സിനിമയില്‍ വരുന്നതിനുമുമ്പേ ആരാധനയോടെ കണ്ടിരുന്ന സംവിധായകന്റെ സിനിമയില്‍ തന്നെ അഭിനയിക്കാന്‍ അവസരം ലഭിക്കുക എന്നത് ഏതൊരു നടനെ സംബന്ധിച്ചും സ്വപ്‌ന സാക്ഷാത്ക്കാരമാണ്. നടന്‍ നസ്‌ലെന്റെ കാര്യത്തില്‍ ഇപ്പോള്‍ സംഭവിച്ചതും അതാണ്.

ഏറെ ആരാധനയോടെ താന്‍ കണ്ട സംവിധായന്‍ അമല്‍ നീരദ് അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോഴുണ്ടായിരുന്ന സന്തോഷം ചെറുതായിരുന്നില്ലെന്ന് നസ്‌ലെന്‍ പറയുന്നു.

തന്റെ ആദ്യ സിനിമ മുതല്‍ അദ്ദേഹം തന്റെ അഭിനയം ശ്രദ്ധിക്കുന്നുണ്ടെന്നും ഇഷ്ടമാണെന്നും പറഞ്ഞത് വലിയ അംഗീകാരമായാണ് കാണുന്നതെന്നും താരം പറഞ്ഞു.

ഒരുകാലത്ത് തിയേറ്ററില്‍ ആവേശത്തോടെ കണ്ട ‘ബാച്ചിലര്‍ പാര്‍ട്ടി’യുടെ രണ്ടാം ഭാഗത്തില്‍ ഇന്ന് താനും ഭാഗമാകുന്നു എന്നത് വലിയ കാര്യമാണെന്നും നസ്‌ലെന്‍ പറഞ്ഞു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നസ്‌ലെന്‍.

‘അമലേട്ടനൊക്കെ പറഞ്ഞിട്ടുണ്ട് എന്റെ ആദ്യ സിനിമ മുതലേ കണ്ടിട്ടുണ്ടെന്നും ഇഷ്ടമാണെന്നുമൊക്കെ. അതൊക്കെ എനിക്ക് ഭയങ്കര സന്തോഷം തന്ന കാര്യമാണ്. നമ്മള്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ആളുകളാണല്ലോ ഇവരൊക്കെ. ബാച്ചിലര്‍ പാര്‍ട്ടിയൊക്കെ തിയേറ്ററില്‍ കണ്ട ആളുകളാണ് നമ്മള്‍. അന്ന് ആ സിനിമയൊക്കെ കാണുമ്പോള്‍ സിനിമയില്‍ വരുമെന്ന് പോലും നമുക്കറിയില്ലല്ലോ. ചെറിയ പയ്യനല്ലേ,’ നസ്‌ലെന്‍ പറയുന്നു.

സിനിമയില്‍ അഭിനയിക്കണമെന്ന് ചെറുപ്പത്തില്‍ വലിയ സ്വപ്നമൊന്നും ഉണ്ടായിരുന്നില്ലെന്നും ആദ്യ സിനിമയുടെ വിജയത്തിന് ശേഷമാണ് അഭിനയത്തെക്കുറിച്ചും സ്വന്തം കഴിവുകളെക്കുറിച്ചും കൂടുതല്‍ മനസിലാക്കിയതെന്നും താരം പറയുന്നു.

‘സിനിമയൊന്നും ആ സമയത്ത് സ്വപ്നം കണ്ടിട്ടില്ല. ആദ്യ സിനിമ റിലീസായി സക്‌സസ് ആയപ്പോഴാണ് അഭിനയമൊക്കെ മനസിലാക്കുന്നത് തന്നെ. ആദ്യത്തെ രണ്ട് സിനിമ കഴിഞ്ഞപ്പോഴാണ് അഭിനയിക്കാന്‍ കഴിയുമെന്നൊക്കെ മനസിലാകുന്നത്. തണ്ണീര്‍മത്തന്‍ പോലൊരു എന്‍ട്രി കിട്ടി എന്നതാണ് എന്നെ സംബന്ധിച്ച് ഭാഗ്യമായത്,’ നസ്‌ലെന്‍ കൂട്ടിച്ചേര്‍ത്തു.

കരിയറില്‍ കൃത്യമായ പ്ലാനിങ്ങുണ്ടെങ്കിലും തനിക്ക് ആവേശം തോന്നുന്ന സിനിമകള്‍ വിട്ടുകളയാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് നസ്‌ലെന്‍ പറയുന്നത്. അത്തരത്തില്‍ അമല്‍ നീരദിന്റെ സിനിമയിലേക്ക് ക്ഷണം വന്നപ്പോഴും ഡേറ്റ് സംബന്ധിച്ച ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹത്തിനായിരുന്നു മുന്‍ഗണന നല്‍കിയതെന്നും താരം പറഞ്ഞു.

‘കരിയറില്‍ തീര്‍ച്ചയായും പ്ലാനിങ്ങുണ്ട്. നമുക്ക് എക്‌സൈറ്റിങ് ആയിട്ട് തോന്നുന്ന പരിപാടികള്‍ വിടേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. എങ്ങനെയെങ്കിലുമൊക്കെ അത് ചെയ്യുക എന്നതാണ്. ഡേറ്റ് കണ്‍ഫ്യൂഷന്‍സൊക്കെ വരും. അമലേട്ടന്‍ വിളിച്ചപ്പോഴും ഡേറ്റിന്റെ പ്രശ്‌നമുണ്ടായിരുന്നു. എന്തായാലും കുഴപ്പമില്ല, ചെയ്യാമെന്ന് മാത്രമേ ആലോചിച്ചുള്ളൂ. ഒരു ദിവസം ഇവിടെ, ഒരു ദിവസം അപ്പുറത്ത് അങ്ങനെയായാലും കുഴപ്പമില്ല എന്ന രീതിയിലായിരുന്നു. എല്ലാം നല്ല രീതിയില്‍ വരട്ടെയെന്നാണ് കരുതുന്നത്,’ നസ്‌ലെന്‍ പറഞ്ഞു.

2012ല്‍ പുറത്തിറങ്ങിയ അമല്‍ നീരദിന്റെ ‘ബാച്ചിലര്‍ പാര്‍ട്ടി’ക്ക് 14 വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം ഭാഗമെത്തുകയാണ്. ‘ബാച്ചിലര്‍ പാര്‍ട്ടി D’eux’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നസ്‌ലെന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ടൊവിനോ തോമസ്, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. നദിയ മൊയ്തു, ജ്യോതിര്‍മയി, രജിഷ വിജയന്‍, ഹന്‍സിക കൃഷ്ണകുമാര്‍, പാരിസ് ലക്ഷ്മി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

ആദ്യ ചിത്രത്തിന്റെ തുടര്‍ച്ചയായുള്ള ഒരു സ്പിരിച്വല്‍ സീക്വലായാണ് ‘ബാച്ചിലര്‍ പാര്‍ട്ടി D’eux’ ഒരുങ്ങുന്നത്. ചിത്രത്തില്‍ സോണി എന്ന കഥാപാത്രത്തെയാണ് നസ്‌ലെന്‍ അവതരിപ്പിക്കുന്നത്. അമല്‍ നീരദും ശംഭുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉണ്ണി ആറിന്റേതാണ് സംഭാഷണം. അപ്പു പ്രഭാകറാണ് ഛായാഗ്രഹണം. ക്രിസ്റ്റോ സേവ്യര്‍ സംഗീതവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

അമല്‍ നീരദ് പ്രൊഡക്ഷന്‍സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നവംബര്‍ 19ന് തിയേറ്ററുകളിലെത്തും.

Content Highlight: Actor Naslen never imagined being part of bachelor party sequel when he watched the first part in theatres