ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇരുവരും തമ്മിലുള്ള നാലാം മത്സരം നവംബര്‍ 13ന് ബെയ് ഓവലില്‍ നടക്കും. മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കെ.എല്‍. രാഹുലും അന്‍ഷുല്‍ കാംബോജും പുറത്താകും.

താരങ്ങള്‍ക്ക് പകരമായി ആരൊക്കെയാണ് പ്ലെയിങ് ഇലവനില്‍ ഇടം നേടുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ക്രിക്ക്ബസില്‍ നടന്നചര്‍ച്ചയില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ മുരളി കാര്‍ത്തിക്കും അമ്പാട്ടി റായുഡുവും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.

ഗില്ലിന് പകരം ഇഷാന്‍ കിഷന്‍ ഓപ്പണിങ് പൊസിഷനില്‍ കളിക്കണമെന്നാണ് റായിഡു പറഞ്ഞു. സ്‌ക്വാഡിലുള്ള ഋതുരാജ് ഗെയ്ക്വാദിനും പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കണമെന്ന് അദ്ദേഹം ചൂട്ടിക്കാട്ടി.

‘ശുഭ്മന്‍ ഗില്ലിന് പകരം ഇഷാന്‍ കിഷനെ ഓപ്പണറാക്കി രോഹിത് ശര്‍മയ്‌ക്കൊപ്പം കളിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഋതുരാജ് ഗെയ്ക്വാദ് സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും അടുത്തകാലത്തായി ഇന്ത്യയ്ക്കായി ഓപ്പണറായി കളിച്ചിട്ടില്ല. ഇഷാന്‍ കിഷനും ഋതുരാജ് ഗെയ്ക്വാദും പ്ലെയിങ് ഇലവനില്‍ ഇടം നേടണമെന്നാണ് എന്റെ അഭിപ്രായം. ബാറ്റിങ് ഓര്‍ഡറില്‍ ഏത് സ്ഥാനത്തും ഇരുവരെയും കളിപ്പിക്കാം,’ ക്രിക്ബസില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ മുരളി കാര്‍ത്തിക്കും ഈ മാറ്റങ്ങളെ പിന്തുണച്ചു. അടുത്തിടെ മധ്യനിരയില്‍ ചില മത്സരങ്ങളില്‍ മാത്രം അവസരം ലഭിച്ച ഋതുരാജ് ഗെയ്ക്വാദിന് കൂടുതല്‍ മത്സരസമയം നല്‍കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഇഷാന്‍ കിഷനെ ഓപ്പണിങ്ങില്‍ കളിപ്പിക്കാം. ഋതുരാജിനെ മധ്യനിരയില്‍ പരീക്ഷിച്ചിട്ടുള്ളതിനാല്‍ കെ.എല്‍. രാഹുലിന് പകരം അദ്ദേഹത്തെ ഉള്‍പ്പെടുത്താം. അങ്ങനെ ഇടംകൈ-വലംകൈ ബാറ്റിങ് കോമ്പിനേഷനും ലഭിക്കും. ഋതുരാജിന് അവസരം നല്‍കുക എന്നതാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. യാഷ് താക്കൂറിനാണോ മുഹമ്മദ് സിറാജിനാണോ അവസരം ലഭിക്കുക എന്നതും നോക്കണം.

സിറാജിന് ഒരു മത്സരം കളിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗില്‍, രാഹുല്‍, കാംബോജ് എന്നിവര്‍ പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്തായതോടെ അവര്‍ക്ക് പകരക്കാരായി ഉള്‍പ്പെടുത്താന്‍ മൂന്ന് താരങ്ങള്‍ ടീമിലുണ്ട്,’ കാര്‍ത്തിക് പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരായ നാലും അഞ്ചും ഏകദിനങ്ങള്‍ക്കുള്ള സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, നമന്‍ ധിര്‍, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, കുമാര്‍ കുശാഗ്ര, മുഹമ്മദ് സിറാജ്, യാഷ് താക്കൂര്‍, കുല്‍ദീപ് യാദവ്.

Content Highlight: Ambati Rayudu And Murali Karthik Talking About Indian Opener Against New Zealand ODI