രോമാഞ്ചം, ആവേശം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമയാണ് ‘സീൻ’. ആവേശത്തിന് ശേഷം സൂര്യയെ നായകനാക്കി ജിത്തു ഒരുക്കുന്ന ചിത്രം എന്ന നിലയിൽ റിലീസിന് മുമ്പുതന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ലഭിച്ചത്. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോഴേക്കും ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഏകദേശം 174 കോടി രൂപയും ചിത്രം സ്വന്തമാക്കി.

സൂര്യ ഇൻമ്പരാജ് എന്ന കഥാപാത്രമായി എത്തുമ്പോൾ, ഈശ്വർ എന്ന വില്ലൻ വേഷത്തിലാണ് നസ്ലെൻ അഭിനയിക്കുന്നത്. മായ എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ‘സീൻ’ എന്ന ചിത്രത്തിനുണ്ട്.

സീൻ. Photo. Screen Grab/ Youtube

ഇപ്പോഴിതാ സൂര്യയും നസ്‌ലെനും ഒരുമിച്ചുള്ള ഫൈറ്റ് രംഗങ്ങൾ ചിത്രീകരിച്ചപ്പോൾ സെറ്റിൽ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ജിത്തു മാധവൻ. നസ്‌ലെൻ സൂര്യയെ ബോട്ടിൽ കൊണ്ട് അടിക്കുന്ന രംഗം ചിത്രീകരിച്ചതിനിടെയുണ്ടായ സംഭവവും അദ്ദേഹം പങ്കുവെച്ചു. സഹതാരങ്ങളുടെ സുരക്ഷയിൽ സൂര്യ കാണിച്ചിരുന്ന കരുതലിനെക്കുറിച്ചും ജിത്തു ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചു.

‘നസ്‌ലെനും സൂര്യ സാറും തമ്മിലുള്ള ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ഭയങ്കര ഫൺ ആയിരുന്നു. സൂര്യ സാറിനെ ബോട്ടിൽ വെച്ച് അടിക്കുന്നൊരു രംഗമുണ്ടായിരുന്നു. നസ്‌ലെൻ മൂന്ന് തവണ അടിച്ചു. അഞ്ചാമത്തെ ടേക്കിൽ കുറച്ച് ഫോഴ്‌സ് കൂടിപ്പോയി. അപ്പോൾ അവൻ സൂര്യ സാറിനോട്, ‘സോറി സാർ, കുറച്ച് ഫോഴ്‌സ് ആയി’ എന്ന് പറഞ്ഞു. അപ്പോൾ സാർ രസകരമായി, ‘സാരമില്ലെടാ, അടുത്തത് ഞാനാണ് നിന്നെ അടിക്കാൻ പോകുന്നത്’ എന്നായിരുന്നു മറുപടി,’ ജിത്തു മാധവൻ പറഞ്ഞു.

ഇരുവരും തമ്മിൽ അത്തരമൊരു പരസ്പര സഹകരണം ഉണ്ടായിരുന്നുവെന്നും സംവിധായകൻ പറയുന്നു. ഫൈറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നവരുടെ സുരക്ഷയ്ക്ക് സൂര്യ പ്രത്യേക ശ്രദ്ധ നൽകിയിരുന്നുവെന്നും ജിത്തു വെളിപ്പെടുത്തി.

‘സെറ്റിൽ ആരുടെ കൂടെ ഫൈറ്റ് ചെയ്താലും സൂര്യ സാർ എല്ലാവരെയും ഭയങ്കരമായി കെയർ ചെയ്യും. അത് നസ്‌ലെൻ ആയാലും അവിടെയുണ്ടായിരുന്ന മറ്റ് ഫൈറ്റേഴ്സ് ആയാലും എല്ലാവരുടെയും കാര്യത്തിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. പ്രൊട്ടക്ഷൻ വെച്ചിട്ടുണ്ടോ, പാഡ് ഇട്ടിട്ടുണ്ടോ എന്നൊക്കെ നിരന്തരം ചോദിച്ചുകൊണ്ടിരിക്കും,’ ജിത്തു മാധവൻ പറഞ്ഞു.

ഒരിക്കൽ നസ്‌ലെൻ പാഡും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ഫൈറ്റ് ചെയ്തപ്പോഴും സൂര്യ ഇടപെട്ടിരുന്നുവെന്ന് ജിത്തു കൂട്ടിച്ചേർത്തു.

സീൻ. Photo. IMDb

 

‘പാഡ് വെക്കാതെ ഫൈറ്റ് ചെയ്യുന്നത് കണ്ടപ്പോൾ നസ്‌ലെനോട് പാഡ് വെച്ചിട്ട് മാത്രമേ ഫൈറ്റ് ചെയ്യാവൂ എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളിലും സൂര്യ സാർ അത്രത്തോളം ശ്രദ്ധിക്കാറുണ്ട്,’ ജിത്തു മാധവൻ പറഞ്ഞു.

Content Highlight:  Director Jithu Madhavan says that there were many interesting experiences on set while filming the fight sequences featuring Suriya and Naslen.