ന്യൂദൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപട്‌വന്ത് സിങ് പന്നൂവിനെ അമേരിക്കയിൽ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുൻ റോ മേധാവി സാമന്ത് ഗോയൽ എന്നിവർക്ക് ഇന്ത്യൻ കോടതികൾ വഴി സമൻസ് അയക്കാൻ ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതി അനുമതി നൽകി.

വിദേശ രാജ്യങ്ങളിലേക്ക് ജുഡീഷ്യൽ രേഖകൾ കൈമാറുന്നതിനുള്ള ഹേഗ് കൺവെൻഷൻ പ്രകാരം ദൽഹിയിലെ ജില്ലാ കോടതികൾ വഴി നോട്ടീസ് അയക്കാനുള്ള പന്നൂവിന്റെ അപേക്ഷ ജഡ്ജി കാതറിൻ പോൾക്ക് ഫൈല അംഗീകരിക്കുകയായിരുന്നു.

ഇന്ത്യൻ സിവിൽ പ്രൊസീജ്യർ കോഡിലെ (സി.പി.സി) സെക്ഷൻ 29(സി), ഓർഡർ V റൂൾ 21 എന്നിവ പ്രകാരം വിദേശ സിവിൽ കോടതികൾക്ക് ഇന്ത്യൻ കോടതികൾ വഴി സമൻസ് കൈമാറാൻ വ്യവസ്ഥയുണ്ടെന്ന പന്നൂവിന്റെ വാദം കോടതി ശരിവെച്ചു. സമൻസ് അയക്കുന്നതിനാവശ്യമായ സർവീസ് പാക്കറ്റ് രേഖകൾ നവംബർ 30-നകം സമർപ്പിക്കാൻ പന്നൂവിനോട് കോടതി നിർദേശിച്ചു.

ഇതിനുശേഷം യു.എസ് കോടതിയിലെ ക്ലർക്ക് ഈ രേഖകൾ ദൽഹിയിലെ ബന്ധപ്പെട്ട കോടതികളിലേക്ക് അയക്കും. തുടർന്ന് പ്രസ്തുത കോടതികൾ തപാൽ മാർഗം അജിത് ഡോവലിനും സാമന്ത് ഗോയലിനും നോട്ടീസ് കൈമാറും.

ഖലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളുടെ പേരിൽ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ‘സിഖ്സ് ഫോർ ജസ്റ്റിസ്’ (എസ്.എഫ്.ജെ) ജനറൽ കൗൺസിലായ പന്നൂൻ 2024-ലാണ് യു.എസിൽ സിവിൽ കേസ് ഫയൽ ചെയ്തത്. ഇന്ത്യൻ സർക്കാർ, അജിത് ഡോവൽ, സാമന്ത് ഗോയൽ, വിക്രം യാദവ്, നിഖിൽ ഗുപ്ത എന്നിവർക്കൊപ്പം പേര് വെളിപ്പെടുത്താത്ത മറ്റ് ചിലരെയും ഹരജിയിൽ എതിർകക്ഷികളാക്കിയിട്ടുണ്ട്.

കേസിൽ പന്നൂവിനെ വധിക്കാൻ ഹിറ്റ്‌മാനെ ഏർപ്പാടാക്കാൻ ശ്രമിച്ച ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയെ നേരത്തെ ചെക്ക് റിപ്പബ്ലിക് അമേരിക്കയ്ക്ക് കൈമാറിയിരുന്നു.

നേരത്തെ അജിത് ഡോവൽ യു.എസ് സന്ദർശിച്ച വേളയിൽ മൂന്ന് തവണ നേരിട്ട് നോട്ടീസ് നൽകാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതായി പന്നൂൻ കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിലെ സെൻട്രൽ അതോറിറ്റി വഴി ഡോവൽ, ഗോയൽ, യാദവ് എന്നിവർക്ക് നോട്ടീസ് നൽകാൻ നടത്തിയ നീക്കങ്ങളും പരാജയപ്പെട്ടു.

കൂടാതെ, ഇന്ത്യയുടെ അറ്റോർണി ജനറലിന് ഇമെയിൽ അയച്ചും, മറ്റൊരു കേസിൽ യാദവിന്റെ അഭിഭാഷകർക്ക് സമൻസ് നൽകിയും, പത്രപരസ്യം വഴിയും നോട്ടീസ് എത്തിക്കാൻ നേരത്തെ പന്നൂൻ നടത്തിയ ശ്രമങ്ങൾ ഏപ്രിൽ ഒന്നിന് കോടതി തള്ളിയിരുന്നു.

നയതന്ത്ര മാർഗങ്ങളിലൂടെ സമൻസ് നൽകാനാകില്ലെന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നിലപാടും അന്ന് കോടതി ശരിവെച്ചിരുന്നു. എന്നാൽ ഇന്ത്യൻ കോടതികൾ വഴിയുള്ള പുതിയ നോട്ടീസ് നീക്കത്തിൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രത്യേക നിലപാടുകളൊന്നും സ്വീകരിച്ചിട്ടില്ല.

ഈ സാഹചര്യത്തിലാണ് വിദേശത്തുനിന്നുള്ള സിവിൽ സമൻസുകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട 2009-ലെ ഇന്ത്യൻ വിജ്ഞാപനം ഉൾപ്പെടെ ചൂണ്ടിക്കാട്ടി കോടതി ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.

Content Highlight:Pannun assassination attempt case: US court grants permission to issue summons to Ajit Doval through Indian courts.