രോമാഞ്ചം, ആവേശം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമയാണ് ‘സീൻ’. ആവേശത്തിന് ശേഷം സൂര്യയെ നായകനാക്കി ജിത്തു ഒരുക്കുന്ന ചിത്രം എന്ന നിലയിൽ റിലീസിന് മുമ്പുതന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ലഭിച്ചത്. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോഴേക്കും ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഏകദേശം 200 കോടി രൂപയും ചിത്രം സ്വന്തമാക്കി.
സൂര്യ ഇൻമ്പരാജ് എന്ന കഥാപാത്രമായി എത്തുമ്പോൾ, ഈശ്വർ എന്ന വില്ലൻ വേഷത്തിലാണ് നസ്ലെൻ അഭിനയിക്കുന്നത്. മായ എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ‘സീൻ’ എന്ന ചിത്രത്തിനുണ്ട്.

സീൻ. Screen Grab/ Youtube
ഇപ്പോഴിതാ ‘സീൻ’ സിനിമയിലെ പ്രകടനത്തിന്റെ പേരിൽ സൂര്യയേക്കാൾ ഒരു പടി മുന്നിലാണ് നസ്ലെൻ എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും അങ്ങനെ താൻ കരുതുന്നില്ലെന്ന് തുറന്നു പറഞ്ഞ് നടൻ നസ്ലെൻ. സൂര്യയുടെ പ്രകടനം അതിഗംഭീരമാണെന്നും അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് ചെറിയ കാര്യമല്ലെന്നും നസ്ലെൻ പറഞ്ഞു. ചിത്രത്തിന്റെ സക്സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.
‘സൂര്യ സാറിനേക്കാൾ ഞാൻ ഒരു പടി മുന്നിലാണെന്ന് എനിക്ക് തോന്നുന്നില്ല. ദി വൺ അത് സൂര്യ സാർ തന്നെയാണ്. അതുകഴിഞ്ഞേ ബാക്കിയൊക്കെ വരൂ. പക്ഷേ, അങ്ങനെ കേൾക്കുമ്പോൾ സന്തോഷമുണ്ട്. സൂര്യ സാറിന്റെ പ്രകടനം അതിഗംഭീരമാണ്. ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള അദ്ദേഹം തന്റെ കഴിവ് നേരത്തേ തന്നെ തെളിയിച്ചിട്ടുള്ളതാണ്. എന്റെ അഭിനയം നല്ലതാണെന്നൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്,’ നസ്ലെൻ പറഞ്ഞു.
സൂര്യയുടെ വില്ലനായി അഭിനയിക്കുമ്പോൾ തുടക്കം മുതൽ തന്നെ പേടിയുണ്ടായിരുന്നുവെന്നും നസ്ലെൻ വെളിപ്പെടുത്തി. കഥ കേട്ടപ്പോഴും ചിത്രീകരണത്തിനിടയിലും ആ ആശങ്ക ഉണ്ടായിരുന്നുവെന്നാണ് താരം പറഞ്ഞു. സൂര്യയെപ്പോലൊരു നടനൊപ്പം നിൽക്കുമ്പോൾ പലപ്പോഴും താൻ ആരുടെ കൂടെയാണ് അഭിനയിക്കുന്നതെന്ന് അത്ഭുതത്തോടെ ചിന്തിച്ചുനിന്നിട്ടുണ്ടെന്നും നസ്ലെൻ വ്യക്തമാക്കി.

സീൻ. Photo. IMDb
‘സൂര്യ സാറിന്റെ വില്ലനായി അഭിനയിക്കുമ്പോൾ സത്യമായിട്ടും കഥ കേൾക്കുമ്പോഴും ഷൂട്ട് ചെയ്യുമ്പോഴും പേടിയുണ്ടായിരുന്നു. ആ സമയത്തൊക്കെ അത്ഭുതത്തോടെയാണ് ഷൂട്ട് ചെയ്തിരുന്നത്. ഞാൻ ഇപ്പോൾ ആരുടെ കൂടെയാണ് നിൽക്കുന്നത് എന്നൊക്കെ ആലോചിച്ച് നിൽക്കുമായിരുന്നു. ഇപ്പോൾ നിങ്ങൾ പറഞ്ഞപ്പോഴാണ് വീണ്ടും ഇതിനെക്കുറിച്ചൊക്കെ ആലോചിക്കുന്നത്,’ നസ്ലെൻ കൂട്ടിച്ചേർത്തു.
Content Highlight: Naslen Talks About Actor Surya
