ടെഹ്റാന്: അമേരിക്ക ഭീഷണിയിലൂടെ നയതന്ത്ര നീക്കം നടത്തുകയാണെന്ന് ആരോപിച്ച് ഇറാന് പ്രസിഡന്റ് മസൂദ് പെസസ്കിയാന്. പുതിയ സൈനിക ശേഷികള്‍ പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അമേരിക്ക നയതന്ത്ര നീക്കങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയെ ഇറാനുമായുള്ള അവസാനമില്ലാത്ത യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ഇസ്രഈല്‍ ശ്രമിക്കുകയാണെന്ന് ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. അതേസമയം, ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന് സുരക്ഷാ മേധാവി മൊഹ്സെന്‍ റെസായി തള്ളി.
ഇറാനെതിരായ പുതിയ സൈനികാക്രമണങ്ങള്‍ തത്കാലം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം. ഖത്തര്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് ട്രംപ് പറഞ്ഞിരുന്നു. അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധം തുടരുമെന്നും ട്രംപ് അറിയിച്ചു.
ഇതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ മൈനില്‍ ഇടിച്ച് എണ്ണക്കപ്പലിന് തീപിടിച്ചതായി ഇറാന് സൈന്യം അറിയിച്ചു. മേഖലയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നതിനിടെയാണ് സംഭവം.
അതേസമയം അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം കമ്മിറ്റിക്ക് വിടാന്‍ യു.എസ് ജനപ്രതിനിധി സഭ വോട്ട് ചെയ്തു. 211 പേര് അനുകൂലിച്ചും 204 പേര് എതിര്‍ത്തും വോട്ട് ചെയ്തു. ഇതോടെ ഇംപീച്ച്മെന്റ് നടപടികള്‍ അനിശ്ചിതത്വത്തിലായി. ജനുവരി വരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് സഭയില്‍ നിയന്ത്രണം.
മാത്രമല്ല ഇറാനെതിരായ സാമ്പത്തിക സമ്മര്‍ദം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞിരുന്നു. ഉപരോധങ്ങള്‍ ഇറാന്റെ സമ്പത് വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും ഇറാന്റെ എണ്ണ വരുമാനം ഏതാണ്ട് പൂര്‍ണമായും നിലയ്ക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Iranian President Masoud Pezeshkian has alleged that the United States is conducting its diplomacy through threats
