തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും സ്വകാര്യ സർവകലാശാലാ ബിൽ പുതിയ വ്യവസ്ഥകളോടെ നിയമസഭയിൽ വീണ്ടും അവതരിപ്പിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ.
നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിൽ കുടുങ്ങിക്കിടക്കുന്ന ബില്ല് പിൻവലിച്ചാണ് പുതിയ രൂപത്തിൽ കൊണ്ടുവരിക. ഓട്ടോണമസ് കോളേജുകളിലെ പുതിയ കോഴ്സുകൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതി ഒഴിവാക്കിയത് ചുവപ്പുനാട ഇല്ലാതാക്കാനാണെന്നും മന്ത്രി പറഞ്ഞു.
ഓട്ടോണമസ് കോളേജുകൾ പുതിയ കോഴ്സുകൾ തുടങ്ങുമ്പോൾ നിലവിലുണ്ടായിരുന്ന ഇരട്ട അനുമതി ഒഴിവാക്കി സർവകലാശാലയുടെ അനുമതി മാത്രം മതിയെന്നാണ് സർക്കാർ തീരുമാനിച്ചത്. ഇത് നടപടികൾ വേഗത്തിലാക്കാൻ വേണ്ടിയാണ്. ഇതിലൂടെ മെറിറ്റ് സിസ്റ്റത്തിലോ ഫീസ് ഘടനയിലോ സംവരണ തത്വങ്ങളിലോ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
‘പുതിയ കോഴ്സുകൾ വരുമ്പോൾ അതിൽ 50 ശതമാനവും മെറിറ്റ്–സംവരണ സീറ്റുകളായി നിലനിൽക്കും. കോഴ്സുകളുടെ നിലവാരം പരിശോധിക്കാൻ അക്കാദമിക് കൗൺസിലും ബോർഡ് ഓഫ് സ്റ്റഡീസും പോലുള്ള വിദഗ്ധ സമിതികളുണ്ട്. സെക്രട്ടേറിയറ്റിലെ ഫയൽ കൂമ്പാരങ്ങളിലും ഉദ്യോഗസ്ഥ തലത്തിലും ഈ അനുമതികൾ തടഞ്ഞുവെക്കുന്ന അവസ്ഥ ഇല്ലാതാക്കുക മാത്രമാണ് ചെയ്തത്’ അദ്ദേഹം പറഞ്ഞു.
സ്വയംഭരണം, സ്വാശ്രയം എന്ന് കേൾക്കുമ്പോൾ തന്നെ കച്ചവടമെന്ന് മുദ്രകുത്തുന്നത് പിന്തിരിപ്പൻ കമ്മ്യൂണിസ്റ്റ് നറേറ്റീവാണ്. കമ്പ്യൂട്ടർ വന്നപ്പോഴും സ്വാശ്രയ കോളേജുകൾ വന്നപ്പോഴും എതിർത്തവരാണ് സി.പി.ഐ.എമ്മും എസ്.എഫ്.ഐയും. മുൻ എൽ.ഡി.എഫ് സർക്കാരാണ് സ്വാശ്രയ കോളേജുകൾക്ക് ഓട്ടോണമസ് പദവി നൽകിയതും എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ വേണ്ടെന്ന് കോടതിയിൽ നിലപാടെടുത്ത് സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളെ സഹായിച്ചതെന്നും മന്ത്രി ആരോപിച്ചു.
സ്വകാര്യ സർവകലാശാലകൾ കേരളത്തിൽ ആരംഭിക്കുക എന്നത് യു.ഡി.എഫിന്റെ പ്രഖ്യാപിത നയമാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങിയപ്പോൾ കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്ന സമിതിയുടെ ഉപാധ്യക്ഷൻ ആയ ടി.പി. ശ്രീനിവാസനെ വഴിയിൽ തല്ലിച്ചതച്ചവരാണ് ഇടതുപക്ഷക്കാർ. മുൻ സർക്കാർ പാസാക്കിയ ബില്ല് രാഷ്ട്രപതിയുടെ പക്കൽ തടസപ്പെട്ടുകിടക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങളും തങ്ങളുടെ നയപരമായ നിലപാടുകളും ഉൾപ്പെടുത്തി സമവായത്തിലൂടെ പുതിയ ബിൽ രൂപീകരിക്കുമെന്നും അത് സഭയിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗവർണറുമായും കേന്ദ്ര സർക്കാരുമായും ഉള്ള ബന്ധത്തിൽ ഭരണപരമായ കാര്യങ്ങളിൽ സഹകരിച്ചുപോകുമെങ്കിലും രാഷ്ട്രീയ നിലപാടുകളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. വിദ്യാഭ്യാസ രംഗത്തെ വർഗീയവത്ക്കരണത്തെ ശക്തമായി എതിർക്കും. വി.സിമാർ ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുത്തതിനെ അപ്പോൾത്തന്നെ പരസ്യമായി അപലപിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തിന്റെ വിഹിതവും അവകാശങ്ങളും നേടിയെടുക്കാൻ കേന്ദ്ര മന്ത്രിമാരുമായി ചർച്ച നടത്തേണ്ടത് ഭരണപരമായ ചുമതലയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജനാധിപത്യപരമായ വിദ്യാർത്ഥി സമരങ്ങളെ പൂർണമായും ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. മഹാരാജാസ് കോളേജിൽ ഉൾപ്പെടെ പ്രതിഷേധിച്ച വിദ്യാർത്ഥികളോട് ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്. പഴയ മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം പോലെയല്ല, വിദ്യാർത്ഥികളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ സർക്കാർ മാനിക്കുന്നുണ്ട്. എന്നാൽ സമരത്തിന്റെ മറവിൽ അക്രമം അനുവദിക്കില്ല.
കാലടി സർവകലാശാല വിഷയത്തിൽ കോടതിയുടെ തീരുമാനത്തിനനുസരിച്ച് നടപടിയുണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനും പഠനം തുടരാനുമുള്ള അവസരം ലഭിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.
കാലടിയിൽ മുൻ സർക്കാരിന്റെ കാലത്ത് അനധികൃതമായി നടത്തിയ നിയമനങ്ങളുടെയും ഫണ്ട് തിരിമറിയുടെയും വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlight:Comprehensive overhaul in the higher education sector; Private University Bill to be reintroduced with new provisions: Roji M. John.
