ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ വലിയ കുതിപ്പ് നടത്തുമെന്ന് പലരും പ്രവചിക്കുന്ന ചിത്രമാണ് ഓം. അമരന്‍ എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആരാധകര്‍ക്കിടയില്‍ വലിയ ഹൈപ്പാണുള്ളത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രതീക്ഷ നല്‍കുന്നവയായിരുന്നു.

ഇന്ത്യന്‍ സിനിമയിലെ പല വമ്പന്മാരും ഓമില്‍ അണിനിരക്കുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി, തെന്നിന്ത്യന്‍ താരം സായ് പല്ലവി, ബോളിവുഡ് ഇതിഹാസം നസറുദ്ദീന്‍ ഷാ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ഇത്രയും വലിയ താരനിരയെ സംവിധായകന്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യുമെന്ന് അറിയാനാണ് പലരും കാത്തിരിക്കുന്നത്.

ഇത്രയും വലിയ താരനിരയിലേക്ക് എങ്ങനെ എത്തി എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി. ഹൈപ്പ് ഉയര്‍ത്താന്‍ വേണ്ടി മറ്റ് ഭാഷയിലെ താരങ്ങളെ കൊണ്ടുവന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. കഥയ്ക്ക് ചേരുന്ന ആര്‍ട്ടിസ്റ്റുകളെ തെരഞ്ഞെടുക്കണമെന്നായിരുന്നെന്നും അതിനാലാണ് മമ്മൂട്ടി, നസറുദ്ദീന്‍ ഷാ എന്നിവരിലേക്ക് എത്തിയതെന്നും രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വെറുതെ കുറച്ച് ഹൈപ്പ് കയറ്റാം എന്ന ചിന്തയിലല്ല അവരെ കൊണ്ടുവന്നത്. മമ്മൂട്ടി സാറായിക്കോട്ടെ, നസറുദ്ദീന്‍ സാറായിക്കോട്ടെ, സായ് പല്ലവി ആയിക്കോട്ടെ, അവരെപ്പോലുള്ള ആര്‍ട്ടിസ്റ്റുകളെ ഈ കഥയ്ക്ക് ആവശ്യമാണ്. ഇവരൊക്കെ വന്നാല്‍ ബജറ്റ് അധികമാകുമെന്ന് അറിയാം. അതിന് യാതൊരു കുഴപ്പവും പറയാത്ത പ്രൊഡക്ഷന്‍ സൈഡാണ് എനിക്ക് കിട്ടിയത്.

മമ്മൂട്ടി സാറടക്കം എല്ലാ സീനിയര്‍ ആര്‍ട്ടിസ്റ്റുകളും നല്ല സഹകരണമായിരുന്നു. മമ്മൂട്ടി സാറിന്റെയും നസറുദ്ദീന്‍ സാറിന്റെയും സീനുകള്‍ റീടേക്ക് പോകേണ്ടി വന്നിട്ടുണ്ട്. ഒരു തവണയോ രണ്ട് തവണയോ അല്ല, പത്തിരുപത് തവണ പോകേണ്ടി വന്നു. നമ്മള്‍ ഉദ്ദേശിക്കുന്നത് എന്താണോ അത് തരാനായി അവര്‍ കൂടെ നില്‍ക്കും. ‘സീനിയര്‍ ആക്ടേഴ്‌സാണ്, ഇത്രയേ പറ്റുള്ളൂ’ എന്നുള്ള പരിഭവമൊന്നും അവര്‍ പറഞ്ഞിട്ടില്ല. ഇത്രയും കാലം ഇന്‍ഡസ്ട്രിയില്‍ അവരെ നിര്‍ത്തിയത് ഇങ്ങനെയുള്ള ചിന്താഗതി കാരണമാണ്,’ രാജ്കുമാര്‍ പെരിയസാമി പറയുന്നു.

തമിഴ്‌നാട്- ആന്ധ്ര ബോര്‍ഡറില്‍ നടക്കുന്ന ചന്ദന കടത്തും അതുമായി ചുറ്റിപ്പറ്റി നടക്കുന്ന കഥയുമാണ് ഓമിന്റേത്. സിയാ/ ബര്‍മാ കാര്‍ത്തികേയന്‍ എന്ന ഗ്യാങ്‌സ്റ്ററായി മമ്മൂട്ടി എത്തുമ്പോള്‍ നിത്യാ റെഡ്ഡി എന്ന പൊലീസ് ഓഫീസറായാണ് സായ് പല്ലവി വേഷമിടുന്ന്. ശ്രീലീല, ഇന്ദ്രന്‍സ് തുടങ്ങി വലിയ താരനിര ഓമിന്റെ ഭാഗമാണ്. നവംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Rajkumar Periyasamy says he went to so many retakes for Mammootty and Naseeruddin Shah in Om