1995ല്‍ പുറത്തിറങ്ങിയ മാന്ത്രികം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ വളരെ ചെറിയ വേഷത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിനായകന്‍. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ ഇന്ന് മലയാളത്തില്‍ മാത്രമല്ല തമിഴിലും അറിയപ്പെടുന്ന നടനായി മാറിയിരിക്കുകയാണ് അദ്ദേഹം. കോമഡി കഥാപാത്രങ്ങളും വില്ലന്‍ ക്യാരക്ടേഴ്സും ഒരു പോലെ കൈകാര്യം ചെയ്യാനുള്ള താരത്തിന്റെ കഴിവ് പ്രശംസനീയമാണ്.

വിനായകന്‍. Photo: IMDB

കളങ്കാവലിലെ നത്തും ആടിലെ ഡ്യൂഡും കമ്മട്ടിപ്പാടത്തിലെ ഗംഗയും എല്ലാം താരത്തിന്റെ മികച്ച കഥാപാത്രങ്ങളില്‍ ചിലത് മാത്രമാണ്. എന്നാല്‍ രാജ്യാന്തരതലത്തില്‍ വിനായകന് ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു 2023ല്‍ പുറത്തിറങ്ങിയ രജിനികാന്ത് നായകനായ ജയിലര്‍. ചിത്രത്തിലെ വര്‍മന്‍ എന്ന കഥാപാത്രം താരത്തിന് വലിയ പ്രശംസയായിരുന്നു നേടിക്കൊടുത്തത്. രജിനികാന്ത്, മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്റോഫ് തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ തന്റെ പെര്‍ഫോമന്‍സിലൂടെയായിരുന്നു വിനായകന്‍ കളം പിടിച്ചത്.

അടുത്തിടെ മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ വര്‍മന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുമ്പ് താന്‍ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് വിനായകന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘എന്റെ എല്ലാ സെറ്റിലും അഭിനയിക്കാന്‍ കയറുന്നതിന് മുമ്പ് എല്ലാവരെയും ഞാന്‍ കൊന്നുകളയും. അവിടെയുള്ളവരെയെല്ലാം മെന്റലി കൊന്നതിന് ശേഷം മാത്രമേ ഞാന്‍ ലൊക്കേഷനിലേക്ക് കയറുകയുള്ളൂ. ആക്ടറാണല്ലോ, വിനായാകനല്ല അങ്ങോട്ട് വരുന്നത്, വര്‍മനാണ്. അഭിനയിക്കുന്ന സമയത്ത് ആ മൈന്‍ഡ് സെറ്റില്‍ എത്തിയാല്‍ മാത്രമേ മുന്നിലിരിക്കുന്നത് രജിനികാന്തല്ല, മുത്തുവേല്‍ പാണ്ഡ്യനാണെന്ന് തോന്നുകയുള്ളൂ. അത് ബ്രേക്ക് ചെയ്ത് കളയാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അയ്യോ, രജിനി സാറെന്ന് പറഞ്ഞ് നമ്മള്‍ വിറച്ച് കൊണ്ടിരിക്കും,’വിനായകന്‍ പറഞ്ഞു.

വര്‍മന്‍, ജയിലര്‍. Photo: Ott Play

പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ഫാന്റസി ത്രില്ലര്‍ ചിത്രം ടൈറ്റന്‍സായിരുന്നു വിനായകന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ ജയസൂര്യയും പ്രധാനവേഷത്തിലെത്തിയിരുന്നു.

 

Content Highlight: Vinayakan talks about his acting preparations before acting as Varman in jailer 2