സിനിമ മാറുന്നതിനൊപ്പം പല കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന രീതിയും മാറുകയാണ്. നായകനൊപ്പം ആടാനും പാടാനും റൊമാന്‍സ് ചെയ്യാനും വേണ്ടി മാത്രം കാസ്റ്റ് ചെയ്യുന്നവരായിരുന്നു പണ്ടുകാലത്തെ നായികമാര്‍. മലയാളത്തില്‍ ഇത്തരം ക്ലീഷേകള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ മാറിയെങ്കിലും മറ്റ് ഇന്‍ഡസ്ട്രികളില്‍ ഈ ചടങ്ങ് ഇപ്പോഴും നടക്കുന്നുണ്ട്.

തമിഴ് ഇന്‍ഡസ്ട്രിയില്‍ ഈയൊരു ക്ലീഷേ സമീപകാലത്തായി പൊളിച്ചെഴുതപ്പെടുകയാണ്. തമിഴിലെ സൂപ്പര്‍താരങ്ങളായ വിജയ്‌യുടെയും സൂര്യയുടെയും സിനിമകളിലാണ് ഇതിന് മാറ്റം വന്നത്. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന സീനിലും വിജയ്‌യുടെ അവസാന ചിത്രം ജന നായകനിലുമാണ് ക്ലീഷേ പൊളിച്ചത്.

എത്ര അടികൊണ്ട് വീണുകിടക്കുകയാണെങ്കിലും നായികയെ രക്ഷിക്കാനായി എഴുന്നേറ്റുവരുന്ന നായകനെന്ന ക്ലീഷേയാണ് ഈ രണ്ട് സിനിമകളും തകര്‍ത്തത്. രണ്ട് സിനിമകളിലും നായകനെ കാഴ്ചക്കാരാക്കി സ്ത്രീ കഥാപാത്രങ്ങള്‍ ഫൈറ്റ് ചെയ്യുന്ന രംഗമുണ്ട്. ജന നായകന്റെ ക്ലൈമാക്‌സില്‍ മമിത അവതരിപ്പിക്കുന്ന വിജി എന്ന കഥാപാത്രം വില്ലന്മാരെ എതിര്‍ത്ത് നിന്ന് ഫൈറ്റ് ചെയ്യുന്നുണ്ട്. മമിതയുടെ ഫൈറ്റിന് വിജയ് വിസിലടിക്കുന്ന പോര്‍ഷന്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കി.

ജന നായകനെക്കാള്‍ കിടിലന്‍ ഫൈറ്റായിരുന്നു സീനിലേത്. നായകനായ സൂര്യയെ ‘കാഴ്ചക്കാരനാക്കി’ നസ്രിയയുടെ മായ എന്ന കഥാപാത്രം വില്ലന്മാരെ അടിച്ചിടുന്ന രംഗമുണ്ട്. സമീപകാലത്ത് ഒരു നായികയുടെ ഏറ്റവും കിടിലന്‍ ഫൈറ്റ് നസ്രിയയുടേതാണെന്ന് സംശയമില്ലാതെ പറയാം. തന്നെക്കാള്‍ സൈസുള്ള വില്ലന്മാരെ മായ അടിച്ചിടുന്ന സീന്‍ കണ്‍വിന്‍സായി അവതരിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു.

നസ്രിയയുടെ ഫൈറ്റ് ആവേശം സമ്മാനിച്ചപ്പോള്‍ അതേ സീനിലെ സൂര്യയുടെ പ്രകടനം പ്രേക്ഷകരില്‍ ചിരിയുണര്‍ത്തി. സൂര്യയല്ലാതെ മറ്റൊരു സൂപ്പര്‍സ്റ്റാറും ഇങ്ങനെയൊരു സീനിന് ഓക്കെ പറയില്ലെന്ന് ഉറപ്പാണ്. സൂര്യ- നസ്രിയ കെമിസ്ട്രിയെ സംവിധായകന്‍ അവതരിപ്പിച്ച രീതിയും ഗംഭീരമായിരുന്നെന്ന് പറയാം.

നായികയുടെ മാനം രക്ഷിക്കാനായി പറന്ന് ഫൈറ്റ് ചെയ്യുന്ന സോ കോള്‍ഡ് രക്ഷകന്മാരായ നായകര്‍ എന്ന ക്ലീഷേയെ ജന നായകനും സീനും ഒരുപരിധി വരെ തകര്‍ത്തിട്ടുണ്ട്. പുഷ്പ, പെദ്ദി പോലെ കാലം മാറിയതറിയാത്ത സിനിമകള്‍ പടച്ചുവിടുന്ന തെലുങ്ക് ഇന്‍ഡസ്ട്രി അടുത്ത കാലത്തൊന്നും മാറി ചിന്തിക്കില്ലെന്നും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാം.

Content Highlight: Nazriya and Mamith Baiju’s fight scenes in  Jana Nayagan and Scene movie