മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ഓള്‍ റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യ പഞ്ചാബിലേക്ക് ചേക്കേറിയിരിക്കുകയാണ്. സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെയാണ് പഞ്ചാബില്‍ നിന്ന് മുംബൈയിലേക്ക് ട്രേഡ് ചെയ്തത്. ഈ ട്രേഡിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രീനാഥ് സംസാരിച്ചിരുന്നു. പാണ്ഡ്യയെ സംബന്ധിച്ചിടത്തോളം ഈ കൈമാറ്റം മികച്ചതല്ലെന്നും താരത്തിന് ക്യാപ്റ്റന്‍സി ലഭിക്കില്ലെന്നുമാണ് ബദ്രീനാഥ് പറഞ്ഞത്. ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ ഇതിലും ഉയര്‍ന്ന തുക ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു.

‘ഹര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ചിടത്തോളം ഈ ട്രേഡ് അത്ര മികച്ചതായിരിക്കില്ല. അദ്ദേഹത്തിന് ക്യാപ്റ്റന്‍സി ലഭിക്കില്ല. ക്യാപ്റ്റന്‍സി വാഗ്ദാനം ചെയ്താല്‍ മാത്രമേ ടീം മാറുകയുള്ളൂവെന്ന് നേരത്തെ ചര്‍ച്ചകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സാധ്യതയില്ല. ടീമിന്റെ തീരുമാനങ്ങളില്‍ അദ്ദേഹത്തിന് കാര്യമായ സ്വാധീനവും ഉണ്ടാകില്ല.

മെഗാ താരലേലത്തിന് മുമ്പുള്ള അവസാന വര്‍ഷമാണിത്. പഞ്ചാബ് കിങ്‌സ് തീര്‍ച്ചയായും അദ്ദേഹത്തെ നിലനിര്‍ത്തും. അതോടെ നിലവിലെ പ്രതിഫല വിഭാഗത്തില്‍ തന്നെ അദ്ദേഹത്തിന് തുടരേണ്ടിവരും. എന്നാല്‍ ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ ഇതിലും ഉയര്‍ന്ന തുക ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ആ നേട്ടമാണ് അദ്ദേഹത്തിന് നഷ്ടമാകുന്നത്.

മുംബൈ ഇന്ത്യന്‍സിനും പഞ്ചാബ് കിങ്‌സിനും അര്‍ഷ്ദീപ് സിങ്ങിനും ഈ കൈമാറ്റം മികച്ചതാണ്. എന്നാല്‍ ഹര്‍ദിക്കിനെ സംബന്ധിച്ചിടത്തോളം ഇത് ശരാശരി കൈമാറ്റമാണ്. ഇത് അത്ര മികച്ചൊരു ട്രേഡല്ലെന്നാണ് എന്റെ അഭിപ്രായം,’ എസ്. ബദ്രീനാഥ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

18 കോടിയാണ് ഹര്‍ദിക്കിനും അര്‍ഷ്ദീപിനും ഫ്രാഞ്ചൈസികള്‍ വിലയിട്ടത്. ഇന്ത്യന്‍ പ്രിമീയര്‍ ലീഗില്‍ 2015ല്‍ അരങ്ങേറിയ ഹര്‍ദിക് 162 മത്സരങ്ങളില്‍ നിന്നും 2955 റണ്‍സാണ് നേടിയിട്ടുള്ളത്. 10 അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ ഓള്‍ റൗണ്ടറുടെ അക്കൗണ്ടിലുണ്ട്. ബൗളിങ്ങില്‍ 82 വിക്കറ്റുകളാണ് ഹര്‍ദിക് നേടിയിട്ടുള്ളത്. ഒരു ഫൈഫറും താരം സ്വന്തമാക്കി.

ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍സിയിലും കഴിവ് തെളിയിച്ച താരമാണ് ഹര്‍ദിക്. ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്‍മാരാക്കിയ ഹര്‍ദിക് ക്യാപ്റ്റന്‍സി മികവ് തെളിയിച്ചത്. ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ തോല്‍പിച്ചാണ് പാണ്ഡ്യ കിരീടമുയര്‍ത്തിയത്.

Content Highlight: S. Badrinath on Hardik moving from Mumbai to Punjab ahead of IPL 2027