മുംഗര്‍: ബീഹാറിലെ മുംഗറില്‍ നടന്ന മാ കാളി വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഹിന്ദു ഭക്തരെ മുസ്‌ലിം സമുദായാംഗങ്ങള്‍ റോസാപ്പൂക്കള്‍ നല്‍കി സ്വീകരിച്ചു. പ്രദേശത്തിന്റെ പാരമ്പര്യമായ ‘ഗംഗാ-ജമുനി തെഹ്സീബിന്റെ’ (മതസൗഹാര്‍ദ സംസ്‌കാരം) മനോഹരമായ നേര്‍ക്കാഴ്ചയായി ഈ ചടങ്ങ് മാറി.

ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് ഹസന്‍പൂരില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. ‘ജയ് മാ കാളി’ എന്ന ഭക്തിഗാനങ്ങളും മുദ്രാവാക്യങ്ങളുമായി നീങ്ങിയ ഘോഷയാത്ര കാണാനും ദേവിയുടെ ദര്‍ശനം ലഭിക്കാനും വഴിനീളെ ആയിരക്കണക്കിന് ഭക്തര്‍ തടിച്ചുകൂടിയിരുന്നു. സ്ത്രീകള്‍ പരമ്പരാഗത യാത്രയയപ്പ് ഗാനങ്ങള്‍ ആലപിച്ചും നാട്ടുകാര്‍ വഴിയരികില്‍ വര്‍ണാഭമായ രംഗോലികള്‍ തീര്‍ത്തും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

ഹസന്‍പൂരില്‍ നിന്ന് സീതാകുണ്ഡ് വഴി വൈകുന്നേരം സോജി ഗംഗാ ഘട്ടിലെ നിമജ്ജന സ്ഥലത്തേക്ക് നീങ്ങിയ ഘോഷയാത്ര ബര്‍ദാഹ് ഗ്രാമത്തില്‍ എത്തിയപ്പോഴാണ് മുസ്‌ലിം നിവാസികള്‍ സ്‌നേഹനിര്‍ഭരമായ സ്വീകരണം ഒരുക്കിയത്.

സാഹോദര്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സന്ദേശം പകര്‍ന്ന ഈ സ്വീകരണത്തിന് മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം പര്‍വേസ് ചന്ദ് നേതൃത്വം നല്‍കി. സമുദായാംഗങ്ങളായ സിയാവുര്‍ റഹ്‌മാന്‍, ഫിറോസ് ആലം എന്നിവര്‍ക്കൊപ്പം രാജേഷ് കുമാര്‍ ദാസും ചേര്‍ന്ന് ഘോഷയാത്രയില്‍ പങ്കെടുത്ത ഭക്തര്‍ക്ക് കുടിവെള്ളവും മറ്റ് സൗകര്യങ്ങളും വിതരണം ചെയ്തു.

ഘോഷയാത്രയും വിഗ്രഹ നിമജ്ജനവും സമാധാനപരമായി പൂര്‍ത്തിയാക്കുന്നതിനായി ജില്ലാ ഭരണകൂടം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. മജിസ്ട്രേറ്റുമാരുടെ മേല്‍നോട്ടത്തില്‍ അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു.

Content Highlight: Muslims welcome Hindu devotees by offering roses: A rare sight of religious harmony in Bihar