സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന്റെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കെ നിർണായകമായ നീക്കം നടത്താനൊരുങ്ങി തിരുവനന്തപുരം കൊമ്പൻസ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം കേർവൻസ് ബെൽഫോർട്ടിനെ ടീമിൽ എത്തിക്കാനുള്ള നീക്കത്തിലാണ് കൊമ്പൻസ്.

ശേഷിക്കുന്ന നിർണായകമായ ഗ്രൂപ്പ് മത്സരങ്ങൾ ബാക്കിനിൽക്കെ ഹെയ്തി താരത്തെ തിരുവനന്തപുരം തങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ്.

സൂപ്പർ ലീഗ് കേരളയിൽ ഇതിനുമുമ്പ് തന്നെ ബൂട്ട്കെട്ടിയ പരിചയസമ്പത്തുള്ള താരമാണ് ബെൽഫോർട്ട്. 2024ൽ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്.സിക്ക് വേണ്ടി ഹെയ്തി താരം കളത്തിലിറങ്ങിയിട്ടുണ്ട്. താരം വീണ്ടും കേരളത്തിന്റെ മണ്ണിലെത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയാണ് ബെൽഫോർട്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2016-17 സീസണിൽ ആയിരുന്നു ബെൽഫോർട്ട് കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ട് കെട്ടിയത്. കേരളത്തിന്റെ എക്കാലത്തെ മികച്ച പരിശീലകരിൽ ഒരാളായ സ്റ്റീവ് കോപ്പലിന്റെ കീഴിൽ 15 മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളുകളാണ് താരം നേടിയിട്ടുള്ളത്.

ആ സീസണിൽ കേരളത്തിന്റെ മധ്യനിരയിൽ നിറഞ്ഞാടി കൊണ്ട് മലയാളി ഫുട്‌ബോൾ പ്രേമികളുടെ മനസിൽ തന്റേതായ സ്ഥാനം കെട്ടിപ്പടുത്തുയർത്താൻ ബെൽഫോർട്ടിന് സാധിച്ചിരുന്നു. ഐ.എസ്.എല്ലിൽ പിന്നീട് ജംഷദ്പൂർ എഫ്.സിക്ക് വേണ്ടിയും ബെൽഫോർട്ട് കളിച്ചിരുന്നു.

ബെൽഫോർട്ട് ഇന്ത്യയിൽ നിന്നും പോയതിന് ശേഷം വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കണമെന്ന് താരം ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിൽ പല സമയങ്ങളിലും താരം സോഷ്യൽ മീഡിയയിലൂടെ സന്തോഷം രേഖപ്പെടുത്തിക്കൊണ്ടും മുന്നോട്ട് വന്നിരുന്നു.

അതേസമയം സൂപ്പർ ലീഗ് കേരളയിലെ കഴിഞ്ഞ മത്സരത്തിൽ കാലിക്കറ്റ് എഫ്.സിയോട് തിരുവനന്തപുരം കൊമ്പൻസ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. കൊമ്പൻസിന്റെ തട്ടകമായ തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ വിജയത്തോടെ ഈ സീസണിൽ സെമി യോഗ്യത നേടുന്ന ആദ്യ ടീമായും കാലിക്കറ്റ് മാറിയിരുന്നു. സെമി പ്രതീക്ഷകൾ നിലനിർത്താൻ തിരുവന്തപുരത്തിന് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്.

 

Content Highlight: Report says Kervens Belfort will join Thiruvananthapuram Kombans