ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ചലച്ചിത്ര സംരംഭങ്ങളിലൊന്നായ ‘രാമായണ’യില്‍ ശ്രീരാമന് മലയാളത്തില്‍ ശബ്ദം നല്‍കിയത് മലയാള നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ശരത് ദാസാണ്.
രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും എത്തുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിനൊപ്പം രണ്‍ബീറിനെ നേരില്‍ കാണാന്‍ കഴിയാതെ പോയതിന്റെ ചെറിയ നിരാശയും ശരത്തിനുണ്ട്. ചിത്രത്തിന്റെ ഡബ്ബിങ്ങിനിടെ രണ്‍ബീര്‍ സ്റ്റുഡിയോയില്‍ എത്തിയിരുന്നെങ്കിലും നേരില്‍ കാണാനുള്ള അവസരം നഷ്ടമായെന്ന് ശരത് പറയുന്നു.
രണ്‍ബീര്‍ കപൂര്‍ ഡബ്ബിങ് നടക്കുന്ന സ്ഥലത്തുനിന്ന് പുറത്തേക്ക് പോയെന്നറിഞ്ഞ് കാണാനായി ഓടിയെത്തിയപ്പോഴേക്കും അദ്ദേഹം കാറില്‍ കയറി മടങ്ങിയിരുന്നു. ഒരു ഫോട്ടോ എടുക്കാനും താന്‍ മലയാളത്തില്‍ ശ്രീരാമന് ശബ്ദം നല്കിയ കാര്യം അദ്ദേഹത്തോട് പറയാനുമൊക്കെ ആഗ്രഹിച്ചിരുന്നുവെന്നും ശരത് പറയുന്നു.
‘ഞാന്‍ ഡബ്ബ് ചെയ്തുകൊണ്ടിരുന്ന സമയം അദ്ദേഹം പുറത്തേക്ക് ഇറങ്ങിയെന്ന് കേട്ടു. ഞാന്‍ ഓടിച്ചെന്നപ്പോഴേക്കും അദ്ദേഹം കാറില്‍ കയറി പോയിട്ടുണ്ടായിരുന്നു. ജസ്റ്റ് മിസായി. അല്ലെങ്കില്‍ ഒരു ഫോട്ടോയൊക്കെ എടുക്കാമായിരുന്നു.’ യു ആര് റാം, ഐ ആം ഡബ്ഡ് ഫോര്‍ റാം ഇന്‍ മലയാളം’ എന്നൊക്കെ പറയാമായിരുന്നു,’ ശരത് പറയുന്നു.

ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് സിനിമയുടെ ദൃശ്യങ്ങള്‍ പൂര്‍ണമായി കാണാനുള്ള അവസരവും ഉണ്ടായിരുന്നില്ലെന്നും ശ്രീരാമന്റെ ഭാഗങ്ങള്‍ മാത്രമാണ് കണ്ടതെന്നും ശരത് പറയുന്നു. അതും ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ദൃശ്യങ്ങളായിരുന്നു. ചിത്രത്തിന്റെ യഥാര്‍ഥ വിഷ്വല്‍സ് വ്യക്തമായി കാണിച്ചിരുന്നില്ലെന്നും സി.ജി.ഐ ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയായിരുന്നില്ലെന്നും ശരത് പറഞ്ഞു.
‘അവര്‍ ഷൂട്ട് ചെയ്ത് വെച്ചിരിക്കുന്ന ആ വലിയ സ്കെയില്‍ ഞാന്‍ കണ്ടിട്ടില്ല. ജസ്റ്റ് ശ്രീരാമന്റെ പോര്‍ഷന്‍സ് മാത്രമാണ് കണ്ടത്. അതും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍. കുറേ സ്ക്രാച്ചസും കാര്യങ്ങളുമൊക്കെയുണ്ടാകും. സിനിമയില്‍ എന്താണ് വരാന്‍ പോകുന്നത് എന്ന കാര്യത്തില്‍ ഞാനും ക്യൂരിയസ് ആയിരുന്നു. സി.ജി.ഐ ഒന്നും ആ സമയത്ത് കഴിഞ്ഞിരുന്നില്ല,’ ശരത് പറഞ്ഞു.
രാമായണയില്‍ ശ്രീരാമന് ശബ്ദം നല്കാന് മലയാളത്തില്‍ നിരവധി പേരെ പരിഗണിച്ചിരുന്നുവെന്നും അഞ്ചാമത്തെ ഘട്ടത്തിലാണ് താന്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നും ശരത് പറഞ്ഞു. മറ്റ് ഭാഷകളിലും സമാനമായ രീതിയിലായിരുന്നു ആളുകളെ കണ്ടെത്തിയത്. ഓരോ ഭാഷയിലും കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ ശബ്ദങ്ങള്‍ കണ്ടെത്തുന്നതിനായി വിവിധ ഘട്ടങ്ങളിലായി ആളുകളെ പരിഗണിക്കുകയായിരുന്നു.
യഷ് അവതരിപ്പിക്കുന്ന രാവണന് മലയാളത്തില്‍ ശബ്ദം നല്‍കുന്നത് സിജു മേക്കാടനാണ്. സീതയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് നയന്‍താര എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ്. സിനിമയിലെ രണ്‍ബീര്‍ കപൂറിന്റെയും സായ് പല്ലവിയുടെയും പ്രകടനങ്ങള്‍ ഗംഭീരമായിരുന്നുവെന്നും ശരത് പറഞ്ഞു.
നിതേഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണ: പാര്‍ട്ട് വണ്‍’ നവംബര്‍ അഞ്ചിനാണ് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തിയത്. നമിത് മല്‍ഹോത്രയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും എത്തുന്ന ചിത്രത്തില്‍ സണ്ണി ഡിയോള്‍ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും വേഷമിടുന്നു.
Content Highlight: Ranbir kapoor selfie missed while sarath tried to meet him during ramayana dubbing
