൽ ഉരുക്കിയ ഈയം നിറയ്ക്കുക, വേദമന്ത്രങ്ങൾ സ്വയം ഉച്ചരിച്ചാൽ നാവ് മുറിച്ചുമാറ്റുക, വേദമന്ത്രങ്ങൾ മനപാഠമാക്കിയാൽ ശരീരം രണ്ടായി പിളർക്കുക എന്നീ ശിക്ഷാരീതികൾ പ്രയോഗിക്കണമെന്ന് പറയുന്നു.

വാല്മീകി രാമായണത്തിന്റെ ഉത്തരകാണ്ഡത്തിൽ ശംബൂകൻ എന്നൊരു ശൂദ്ര മുനിയുടെ കഥ പറയുന്നുണ്ട്. രാമന്റെ ഭരണകാലത്ത് ഒരു ബ്രാഹ്മണന്റെ ബാലൻ അകാലത്തിൽ മരിക്കുന്നു. ഇതിന് രാജ്യത്ത് ധർമ്മലംഘനം സംഭവിച്ചതാണ് കാരണമെന്ന് ഋഷിമാർ പറയുന്നു. ഒരു ശൂദ്രൻ വർണധർമ്മത്തിന് വിരുദ്ധമായി തപസ്സുചെയ്യുന്നതാണ് കാരണമെന്ന് അവർ വിശദീകരിക്കുന്നു.

രാമൻ ആ തപസ്വിയെ അന്വേഷിച്ചെത്തുന്നു. ശംബൂകൻ താൻ ശൂദ്രനാണെന്നും സ്വർഗലോകം നേടാൻ തപസ്സുചെയ്യുകയാണെന്നും പറയുന്നു. രാമൻ അയാളുടെ തല വെട്ടുന്നു. തുടർന്ന് ബ്രാഹ്മണബാലൻ ജീവൻ വീണ്ടെടുക്കുന്നു. ഇത് ചെയ്ത ആളുടെ വിശേഷണം കോമഡിയാണ്, മര്യാദാ പുരുഷോത്തമൻ!

ഇവിടെ ശൂദ്രൻ മതപരമായ ഉയർച്ച നേടാൻ ശ്രമിക്കുന്നത് സാമൂഹികക്രമത്തിന്റെ ലംഘനമായി ചിത്രീകരിക്കപ്പെടുന്നു. രാജാവ് വർണ്ണധർമ്മം സംരക്ഷിക്കേണ്ട അധികാരിയാണ്. ചുരുക്കത്തിൽ ബ്രാഹ്‌മണാധിപത്യത്തിന്റെ വാച്ച് ഡോഗ് ആയിരുന്നു അന്നത്തെ രാജാവ്. ഇങ്ങനെയൊരു കൃതി എങ്ങനെയാണ് സംഘപരിവാറിന് പ്രിയപ്പെട്ടത് അല്ലാതായിത്തീരുക എന്നതാണ്.

രാജ്യത്തെ നയിക്കാനുള്ള ‌ അധികാരത്തിലേക്കാദ്യമായി വന്ന വഴിയിൽ ബി.ജെ.പിക്ക് ഏറ്റവുമധികം ഗുണം ചെയ്ത കാര്യങ്ങളിൽ ഒന്ന് രാമാനന്ദ സാഗറിന്റെ രാമായണമായിരുന്നു. ടെലിവിഷന്റെ, ടെക്നോളജിയുടെ ‌ കടന്നു വരവിനെപ്പോലും സംഘപരിവാർ അവർക്കനുകൂലമാക്കിത്തീർക്കുകയായിരുന്നു.

രാമൻ എന്ന ബിംബം ടെലിവിഷനുകളിലൂടെ വീടുകളിലേക്കെത്തി. ഹിന്ദുത്വയുടെ അധികാരത്തിലേക്കുള്ള വളർച്ചയുടെ ആദ്യ ഘട്ടത്തിൽ തന്നെ, മതേതര രാജ്യത്തിൻ്റെ നെഞ്ചിലൂടെ വർഗ്ഗീയതയുടെ തേരോടിച്ച എൽ.കെ ആദ്വാനിയുടെ നേതൃത്വത്തിൽ അവർ രാജ്യത്തെ മുസ്‌ലിംങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമായ ബാബറി മസ്ജിദ് തകർത്തു.

ഭയം വിതച്ചാണ് സംഘപരിവാർ ശക്തരായത്. ഒരേ സമയം മുസ്‌ലിംങ്ങൾ രാഷ്ട്രത്തിനാപത്ത് എന്ന ഭയം ഹിന്ദുക്കളിൽ ഉണ്ടാക്കി വയ്ക്കുകയും അതേ സമയം തന്നെ രാജ്യത്തെ മുസ്‌ലിംങ്ങളുടെ പ്രധാന ആരാധനാലയങ്ങളിലൊന്നായ ബാബറി മസ്ജിദ് തകർത്തതിലൂടെ, മുസ്‌ലിം വിഭാഗത്തെയും ഭയത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളി വിടുകയും ചെയ്യുക എന്നതായിരുന്നു ഹിന്ദുത്വയുടെ രീതി.

അപ്പോൾ, മൂന്ന് കോടി ഡിവൈസുകളിലൂടെ (ടി.വി) പത്ത് കോടി ജനങ്ങളിലേക്കെത്തുന്ന പ്രൊപ്പഗണ്ട വളരെ വിജയകരമായി നടപ്പാക്കിയ ചരിത്രമുണ്ട് ഹിന്ദുത്വയ്ക്ക്. അന്നത്തെ ടി.വിയുടെ സ്ഥാനത്ത് ഇന്ന് 120 കോടി മൊബൈൽ ഉപയോക്താക്കളുണ്ട് ഇന്ത്യയിൽ.

അതിൽ 97 കോടി ആളുകൾ ഇൻ്റർനെറ്റ് ഉപയോഗിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നന്നായി പണിയെടുക്കുന്ന ഐ.ടി സെല്ലുകൾ വഴി ഓരോരുത്തരിലേക്കും തങ്ങളുടെ രാഷ്ട്രീയം എത്തിക്കുക എന്നത് സംഘപരിവാർ വളരെ കൃത്യമായി ചെയ്യുന്നുണ്. മിസ്ഡ് കോൾ ചെയത് മെമ്പറാവുക എന്ന ക്യാമ്പയിൻ വഴി ഹിന്ദുത്വ തെളിയിച്ചത് ഇൻ്റർനെറ്റ് പോലുമില്ലാതെ എങ്ങനെ ഒരു സാധാരണ മൊബൈൽ ഫോണിലുടെ ജനങ്ങളിലേക്ക് ഗ്രാസ് റൂട്ട് ലെവലിൽ കടന്ന് ചെല്ലാമെന്നായിരുന്നു.

ഇവിടെയാണ് സാധ്യമായ എല്ലാ പ്രചരണതന്ത്രങ്ങളുമുപയോഗിച്ച് 2026 ൽ രാമായണ സിനിമ എത്തുന്നത്. സിനിമ കണ്ടിറങ്ങി തീയേറ്ററിൽ വച്ചിരിക്കുന്ന രൺബീർ കട്ടോ‌ട്ടിനു മുൻപിൽ പുഷ്പാർച്ചന നടത്തുന്ന ഉത്തരേന്ത്യൻ കാഴ്ചകൾ സംഘപരിവാർ മുൻകൂട്ടി കണ്ടിട്ടുണ്ടാവണം.

രാമായണ സിനിമയിൽ നിന്ന്

അടിസ്ഥാനപരമായി ഒന്നും മാറാതെ തന്നെ, ജാതി കൊണ്ട് വിഭജിതമായി കിടന്നിരുന്ന വിഭാഗങ്ങളെ ഒരുമിപ്പിച്ചു നിർത്തുന്ന ഒരു ഫാക്ടറായാണ് എൺപതുകളുടെ അവസാന പാദത്തിലെ രാമായണ സീരിയൽ പ്രവർത്തിച്ചത്.

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇവിടെ ഞാൻ ഹിന്ദു/ രാമഭക്തൻ എന്നൊരു ഇമോഷണൽ ഡ്രാമ വളരെ ഉപരിപ്ലവമായി സെറ്റ് ചെയ്തെടുക്കുന്നതിൽ സംഘപരിവാർ വിജയിച്ചു എന്നതാണ്. അറവുശാലയിലേക്ക് വരുന്ന അറവുകാരന് വേഗത്തിൽ വരാൻ വഴിയൊരുക്കുന്ന ആടുകളെക്കുറിച്ച് ഒന്നോർത്തു നോക്കൂ. അത് പോലെയാണ് പലയിടത്തും സംഭവിച്ചത്.

രാമായണം കാണാൻ സൗകര്യത്തിനായി ആരാധനാസമയക്രമം പോലും മാറ്റിയ പള്ളികൾ ഉണ്ടായിരുന്നു രാജ്യത്ത്,  വരുന്നത് കാലനാണെന്ന് അന്ന് തിരിച്ചറിയുക എളുപ്പമായിരുന്നില്ല.

വിൽഹെം റെയ്യ്ഖിന്റെ മാസ് സൈക്കോളജി ഓഫ് ഫാസിസം എന്ന പുസ്തകത്തിൽ, ഹിറ്റ്ലറെപ്പോലുള്ള ഒരു നേതാവിന് അധികാരത്തിലെത്താൻ സാധിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ രാഷ്ട്രീയ തന്ത്രങ്ങൾ കൊണ്ടുമാത്രമല്ല.

ഒരു സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകളുടെ ഭയങ്ങൾ, അടിച്ചമർത്തപ്പെട്ട ആഗ്രഹങ്ങൾ, അധികാരത്തോടുള്ള വിധേയത്വം, കുടുംബപരമായ പരിശീലനം, ലൈംഗിക അടിച്ചമർത്തൽ, സാമൂഹിക അരക്ഷിതാവസ്ഥ എന്നിവയും അതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു എന്നദ്ദേഹം പറയുന്നുണ്ട്.

വിൽഹെം റെയ്യ്ഖിന്റെ മാസ് സൈക്കോളജി ഓഫ് ഫാസിസം

Ideology as a Material Force എന്നൊരു ആശയം അദ്ദേഹം ഇതിൽ മുന്നോട്ട് വയ്ക്കുന്നുണ്ട്. പ്രത്യയശാസ്ത്രം എന്നത് പുസ്തകങ്ങളിലും പ്രസംഗങ്ങളിലും മാത്രം നിലനിൽക്കുന്ന ആശയമല്ല.

അത് മനുഷ്യരുടെ പെരുമാറ്റത്തെയും ബന്ധങ്ങളെയും തീരുമാനങ്ങളെയും രാഷ്ട്രീയ തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുന്ന ഘടകമായി മാറുന്നു എന്നദ്ദേഹം പറയുന്നു. ഇതും ഇന്ന് ഇന്ത്യയിൽ സംഘപരിവാർ നടത്തുന്ന പ്രവർത്തനങ്ങളുമായി അത്രയധികം ബന്ധമുണ്ട്.

കാരണം മുസ്സോളിനിയുടെ ഫാസിസത്തേക്കാൾ കൂടുതലായി വംശീയതയിലും മറ്റും അടിത്തറയുള്ള നാസിസത്തിലാണ് സംഘപരിവാർ ഭീകരതയുടെ വേരുകൾ കൂടുതലായി കാണാനാവുക. നവനാസികൾ എന്ന വാക്കാണ് സംഘിന് കൂടുതൽ ചേരുക എന്ന് തോന്നുന്നു.

ഉദാഹരണത്തിന്, ഒരു സമൂഹത്തിൽ നിരന്തരം താഴെപ്പറയുന്ന ആശയങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു എന്നു കരുതുക. ശക്തനായ പുരുഷനാണ് കുടുംബത്തെ നിയന്ത്രിക്കേണ്ടത്. സ്ത്രീകൾ പുരുഷന്മാരെ അനുസരിക്കണം. കുട്ടികൾ മാതാപിതാക്കളെ ചോദ്യം ചെയ്യരുത്. ഭരണാധികാരികളെ വിമർശിക്കുന്നത് രാജ്യദ്രോഹമാണ്. രാജ്യത്തിന്റെ മഹത്വം ചോദ്യം ചെയ്യാനാവാത്തതാണ്.

ഇവ ക്രമേണ സാമൂഹികമായും കുടുംബപരമായും വ്യക്തികളുടെ സ്വഭാവത്തിന്റെ ഭാഗമാകുന്നു. അങ്ങനെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം വ്യക്തിയുടെ ആന്തരിക മാനസിക ഘടനയുടെ ഭാഗമാകുന്നു.

മനുഷ്യൻ ഒരു രാഷ്ട്രീയ ആശയത്തെ അംഗീകരിക്കുന്നത് അത് യുക്തിപരമായി ശരിയാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടു മാത്രമല്ല. തന്റെ അബോധമനസ്സിലെ ആവശ്യങ്ങളോടും ഭയങ്ങളോടും അത് പൊരുത്തപ്പെടുന്നതുകൊണ്ടും ആകാമെന്ന് റെയ്ഖ് പറയുന്നു.

കുടുംബത്തിലെ പിതാവിന്റെ അധികാരവും ഭരണകൂടത്തിലെ ഏകാധിപത്യ അധികാരവും തമ്മിൽ സാമ്യമുണ്ട്. ഒരു കുട്ടിയുടെ ജീവിതം പരിശോധിക്കാം. കുട്ടിക്ക് മാതാപിതാക്കളെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല. മാതാപിതാക്കളുടെ തീരുമാനങ്ങളെ അനുസരിക്കുകയാണ് നല്ല കുട്ടിയുടെ ലക്ഷണം. സ്വന്തം ആഗ്രഹങ്ങൾ പ്രകടിപ്പിക്കുന്നതിന് ശിക്ഷയോ കുറ്റബോധമോ നേരിടേണ്ടിവരുന്നു. അനുസരണത്തെ സ്നേഹത്തിന്റെയും അംഗീകാരത്തിന്റെയും വ്യവസ്ഥയാക്കുന്നു.

അധികാരത്തെ ചോദ്യം ചെയ്യുന്നത് തെറ്റാണെന്ന മാനസികബോധം വളരുന്നു. റെയ്ഖ് ഉദാഹരണമായിപ്പറയുന്ന ഇതേ കുടുംബ അധികാര സെറ്റപ്പിലാണ് നമ്മുടെ ‘മര്യാദാ പുരുഷോത്തമൻ’ രാമനും വളർന്നു വരുന്നത്. അതുകൊണ്ട് തന്നെ കക്ഷിക്ക് പുത്രധർമ്മം എന്നൊരു ചെക്ക് വച്ചാൽ ഏൽക്കുമെന്ന് മന്ധരയാൽ ഇൻസ്പയർഡ് ആയ കൈകേയിക്ക് അറിയാമായിരുന്നു.

അച്ഛനോട് അനുസരണയുള്ള കുട്ടി വളർന്ന് തൊഴിലിടത്തിൽ മേലധികാരിയോടും രാഷ്ട്രീയത്തിൽ ശക്തനായ നേതാവിനോടും അന്ധമായ വിധേയത്വം പുലർത്തുന്ന വ്യക്തിയായി മാറാനുള്ള സാധ്യത റെയ്ഖ് പറയുന്നുണ്ട്. പക്ഷെ ഇവിടെ പഴയ കാലത്ത് രാമന്റെ കാര്യത്തിൽ ആ വിധേയത്വം സ്‌മൃതികളോടും സൂത്രങ്ങളോടും അച്ഛനോടും ആയിത്തീരുന്നു.

പാട്രിയാർക്കി ചെറുപ്പത്തിലേ ഇന്റെർണലൈസ് ചെയ്ത രാമന് കുടുംബത്തിൽ പാട്രിയർക്ക് ആവാനും ഭാര്യയെ/സീതയെ അവരോട് പറയുക പോലും ചെയ്യാതെ ഉപേക്ഷിക്കാനും സാധിക്കുന്നുണ്ട്, അതും ഗർഭിണി ആയിരിക്കുന്ന സമയത്ത്. എന്നിട്ടും മര്യാദാപുരുഷോത്തമൻ എന്ന വിളിയാണ് ബാക്കി!

എന്താണ് രാമന്റെ ട്രാജിക് ഫ്ലോ

ദുരന്ത നാടകങ്ങളിൽ നായകനെ ദുരന്തത്തിലേക്ക് നയിക്കുന്ന വീഴ്ചയാണ് ട്രാജിക് ഫ്ലോ. സരയൂ നദിയിലേക്കിറങ്ങി ആത്മഹത്യ ചെയ്യുന്ന നായകൻ ദുരന്തനായകൻ തന്നെയാണ്. (ജീവത്യാഗം ചെയ്തു എന്നോ പ്രാണൻ സരയൂ നദിയിൽ അർപ്പിച്ചു എന്ന് സംസ്കൃതവത്കരിച്ചു പറഞ്ഞാലോ ആത്മഹത്യ ആത്മഹത്യ അല്ലാതാവുന്നില്ലല്ലോ.)

സിനിമയിൽ ഇനി പറയുന്ന കാര്യം ലൈറ്റ് ആക്കി രാമനെ ബ്ളെയിം ചെയ്യാത്ത രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇവിടെ വനവാസത്തിനിടയിൽ, പഞ്ചവടിയിൽ താമസിക്കുന്ന സമയത്ത് രാവണന്റെ സഹോദരി ശൂർപ്പണഖ അവിടെയെത്തുന്നു. രാമനെ കണ്ടപ്പോൾ അവർ ആകർഷിക്കപ്പെടുന്നു. രാമനോട് തന്റെ പ്രണയവും വിവാഹാഭിലാഷവും പ്രകടിപ്പിക്കുന്നു.

എന്നാൽ രാമൻ താൻ സീതയുടെ ഭർത്താവാണെന്നും ഏകപത്നീവ്രതം പാലിക്കുന്നവനാണെന്നും പറഞ്ഞ് അവരുടെ അഭ്യർത്ഥന നിരസിക്കുന്നു. പിന്നീട് ലക്ഷ്മണന്റെ അടുത്തേക്ക് പോകാൻ രാമൻ അവരോട് പറയുന്നു. ഇവിടം വരെ സംഗതി വളരെ ഓക്കെയാണ്. പിന്നീട് ലക്ഷ്മണൻ അവളെ പരിഹസിക്കുന്ന തരത്തിൽ മറുപടി നൽകുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ടത്, ശൂർപ്പണഖയുടെ പ്രണയാഭ്യർത്ഥനയെ ഗൗരവമായി പരിഗണിക്കാതെ സഹോദരന്മാർ പരസ്പരം അവളെ പരിഹസിക്കുന്ന രീതിയിലാണ് രംഗം മുന്നോട്ടുപോകുന്നത്.

‘ഹേ സുന്ദരീ, ഞാൻ വിവാഹിതനാണ്. ഇതാ, ഇവൾ എന്റെ പ്രിയപ്പെട്ട ഭാര്യയാണ്. നിന്നെപ്പോലെയുള്ള സ്ത്രീകൾക്ക് മറ്റൊരു ഭാര്യയോടൊപ്പം ഒരേ ഭർത്താവിനെ പങ്കിടുന്നത് വലിയ ദുഖമായിരിക്കും. ഇവൻ എന്റെ അനുജനാണ്. നല്ല സ്വഭാവമുള്ളവനും കാണാൻ സുന്ദരനുമായ ലക്ഷ്മണൻ. സമ്പന്നനും വീരനുമായ ഇവൻ ഭാര്യയില്ലാത്തവനാണ്. അവൻ ചെറുപ്പക്കാരനാണ്, സുന്ദരനാണ്. ഭാര്യയെ ആഗ്രഹിക്കുന്നവനുമാണ്. നിന്റെ രൂപത്തിന് അനുയോജ്യനായ ഭർത്താവായിരിക്കും അവൻ. വിശാലാക്ഷീ, നീ എന്റെ സഹോദരനായ ലക്ഷ്മണനെ ഭർത്താവായി സ്വീകരിക്കൂ. അങ്ങനെ ചെയ്താൽ നിനക്ക് മറ്റൊരു ഭാര്യയുമായി ഭർത്താവിനെ പങ്കിടേണ്ടിവരില്ല.’ രാമൻ ഇങ്ങനെ പറഞ്ഞതോടെ ശൂർപ്പണഖ രാമനെ വിട്ട് ഉടൻ ലക്ഷ്മണന്റെ അടുത്തേക്ക് ചെന്നു.

അപ്പോൾ ലക്ഷ്മണന്റെ മറുപടി
‘താമരപ്പൂവിന്റെ നിറമുള്ളവളേ, എന്നെപ്പോലൊരു ദാസന്റെ ഭാര്യയാകാൻ നീ എങ്ങനെയാണ് ആഗ്രഹിക്കുന്നത്? ഞാൻ എന്റെ ആര്യനായ ജ്യേഷ്ഠസഹോദരന്റെ ആശ്രിതനാണ്. അദ്ദേഹത്തിന് കീഴ്പ്പെട്ടാണ് ഞാൻ കഴിയുന്നത്. ഹേ സുന്ദരിയായവളേ, ഇത്രയും മികച്ച സൗന്ദര്യമുള്ള നിന്നെ ഉപേക്ഷിച്ച് ഒരു വിവേകമുള്ള പുരുഷൻ മനുഷ്യസ്ത്രീകളിൽ മറ്റൊരാളോട് എങ്ങനെയാണ് താത്പര്യം കാണിക്കുക?’ ലക്ഷ്മണൻ ഇങ്ങനെ പറഞ്ഞപ്പോൾ ആ ശൂർപ്പണഖ അദ്ദേഹത്തിന്റെ വാക്കുകൾ സത്യമാണെന്ന് വിശ്വസിച്ചു. പരിഹാസത്തിന്റെ അർത്ഥം തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞില്ല.

അനിയന് ഭാര്യ ഇല്ല എന്നൊക്കെപ്പറഞ്ഞു ഒരു തരം ഒലക്കമേലെ പരിപാടി മര്യാദാപുരുഷോത്തമനും അനിയനും കൂടി ശൂർപ്പണഖയുടെ അടുത്ത് കാണിക്കുന്നു. There were MCPs even in threthayuga. രാമന്റെയും ലക്ഷ്മണന്റെയും പരിഹാസങ്ങൾക്കുശേഷം ശൂർപ്പണഖ കോപാകുലയാകുന്നു.

തന്റെ പ്രണയാഭ്യർത്ഥനയ്ക്ക് തടസ്സമായി നിൽക്കുന്നത് സീതയാണെന്ന് കരുതി അവരെ ആക്രമിക്കാൻ ശ്രമിക്കുന്നു. സീതയെ ഭക്ഷിക്കാനായി ശൂർപ്പണഖ അവളുടെ നേരെ പാഞ്ഞടുക്കുന്നു. രാമൻ അവളെ തടയുന്നു. എന്നിട്ട് രാമൻ അവിടെ നിർത്തിയോ? ഇല്ല. ”പുരുഷശ്രേഷ്ഠനായ ലക്ഷ്മണാ, ഈ രാക്ഷസിയെ വികൃതയാക്കുന്നത് ഉചിതമാണ്.” എന്ന പാട്രിയാർക്കൽ മാസ്സ് ഡയലോഗ് അടിക്കുന്നു.

രാമൻ ഇങ്ങനെ പറഞ്ഞപ്പോൾ, കോപാകുലനായ ലക്ഷ്മണൻ വാൾ ഊരിയെടുത്ത് രാമൻ നോക്കിനിൽക്കെ ശൂർപ്പണഖയുടെ ചെവികളും മൂക്കും മുറിച്ചുമാറ്റി. (സംശയം ഉള്ളവർക്ക് ആരണ്യകാണ്ഡം, സർഗം 18, ശ്ലോകം 17-20നോക്കാവുന്നതാണ്.)

ഇന്ന് തന്റെ ഇഷ്ടത്തിനനുസരിച്ചു പ്രവർത്തിക്കാത്ത പെണ്ണിന് നേരെ ആസിഡ് ബൾബ് എറിയുന്നവനും രാമനും ഒരേ ഡി.എൻ.എ പേറുന്നു എന്ന് പറയേണ്ടി വരുന്നത് കഷ്ടമാണ്.

പരിഹാസങ്ങൾക്കും മാനസിക പീഡനങ്ങൾക്കും ഒടുവിൽ, ഇരയാക്കപ്പെടുന്നയാൾ തിരിച്ച് പ്രതികരിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യുമ്പോൾ, ആ ദേഷ്യത്തെ മാത്രം മുൻനിർത്തി ഇരയെത്തന്നെ കുറ്റവാളിയാക്കി മാറ്റുന്ന മാനിപ്പുലേഷന് പറയുന്ന പേര് ‘റിയാക്ടീവ് അബ്യൂസ്’ (Reactive Abuse) എന്നാണ്.

ഇതാണ് ശൂർപ്പണഖയുടെ കാര്യത്തിൽ സംഭവിക്കുന്നത്. ഇതെന്നും പാട്രിയാർക്കി സമർത്ഥമായി ചെയ്തിട്ടുണ്ട്. ഒരു സ്ത്രീ സ്വയം പുരുഷനോട് പ്രണയാഭ്യർത്ഥന നടത്തുന്നതും അതിന്റെ പേരിൽ അവളെ പരിഹസിക്കുന്നതും പിന്നീട് അവളുടെ ശരീരത്തെ ശിക്ഷിക്കുകയും ചെയ്തവൻ മര്യാദാ പുരുഷോത്തമൻ. ഇതാണ് രാമന്റെ ട്രാജിക് ഫ്ലോ. ഇവിടുന്ന്, ശൂർപ്പണഖയിലൂടെയാണ് രാവണനിലേക്ക് കഥ എത്തുന്നത്.

ഒരു തവണയാണോ ലക്ഷ്മണൻ ഇങ്ങനെ ചെയ്യുന്നത്? അല്ല. രാമനും ലക്ഷ്മണനും ജടായുവിന് ജലബലി അർപ്പിച്ചശേഷം സീതയെ അന്വേഷിച്ച് വനത്തിലൂടെ യാത്ര തുടരുമ്പോൾ (ആരണ്യകാണ്ഡം 69)
അയോമുഖി എന്ന രാക്ഷസിയെ കാണുന്നു.

‘എന്റെ പേര് അയോമുഖി എന്നാണ്. നീയാണ് എനിക്ക് പ്രിയപ്പെട്ടവൻ. വീരനായകാ, നീ എന്റെ ഭർത്താവാകണം. പർവതശിഖരങ്ങളിലും നദീതീരങ്ങളിലും നിന്റെ ജീവിതകാലം മുഴുവൻ നീ എന്നോടൊപ്പം പ്രണയിച്ചും ആനന്ദിച്ചും കഴിയണം.’ എന്നവർ മാന്യമായി പറയുമ്പോൾ ലക്ഷ്മണൻ ആൽഫ മെയിൽ കളിക്കുന്നു.

ലക്ഷ്മണൻ വാൾ ഊരിയെടുത്തു അയോമുഖിയുടെ ചെവിയും മൂക്കും ഒരു മുലയും മുറിച്ചുമാറ്റി. ലക്ഷ്മണൻ അവളുടെ പ്രണയാഭ്യർത്ഥനയ്ക്ക് വാക്കുകളിലൂടെ മറുപടി നൽകുകയോ അവളിൽനിന്ന് മാറിനിൽക്കുകയോ ചെയ്യുന്നതിനു പകരം ആയുധം ഉപയോഗിക്കുന്നു. ആദ്യത്തേതിൽ രാമൻ പറഞ്ഞിട്ടാണെങ്കിൽ രണ്ടാം തവണ ലക്ഷ്മണൻ സ്വയം അതങ്ങു ചെയ്യുന്നു.

എന്ത്‌ കൊണ്ട് രാമനും ലക്ഷ്മണനും ഇത് ചെയ്യുന്നു?

യാജ്ഞവൽക്യസ്മൃതിയിൽ സ്ത്രീയുടെ മൂക്കും ചെവിയും മുറിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്നുണ്ട്. ഇതാണ് ശൂർപ്പണഖയുടെയും അയോമുഖിയുടെയും സംഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട സ്മൃതി.

പക്ഷെ എന്നാൽ ഇതും വ്യഭിചാരവുമായി ബന്ധപ്പെട്ട നിയമമാണ്. അവിവാഹിതയായ ഒരു സ്ത്രീ പുരുഷനോട് പ്രണയാഭ്യർത്ഥന നടത്തുന്നതിനുള്ള ശിക്ഷയല്ല. പക്ഷെ പുരുഷന്റെ അംഗീകാരമില്ലാതെ സ്ത്രീ ലൈംഗികാഭിലാഷം പ്രകടിപ്പിക്കുന്നത് രാമായണത്തിൽ സംഘർഷത്തിന് കാരണമാകുന്നു.

ഈ സംഘർഷത്തിന് പരിഹാരമായി ശാരീരിക ശിക്ഷ കടന്നു വരുന്നു എന്നത് ശ്രദ്ധിക്കുക. ഒരു സ്ത്രീയുടെ ലൈംഗികാഭിലാഷം പുരുഷന്റെ അധികാരത്തിനും നിയന്ത്രണത്തിനും പുറത്തേക്ക് വരുമ്പോൾ, അവളുടെ ശരീരത്തെ ശിക്ഷിക്കുന്നതിലൂടെ അവളെ വീണ്ടും നിയന്ത്രണവിധേയയാക്കുന്ന പുരുഷാധിപത്യം രാമായണത്തിൽ ന്യായീകരിക്കപ്പെടുന്നു.

സ്ത്രീയുടെ ലൈംഗികത നിയന്ത്രിക്കുക, സ്ത്രീയുടെ ലൈംഗികബന്ധം, കുടുംബം, വിവാഹം, പിതൃത്വം, വർണം, സാമൂഹികക്രമം എന്നിവയുമായി ബന്ധിപ്പിച്ചു നിർത്തുക. സ്ത്രീശരീരത്തെ ശിക്ഷയുടെ ഉപാധിയാക്കുക, മൂക്ക്, ചെവി, മുടി, വിരലുകൾ തുടങ്ങിയ ശരീരഭാഗങ്ങളെ മുറിക്കുകയോ വികൃതമാക്കുകയോ ചെയ്യുന്നത് ശാരീരിക ശിക്ഷ മാത്രമല്ല, സാമൂഹിക അപമാനവും സൃഷ്ടിക്കുന്നതാണ്.

പുരുഷന്റെ അധികാരവും സ്ത്രീയുടെ സ്വാതന്ത്ര്യവും

സ്ത്രീയുടെ ലൈംഗിക പെരുമാറ്റം നിയന്ത്രിക്കേണ്ടത് പുരുഷനാണെന്ന കുടുംബ-സാമൂഹിക സങ്കൽപ്പം ഈ നിയമങ്ങളിൽ പലതിലും പ്രകടമാണ്. ഫലത്തിൽ ഇതിനെയൊക്കെ നോർമലൈസ് ചെയ്യുന്ന ഒന്നായി രാമായണം മാറുന്നു. സ്വാഭാവികമായും സംഘപരിവാറിന് ഇഷ്ടം തോന്നും രാമായണത്തിനോട്.

Sexual Repression അഥവാ ലൈംഗിക അടിച്ചമർത്തൽ എങ്ങനെയാണ് അധികാരത്തിന് സഹായകമാകുന്നത് റെയ്ഖ് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ലൈംഗികതയെയും സ്വാഭാവികമായ ശാരീരിക ആഗ്രഹങ്ങളെയും നിരന്തരം അടിച്ചമർത്തുന്ന സാമൂഹിക ഘടന വ്യക്തികളിൽ ചില മാനസിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നു.

ലൈംഗികതയെക്കുറിച്ചുള്ള കടുത്ത കുറ്റബോധം. ശരീരത്തോടും ആഗ്രഹങ്ങളോടുമുള്ള ലജ്ജ. ലൈംഗിക സ്വാതന്ത്ര്യത്തോടുള്ള ഭയം. സ്ത്രീയുടെ ലൈംഗികതയെ നിയന്ത്രിക്കാനുള്ള ശ്രമം. കുട്ടികളുടെ സ്വാഭാവിക വളർച്ചയെ നിയന്ത്രിക്കൽ. മതപരമായും സാമൂഹികമായും അടിച്ചേൽപ്പിക്കപ്പെടുന്ന ലൈംഗിക വിലക്കുകൾ.

ഇവ വ്യക്തിയുടെ മാനസിക സ്വാതന്ത്ര്യത്തെ ബാധിക്കാമെന്ന് അദ്ദേഹം കരുതിയിരുന്നു. ഉദാഹരണത്തിന് ഒരു കുട്ടി വളരുന്ന കുടുംബത്തിൽ ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് പോലും വലിയ തെറ്റായി കണക്കാക്കുന്നു. സ്വന്തം ശരീരത്തെക്കുറിച്ച് അറിയാനുള്ള ശ്രമം കുറ്റബോധത്തിലേക്ക് നയിക്കുന്നു. സ്വാഭാവികമായ ആഗ്രഹങ്ങൾ പ്രകടിപ്പിക്കുന്നത് ശിക്ഷയ്ക്ക് കാരണമാകുന്നു.

ക്രമേണ കുട്ടി സ്വന്തം ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ മാത്രമല്ല, അവയെ തെറ്റായതായും കാണാൻ പഠിക്കുന്നു. ഇത്തരത്തിലുള്ള അടിച്ചമർത്തൽ അധികാരത്തോടുള്ള അനുസരണവും സ്വയംനിയന്ത്രണവും ശക്തിപ്പെടുത്താനാണ് സഹായിക്കുക എന്ന് റെയ്ഖ് പറയുന്നു.

അപ്പോൾ വാലന്റൈൻസ് ഡേയിൽ പ്രണയിതാക്കളെ ആക്രമിക്കാൻ ദണ്ഡയുമായി പോകുന്ന സംഘപരിവാറും കുരങ്ങു സേനക്കാരും കൃത്യമായ പദ്ധതിയുടെ ചട്ടുകങ്ങളാണ്, അടിക്കാൻ തെരുവിൽ നിൽക്കുന്നവർ സ്വയം അതറിയുന്നില്ല എങ്കിലും. മോഹൻ ഭാഗവന്ത് പോലെയുള്ളവരും ഉന്നത നേതൃത്വത്തിൽ ഉള്ളവരും തകർന്നു തുടങ്ങിയ establishment ആയ സാമ്പ്രദായിക കുടുംബത്തെ മുറുകെപ്പിടിക്കാൻ പറയുന്നതും വെറുതെയല്ല.

കുടുംബത്തിൽ നിന്ന് രാഷ്ട്രത്തിലേക്ക് എന്നതാണ് നവനാസികളായ സംഘപരിവാറിന്റെയും ആശയം. കുടുംബത്തിലെ ചോദ്യം ചെയ്യപ്പെടാത്ത അധികാരകേന്ദ്രമായി പിതാവ് നിലകൊള്ളുന്ന പരമ്പരാഗത കുടുംബഘടനയിൽ കുട്ടി അനുസരണം, ഭയം, കുറ്റബോധം, അധികാരത്തോടുള്ള വിധേയത്വം എന്നിവയ്ക്ക് മാനസിക പരിശീലനം ലഭിക്കുന്നു.

സാമൂഹ്യ ജീവിതത്തിൽ അയാൾ ചോദ്യം ചെയ്യാത്ത പൗരൻ, ശക്തനായ നേതാവിനോടുള്ള ആശ്രിതത്വവും ഉൾക്കൊള്ളുന്നു. Authoritarian ആയ ഏകാധിപത്യ സ്വഭാവമുള്ള രാഷ്ട്രീയത്തിന് അനുകൂലമായ മാനസിക അന്തരീക്ഷം അങ്ങനെ കുടുംബത്തിൽ ഉണ്ടായിത്തീരുന്നു.

ഇങ്ങനെയുള്ള ഒരു സമൂഹത്തിൽ പിതൃതുല്യനായ ദേശീയ നേതാവ് അല്ലെങ്കിൽ ഒരു savior Father Figure നെ പ്ലേസ് ചെയ്യാൻ എളുപ്പമാണ്. ഇന്ത്യയിലെ 1990-കളിലെ രാഷ്ട്രീയ അസ്ഥിരത, തുടർച്ചയായ കൂട്ടുകക്ഷി സർക്കാരുകളുടെ തകർച്ച, കശ്മീർ പ്രശ്നവും ഭീകരവാദവും, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ, ബാബറി മസ്ജിദ് തകർക്കലിനു ശേഷമുള്ള വർഗീയ ധ്രുവീകരണം, ഇവയെല്ലാം സംഘപരിവാറിന്റെ രാഷ്ട്രീയ ദളമായ ബി.ജെ.പി ക്ക് അധികാരരാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയായി മാറി.

വാജ്‌പേയി പ്രധാന മന്ത്രിയായപ്പോൾ റെയ്ഖ് പറയുന്ന ഫാദർ ഫിഗർ നേതൃത്വത്തിലെത്തി. നേതാവ് ഒരു വ്യക്തി മാത്രമല്ല, രാഷ്ട്രത്തിന്റെ സുരക്ഷയുടെയും സ്ഥിരതയുടെയും പ്രതീകമായി മാറുന്നു. നേതാവിന്റെ വ്യക്തിപ്രഭാവം പാർട്ടിയുടെ പ്രത്യയശാസ്ത്രത്തേക്കാൾ വിശാലമായ ജനപിന്തുണ നേടാൻ സഹായിക്കുന്നു. ജനങ്ങൾ നേതാവിനെ വിശ്വസിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെയും അംഗീകരിക്കാനുള്ള സാധ്യത വർധിക്കുന്നു.

ഇവിടെ റൈഖ് പറയുന്ന പിതൃതുല്യനായ നേതാവിനോടുള്ള വൈകാരിക അടുപ്പത്തിന്റെ പ്രസക്തി കാണാം. പരിവാർ രാഷ്ട്രീയത്തെ എതിർത്ത ചില ആളുകൾ പോലും അദ്ദേഹത്തെ right man in wrong party എന്ന് വിശേഷിപ്പിക്കുന്ന സ്ഥിതി പോലുമുണ്ടായി.

1998–2004 കാലഘട്ടത്തിൽ NDA സഖ്യകക്ഷികളുടെ സമ്മർദം മൂലം രാമക്ഷേത്രം, ഏകീകൃത സിവിൽ കോഡ്, ആർട്ടിക്കിൾ 370 തുടങ്ങിയ വിവാദ വിഷയങ്ങളിൽ ബി.ജെ.പിക്ക് പലതും മാറ്റിവെക്കേണ്ടിവന്നു. ഒടുവിൽ 2004ൽ UPA സഖ്യത്തിന് മുന്നിൽ ബി.ജെ.പി പരാജയപ്പെട്ടു. സംഘപരിവാർ അതിന്റെ അടിസ്ഥാനങ്ങളിൽ ഉറച്ചു നിന്നു. ശ്രദ്ധിക്കുക സംഘപരിവാറിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പി മാത്രമാണ് പരാജയപ്പെട്ടത്.

എന്താണ് ആർ.എസ്.എസിന്റെ കുടുംബസങ്കൽപ്പം?

ആർ.എസ്.എസിന്റെ കുടുംബ പ്രബോധൻ എന്ന ആശയം കുടുംബത്തെ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ കൈമാറുന്ന പ്രധാന സ്ഥാപനമായി കാണുന്നു. കുടുംബ ഐക്യം, മുതിർന്നവരോടുള്ള ബഹുമാനം, കുട്ടികളിൽ സാംസ്കാരിക മൂല്യങ്ങൾ വളർത്തുക, ഭാരതീയ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുക, കുടുംബത്തിലൂടെ സാമൂഹിക ഉത്തരവാദിത്തബോധം വളർത്തുക.

ഒരു പാട്രിയാർക്കൽ സമൂഹത്തിൽ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി കുടുംബത്തെ വാഴിക്കുമ്പോൾ അതിൽ ജനാധിപത്യമില്ല പുരുഷാധിപത്യം മാത്രമാണ് ഉണ്ടായിത്തീരുന്നത്. രാമായണത്തിൽ ഘോഷിക്കപ്പെടുന്ന കുടുംബ സങ്കൽപ്പവും മറ്റൊന്നല്ല. അപ്പോളാണ് ഒരാൾക്ക് ഗർഭിണിയായ സ്വന്തം ഭാര്യയെ ചതിയിലൂടെ കാട്ടിൽ ഉപേക്ഷിക്കാനാവുക.

അതും നാട്ടുകാരെന്തു പറയും എന്ന പെറ്റി റീസൺ വച്ചിട്ട്? ഇത്രയ്ക്ക് ചീപ്പാണോ ആർട്ടിസ്റ്റ് ബേബി എന്ന സിനിമ ഡയലോഗ് ആണ് രാമനോടുള്ള ചോദ്യമായി മനസ്സിൽ വരുന്നത്. (“സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം” (Caesar’s wife must be above suspicion) എന്നത് തികച്ചും ഒരു പാശ്ചാത്യ (റോമൻ) പാരമ്പര്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന ഒരു ആശയമാണ്. അതോണ്ട് ഇക്കാര്യം പറഞ്ഞു ന്യായീകരിച്ചു മെഴുകേണ്ട) ഇതിൽ മനുഷ്യമൂല്യങ്ങൾ ഒന്നുമല്ല, അധികാരം മാത്രമാണ് പ്രവർത്തിക്കുന്നത്.

പാട്രിയാർക്കൽ കുടുംബത്തിന് വേണ്ടിയാണ് സംഘപരിവാർ നിലകൊള്ളുന്നത് എന്നത് കൊണ്ട് തന്നെ ആത്യന്തികമായി പ്രധാന പരിവാർ സംഘടനയായ ആർ.എസ്.എസ് ഒരു സ്ത്രീവിരുദ്ധ, മനുഷ്യ വിരുദ്ധ ആൺകൂട്ടം മാത്രമായിത്തീരുന്നു. അപ്പോൾ അവർക്ക് കൗസർ ബാനുവിന്റെ വയർ പിളർന്നു കുഞ്ഞിനെ കൊല്ലാനും, നിറവയറുമായി നിൽക്കുന്ന ബിൽക്കീസ് ബാനുവിനെ ഗാങ് റേപ്പ് ചെയ്യാനും സാധിക്കുന്നു.

ബാബറി മസ്ജിദ് തകർത്തു ക്ഷേത്രം പണിതിട്ട്, 2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് അയോധ്യ ക്ഷേത്രത്തിൽ പുതിയ രാം ലല്ല വിഗ്രഹം പ്രതിഷ്ഠിച്ചത്! ആ സമയത്ത് മോഹൻ ഭാഗവത് പറഞ്ഞൊരു കാര്യമുണ്ട്, രാമരാജ്യം വരുന്നുവെന്നും രാജ്യത്തെ എല്ലാവരും തർക്കങ്ങൾ ഒഴിവാക്കി ഐക്യത്തോടെ നിലകൊള്ളണമെന്നുമാണ് ആർ‌.എസ്‌.എസ് മേധാവി മൊഴിഞ്ഞത്.

അപ്പോൾ എന്താണ് ഭാഗവത് പറയുന്ന രാമരാജ്യം, സ്വാഭാവികമായും അത് ചാതുർവർണ്ണ്യത്തിന്റെ പുതിയ വേർഷൻ ആയിരിക്കുമല്ലോ. നേരത്തേ തന്നെ വിശദമാക്കിയിരുന്നു ദശരഥനിലൂടെ, ക്ഷത്രിയരിലൂടെ യഥാർത്ഥത്തിൽ ഭരിച്ചിരുന്നത് ബ്രാഹ്മണണരും അവരുടെ മേധാവിത്വം ഊട്ടിയുറപ്പിക്കുന്ന സ്‌മൃതികളും സൂത്രങ്ങളുമായിരുന്നു. അവരുടെ മേധാവിത്വത്തിനു ഭീഷണി ആകും എന്നവർ കരുതുന്നവർക്ക് ശംബൂകൻ എന്ന ശൂദ്രമുനി യുടെ അവസ്ഥ വരുന്നു. ഇന്ന് വളരെ obvious ആയി ഇത് ചെയ്യാൻ സംഘപരിവാറിന് കഴിയുന്നില്ല. ലോകരാജ്യങ്ങളുടെ മുന്നിലെ ഇമേജ് പോവും, ഉപരോധങ്ങൾ വന്നേക്കും.

അപ്പോൾ തല വെട്ടുന്നതിനു പകരം അവർ വോട്ടേഴ്‌സ് ലിസ്റ്റിലെ പേര് വെട്ടാം എന്ന് തീരുമാനിക്കുന്നു. അന്ന് മായ്ച്ചു കളയപ്പെട്ട, പുറത്ത് നിർത്തപ്പെട്ട ചണ്ടാളർ എന്ന് വിളിക്കപ്പെട്ട മനുഷ്യർ, അരികുവൽക്കരിക്കപ്പെട്ട മനുഷ്യർ ഇന്ന് വീണ്ടും ഇന്ന് SIR ലൂടെ പുറത്ത് നിർത്തപ്പെടുന്ന അവസ്ഥ വരുന്നു. അങ്ങനെ സാധാരണ മനുഷ്യന്റെ ഭരണം തീരുമാനിക്കുന്നതിലെ പങ്കാളിത്തം എടുത്തു കളയാൻ ഹിന്ദുത്വ ആകുന്ന പണിയെല്ലാം എടുക്കുന്നു.

2026 ഫെബ്രുവരിയിൽ രാമായണ നിർമാതാക്കളിൽ ഒരാളായ നമിത് മൽഹോത്ര നടത്തിയ ഒരു പ്രസ്താവനയുണ്ട് .ഹോളിവുഡ് സിനിമകളിൽ ഇന്ത്യക്കാരെ പലപ്പോഴും ഇരകളായാണ് ചിത്രീകരിക്കുന്നതെന്നും ഇന്ത്യൻ ചരിത്രത്തിനും സംസ്കാരത്തിനും വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാമായണം ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ചരിത്രവും സംസ്കാരവും അഭിമാനത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണെന്നും വ്യക്തമാക്കി. ഇതിൽനിന്ന് വ്യക്തമാകുന്നത് സിനിമയ്ക്ക് ഒരു സാംസ്കാരിക ദേശീയതയുടെ തലം അദ്ദേഹം കൊടുക്കുന്നുണ്ട് എന്നതാണ്. 2026 ഏപ്രിൽ 5-ന് നടത്തിയ അഭിമുഖത്തിൽ, 2014-ൽ നരേന്ദ്രമോദി അധികാരത്തിലെത്തിയതിനുശേഷം പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഏത് മോഡി?
2002-ലെ ഗുജറാത്ത് കലാപത്തെ തുടർന്ന് അമേരിക്കയും യു.കെയും വിസ നിഷേധിക്കുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്ത മോഡി! ചേർത്ത് വായിക്കേണ്ട സംഗതികളാണ് രണ്ടും.

ഇത്രയും മിസോജിനിസ്റ്റിക്കും ചാതുർവർണ്യത്തെ ഉയർത്തിപ്പിടിക്കുന്നതുമായ ഒരു സാധനം എടുത്തു വച്ചിട്ടാണ് നിർമാതാവ് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ചരിത്രവും സംസ്കാരവും അഭിമാനത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണെന്നൊക്കെ തട്ടി വിടുന്നത്. ഇന്ത്യയുടെ സംസ്കാരവും അഭിമാനത്തോടെ അവതരിപ്പിക്കാനുള്ള വഴിയൊക്കെയുണ്ട്. പക്ഷെ സംഘപരിവാറിന് താല്പര്യം ഉണ്ടാവില്ല.

ആദിശങ്കരൻ സർവജ്ഞപീഠം കയറാൻ പോയപ്പോൾ തോറ്റു പോയത് ഒരു സ്ത്രീയുടെ മുന്നിലാണ്. മഹിഷ്മതിയിൽ (ബാഹുബലിയിൽ പറയുന്ന സ്ഥലമല്ല, ഇന്നത്തെ ബീഹാറിലാണ്) വച്ച് നടന്ന പ്രശസ്തമായ വാദപ്രതിവാദത്തിൽ ഉഭയഭാരതി എന്ന സ്ത്രീ വന്നിട്ട്
ബ്രോ തനിക്ക് സെക്ഷ്വൽ ഇന്റർകോഴ്സ്, കാമശാസ്ത്ര ഇതിനെക്കുറിച്ച് വല്ലതും അറിയാമോ എന്ന് ചോദിച്ചു.

ആദിശങ്കരൻ തേഞ്ഞു. പുള്ളി ഒരു മാസം സമയം ചോദിച്ചു. എന്നിട്ട് പരകായപ്രവേശം (മറ്റൊരു ശരീരത്തിൽ പ്രവേശിക്കുന്ന വിദ്യ) വഴി അമരുകൻ എന്ന മരിച്ച രാജാവിന്റെ ശരീരത്തിൽ പ്രവേശിച്ച് ശങ്കരൻ ദാമ്പത്യജീവിതത്തെയും കാമശാസ്ത്രത്തെയും കുറിച്ച് മനസ്സിലാക്കി വന്നു തർക്കിച്ചു തോൽപ്പിച്ചു എന്ന് കഥ വന്നു. ഗോൾ അടിക്കുമ്പോൾ പോസ്റ്റ് മാറ്റി വച്ചു ജയിക്കുന്ന ടാക്ടിക്കൽ സെറ്റപ്പ് അന്നും ആർഷ ഭാരതത്തിൽ ഉണ്ടായിരുന്നു. പിന്നെ തൽക്കാലത്തേയ്ക്ക് ആണെങ്കിലും ശങ്കരൻ ഒരു സ്ത്രീക്ക് മുന്നിൽ തോറ്റു കൂടല്ലോ, അപ്പോൾ ഉഭയഭാരതി സരസ്വതി ദേവിയുടെ അവതാരമാണെന്ന കഥ ഇറക്കി പൗരോഹിത്യം.

ഭയം വിതച്ചാണ് സംഘപരിവാറും ബി.ജെ.പി യും അവരുടെ അജണ്ടകൾ നടപ്പാക്കിയിരുന്നത്. പക്ഷെ അവരിപ്പോൾ തോറ്റു പോകുന്നത് പാറ്റകൾ എന്ന് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് ആക്ഷേപിച്ച ജൻ സീ കുട്ടികളുടെ മുന്നിലാണ്. അതിന് കാരണവുമുണ്ട്.

കുട്ടികൾ മിക്കവരും ഒരിക്കലും സംഘപരിവാറിന്റെ പുരുഷ കേന്ദ്രീകൃത കുടുംബ സെറ്റപ്പിനെ അംഗീകരിക്കുന്നവരല്ല. പലരും തങ്ങളുടെ കുടുംബം ബിജെപി യുടെ അന്ധഭക്തർ ആണെന്നും അവരോടും കൂടി എതിരിട്ടാണ് തങ്ങൾ ബിജെപി ക്കെതിരെ സമരം ചെയ്യുന്നതെന്ന്‌ പറയുകയും ചെയ്യുന്നു. ഈ പാട്രിയാർക്കൽ കുടുംബ സംവിധാനമാണ് സംഘപരിവാറിന്റെ അടിത്തറ.

കുട്ടികൾ കുടുംബത്തെയാണോ തള്ളിപ്പറയുന്നത്? അല്ല അതിലെ അധികാരഘടനയെയാണ്, പുരുഷ അധിപത്യത്തെയാണ് അവർ തള്ളിപ്പറയുന്നത്. എന്നിട്ട് കാലത്തിനനുസരിച്ചു അതിനെ റീഡിഫൈൻ ചെയ്തെടുക്കുമ്പോൾ സംഘപരിവാർ അടിത്തറയാക്കിയിരുന്ന, രാമായണം മുതൽക്കേ പൗരോഹിത്യം കൊട്ടിഘോഷിച്ച, അവരുടെ അടിത്തറയാണ് ഇളകുന്നത്.

തെരുവിൽ ഈ രാജ്യം ആരുടെയും തന്തയുടെ വകയല്ല എന്നെഴുതിയ പ്ലകാർഡുമായി നിൽക്കുന്നത് പെൺകുട്ടികളാണ്. സമരം നയിക്കുന്നവരുടെ മുൻനിരയിൽ ഐഷി ഘോഷും, നേഹ ബോറയും അശ്വതി വെർമയും പോലെയുള്ള പെൺകുട്ടികൾ. ഉപേക്ഷിക്കപ്പെടുമ്പോൾ പ്രതികരിക്കാത്ത ആര്യപുത്രി സീതയുടെ പിന്മുറക്കാരല്ല അവർ മറിച്ചു ഒറ്റചിലമ്പിനാൽ അനീതിയുടെ പുരമെരിക്കുന്ന ദ്രാവിഡ പുത്രി കണ്ണകിയുടെ പോരാട്ടവീര്യം നെഞ്ചിലേറ്റുന്ന കുട്ടികൾ. അവരെ ഭയക്കാതിരിക്കുന്നതെങ്ങിനെ സംഘപരിവാറും മോഡീ ഷാ സഖ്യവും?

Nationalistic Narcissism, collective Narcissism എന്നൊക്കെപ്പറയുന്ന ചില സംഗതികളുണ്ട്. സംഘപരിവാർ അടക്കമുള്ള ഫാസിസ്റ്റ് സംഘടനകൾ വച്ചു പുലർത്തുന്ന ഒരു മനോഭാവമാണിത്. ഒരു വ്യക്തി താൻ ഉൾപ്പെടുന്ന ദേശീയമോ സാമൂഹികമോ ആയ ഗ്രൂപ്പ് അസാധാരണമായി മഹത്തരമാണെന്ന് വിശ്വസിക്കുകയും ആ ഗ്രൂപ്പിന് മറ്റുള്ളവരിൽ നിന്ന് ലഭിക്കേണ്ട അംഗീകാരം ലഭിക്കുന്നില്ലെന്ന് കരുതുകയും ചെയ്യുന്ന അവസ്ഥയാണ്. സ്വന്തം രാജ്യത്തെക്കുറിച്ച് ഒരാൾക്ക് വളരെ ഉയർന്ന ആത്മാഭിമാനമുണ്ടെന്ന് തോന്നാം. എന്നാൽ അതേ സമയം പുറത്തുനിന്നുള്ള അംഗീകാരത്തെക്കുറിച്ച് അയാൾക്ക് വലിയ അരക്ഷിതാവസ്ഥയുണ്ടാകാം.

നാസിസം, ഫാസിസം, ഹിന്ദുത്വ അഥവാ സംഘിസം, Don’t you see the irony? എല്ലാത്തിലും മേൽപ്പറഞ്ഞ ഏനക്കേട് മുഴച്ചു നിൽക്കുന്നുണ്ട്. ‘എന്റെ രാജ്യത്തെ വിമർശിക്കാൻ നിങ്ങൾക്ക് അവകാശമില്ല. നമ്മുടെ ചരിത്രത്തിൽ തെറ്റുകളില്ല. നമ്മുടെ സംസ്കാരത്തെ ചോദ്യം ചെയ്യുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണ്.’ എന്ന് പറയുന്ന ടോക്സിക്/ബ്ലൈൻഡ് ദേശീയതയാണ് ഇവരുടെ മുഖമുദ്ര.

Nationalistic Narcissism ന്റെ രാഷ്ട്രീയ ഉപയോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് Scapegoating.സ്വന്തം രാജ്യത്ത് തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക അസമത്വം, സാമൂഹിക സംഘർഷം തുടങ്ങിയ പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്നു കരുതുക. അത് അഡ്രസ് ചെയ്യാതെ, രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് ഒരു ന്യൂനപക്ഷ വിഭാഗമാണ് കാരണം, രാജ്യത്തിന്റെ സംസ്കാരം നശിപ്പിക്കുന്നത് ഒരു പ്രത്യേക മതവിഭാഗമാണ്. തൊഴിലില്ലായ്മയ്ക്ക് കുടിയേറ്റക്കാരാണ് ഉത്തരവാദികൾ.

രാജ്യത്തിന്റെ പഴയ മഹത്വം നഷ്ടപ്പെട്ടത് ആഭ്യന്തര ശത്രുക്കൾ കാരണമാണ്. എന്നിങ്ങനെ സ്വന്തം പ്രശ്നങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പരിപാടിയാണിത്. ഇവിടെ സംഭവിക്കുന്ന കാര്യങ്ങൾ, ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറുന്നു, ഒരു പൊതുശത്രുവിനെ സൃഷ്ടിക്കുന്നു, ഭൂരിപക്ഷ വിഭാഗത്തിൽ കൂട്ടായ ഐക്യബോധം വളർത്തുന്നു രാഷ്ട്രീയ നേതാവ് രക്ഷകനായി അവതരിപ്പിക്കപ്പെടുന്നു എന്നിവയൊക്കെയാണ്. അങ്ങനെയാണ് മോഡിയുടെ 56 ഇഞ്ച് നെഞ്ചളവൊക്കെ രാഷ്ട്രീയ ചർച്ചയാകുന്നത്.

ഇങ്ങനെയൊക്കെ സംഘപരിവാർ ടോക്സിക്ക് ആക്കി വച്ചിരിക്കുന്ന ഒരു സമൂഹത്തിലേക്ക്, രാമായണം സീരിയലിലൂടെ എൺപതുകളിൽ ഉണ്ടായ പ്രതിഭാസം ആവർത്തിക്കാൻ, ഇവിടെയൊരു പോളറൈസേഷൻ ഉണ്ടാക്കാൻ, രാമായണം സിനിമയാക്കി ഇറക്കിയിട്ട് ഇനി വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഹിന്ദുത്വ തീവ്രവാദികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ ഗംഗയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയിരിക്കുന്നു.

വ്യക്തിബന്ധങ്ങളിലാവട്ടെ, സമൂഹത്തിലാവാട്ടെ ടോക്സിസിറ്റിയോട് എങ്ങനെ പ്രതികരിക്കണം എന്ന അസാധ്യ ക്‌ളാരിറ്റിയുള്ള കുട്ടികളാണ് ഇന്നുള്ളത്. ഭീഷ്‌മയിലെ മൈക്കിളപ്പന്റെ ഡയലോഗ് കടമെടുത്താൽ നാഗ്പൂർ ഗ്യാങ്ങാണ്, ഹിന്ദിയിൽ പറയണം, പിള്ളേര് ജാവോ എന്ന് പറയുന്നുണ്ട് സംഘപരിവാറിനോടും മോഡി ഷാ സഖ്യത്തോടും.

മാറിപ്പോയാൽ അവർക്ക് കൊള്ളാം. കാലം മാറിയത് ചിലപ്പോൾ ഫാസിസ്റ്റുകൾ തിരിച്ചറിയുക വിലക്കുകാലിൽ സ്വന്തം നേതാവിന്റെ ശവം തല കീഴായി തൂങ്ങിയാടുന്നത് കാണുമ്പോളായിരിക്കും. അതാണ് ചരിത്രം. ഇന്ത്യയിലെ നവനാസികൾക്കും ഇപ്പറഞ്ഞത് പോലെ തിരിച്ചറിവുകൾ ഉണ്ടാവട്ടെ.

Content Highlight:The Political Mission of the Ramayana and the Psychology of Sangh Fascism.