ചെറിയ പ്രായത്തില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന് ഭാഷാതിര്‍ത്തികള്‍ കടന്ന് തിളങ്ങിയ നടന്മാരിലൊരാളാണ് വിനീത്. ലെജന്‍ഡറി സംവിധായകന് ഹരിഹരനാണ് വിനീതിനെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ തന്നിലെ നടന് വെല്ലുവിളിയുയര്‍ത്തുന്ന വേഷങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്.
നഖക്ഷതങ്ങള്‍, സര്‍ഗം, കമലദളം, അമൃതം ഗമയ തുടങ്ങി ക്ലാസിക് സിനിമകളില്‍ ശ്രദ്ധേയമായ വേഷമായിരുന്നു വിനീതിന് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ വിനീത് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കരിയറിലെ പുതിയ ഫെയ്സില്‍ ഓരോ കഥാപാത്രങ്ങളിലൂടെയും വിസ്മയിപ്പിക്കാന് വിനീതിന് സാധിക്കുന്നുണ്ട്.

കരിയറില്‍ തന്നെ പലപ്പോഴും ഉപദേശിച്ചവരില്‍ ഒരാള്‍ ഹരിഹരനാണെന്ന് പറയുകയാണ് വിനീത്. സിനിമാ സെലക്ഷനില്‍ പാളിച്ചയുണ്ടായാല്‍ അത് തുറന്ന് പറയുമെന്നും തന്നോടുള്ള കണ്‍സേണ്‍ അത്രക്ക് ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വാല്യു മനസിലാക്കണമെന്നായിരുന്നു ഹരിഹരന്റെ ഉപദേശമെന്നും താരം പറയുന്നു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു വിനീത്.
‘കോളേജിലെ ഹോളിഡേ സമയത്ത് ഒരു സിനിമയില്‍ അഭിനയിച്ചു. വലിയ ഇംപോര്‍ട്ടന്‍സുള്ള റോളൊന്നുമല്ലായിരുന്നു. പിന്നീട് കുറച്ചുനാള്‍ കഴിഞ്ഞ് ഹരന് സാറിനെ കണ്ടു. ‘ഈയിടക്ക് ഒന്നര സീന്‍ മാത്രമുള്ള ഒരു പടത്തില്‍ കണ്ടല്ലോ, എന്താ അരിവാങ്ങാന്‍ കാശില്ലാത്തതുകൊണ്ടാണോ അത് ചെയ്തത്?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

നമ്മുടെ വാല്യു എന്താണെന്ന് സ്വയം തിരിച്ചറിയണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നമ്മുടെ മേലെയുള്ള കണ്‍സേണ്‍ അദ്ദേഹത്തിന് നല്ലവണ്ണമുണ്ട്. വെയിറ്റ് ചെയ്താല്‍ നല്ല കഥ തേടിവരും. അങ്ങനെ ഉണ്ടായിട്ടുണ്ട്. ചെയ്യുമ്പോള്‍ ക്വാളിറ്റി സ്റ്റഫ് ചെയ്യണം. ചറപറാന്ന് പറഞ്ഞ് പടം ചെയ്യരുത്. എന്നാല്‍ മാത്രമേ ഓഡിയന്സിന്റെ മനസില്‍ നമ്മള് ഉണ്ടാകുള്ളൂ.
ചിലരോടുള്ള ബാധ്യത കൊണ്ട് ചില സിനിമകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. അതുപോലെ ഒന്നും കേള്‍ക്കാതെയും ചില പടങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ ചിലതൊക്കെ നന്നായി വന്നിട്ടുമുണ്ട്,’ വിനീത് പറഞ്ഞു.

നവാഗതനായ റെജിന്‍ എസ്. ബാബു സംവിധാനം ചെയ്യുന്ന ഭൗമയാണ് വിനീതിന്റെ ഏറ്റവും പുതിയ ചിത്രം. മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലര് വലിയ ചര്‍ച്ചയായിരുന്നു. ദിലീഷ് പോത്തന്, സാഗര്‍ സൂര്യ, അദിതി ബാലന്, മണിക്കുട്ടന്, ജാഫര്‍ ഇടുക്കി തുടങ്ങി വലിയ താരനിര ഭൗമയില്‍ അണിനിരക്കുന്നുണ്ട്. നവംബര്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Vineeth about the advice he got from Hariharan
