ബീജിങ്: അമേരിക്കന്‍ കയറ്റുമതി നിരോധനപ്പട്ടികയില്‍ ഉള്‍പ്പെട്ട ചൈനീസ് സര്‍വകലാശാല എന്‍വിഡിയയുടെ അഡ്വാന്‍സ്ഡ് എച്ച് 200 എ.ഐ ചിപ്പുകള്‍ വാങ്ങിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി  (പി.എല്‍.എ)യുമായി അടുത്ത ബന്ധമുള്ളതാണ് ഈ സര്‍വകലാശാല.

നൂതനസാങ്കേതിക വിദ്യകളിലേക്കുള്ള ചൈനയുടെ പ്രവേശനം നിയന്ത്രിക്കാനുള്ള വാഷിങ്ടണിന്റെ ശ്രമങ്ങളിലെ വീഴ്ചകളാണ് സംഭവം ചൂട്ടിക്കാട്ടുന്ന്ത്. ചൈനയിലേക്കുള്ള എ.ഐ ചിപ്പ് വില്‍പ്പനയ്ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ എന്‍വിഡിയയും സി.ഇ.ഒ ജെന്‍സണ്‍ ഹുവാങ്ങും ശ്രമം നടത്തിയെന്ന ആരോപണവും ഹുവാങ് ചൈനീസ് ചാരപ്രവര്‍ത്തനത്തിന്റെ ലക്ഷ്യമായിരുന്നു എന്ന റിപ്പോര്‍ട്ടുകളും കമ്പനിയെ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാക്കിയിരുന്നു.

സാങ്കേതികമേഖലയിലെ അമേരിക്കന്‍ മേധാവിത്വം നിലനിര്‍ത്താനും ചൈനീസ് ഉപഭോക്താക്കളെ അമേരിക്കന്‍ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നവരായി തുടരാനും ചൈനയിലേക്കുള്ള ചിപ്പ് വില്‍പ്പന തുടരേണ്ടതുണ്ടെന്നാണ് ഹുവാങ്ങിന്റ വാദം.

എന്നാല്‍, എന്‍വിഡിയയുടെ ഏറ്റവും ശക്തമായ എ.ഐ ചിപ്പുകള്‍ ചൈനയ്ക്ക് ലഭിക്കുന്നത് ആയുധ രൂപകല്‍പ്പന, രഹസ്യാന്വേഷണ വിശകലനം, സൈനിക നവീകരണം എന്നിവയ്ക്കായുള്ള എ.ഐ സംവിധാനങ്ങളുടെ വികസനം വേഗത്തിലാക്കുമെന്നാണ് ചില അമേരിക്കന്‍ നിയമനിര്‍മാതാക്കളുടെ ആശങ്ക.

എ.ഐ ചിപ്പുകളിലേക്കുള്ള ചൈനയുടെ പ്രവേശനം കൂടുതല്‍ നിയന്ത്രിക്കണമെന്ന് ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഉള്‍പ്പെടെ അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇരുപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്. ചിപ്പുകള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും കയറ്റുമതിയില്‍ കോണ്‍ഗ്രസിന്റെ കൂടുതല്‍ മേല്‍നോട്ടവും ഉള്‍പ്പെടെയുള്ള നടപടികളാണ് ഇവര്‍ നിര്‍ദേശിക്കുന്നത്.

ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്ന ആരോപണം നേരിടുന്ന യുവതിയുമായി അടുത്ത ബന്ധമുണ്ടെന്ന് സമ്മതിച്ചതിന് പിന്നാലെ ജെന്‍സന്‍ ഹുവാങ്ങിനെതിരെ കമ്പനി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിശദീകരണം തേടി മൂന്ന് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാര്‍ നവംബര്‍ 18ന് അദ്ദേഹവുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ പോളിടെക്‌നിക്കല്‍ സര്‍വകലാശാല ഒക്ടോബറില്‍ രണ്ട് എച്ച്200 ചിപ്പുകള്‍ വാങ്ങിയത് 874,700 യുവാന്‍ (ഏകദേശം 1.23 ലക്ഷം ഡോളര്‍) ചെലവഴിച്ചാണെന്ന് ഒക്ടോബര്‍ 21ലെ പ്രൊക്യൂര്‍മെന്റ് (സംഭരണ രേഖ) വ്യക്തമാക്കുന്നുണ്ട്.

ചൈനയുടെ വടക്കുപടിഞ്ഞാറന്‍ നഗരമായ ഷിയാനില്‍ പ്രവര്‍ത്തിക്കുന്ന വടക്കുപടിഞ്ഞാറന്‍ പോളിടെക്‌നിക്കല്‍ സര്‍വകലാശാല സൈനിക വിമാനങ്ങള്‍, മിസൈലുകള്‍, ഉപഗ്രഹങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തുന്ന സ്ഥാപനമാണ്.

അമേരിക്കയുടെ ഉപരോധത്തിന് വിധേയമായ ചൈനീസ് സര്‍വകലാശാലകളുടെ ‘നാഷണല്‍ ഡിഫന്‍സ് സെവന്‍ സണ്‍സ്’ (പ്രതിരോധ മേഖലയിലെ ഏഴ് സര്‍വകലാശാലകള്‍) എന്ന കൂട്ടായ്മയിലെ അംഗമാണ് വടക്കുപടിഞ്ഞാറന്‍ പോളിടെക്‌നിക്കല്‍ സര്‍വകലാശാല. സര്‍ക്കാരിനുവേണ്ടി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തിയ ചരിത്രവും സ്ഥാപനത്തിനുണ്ട്.

നൂതന എ.ഐ സംവിധാനങ്ങള്‍ പരിശീലിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കുന്ന എന്‍വിഡിയയുടെ ഏറ്റവും ശേഷിയേറിയ ചിപ്പുകളില്‍ ഒന്നാണ് എച്ച്200. ഇവ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് അമേരിക്കയുടെ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. വടക്കുപടിഞ്ഞാറന്‍ പോളിടെക്‌നിക്കല്‍ പോലുള്ള നിരോധിത സ്ഥാപനങ്ങള്‍ക്ക് സാധാരണയായി ഇത്തരം ലൈസന്‍സുകള്‍ അനുവദിക്കാറില്ല.

എന്‍വിഡിയയില്‍നിന്ന് നേരിട്ടല്ല, ഷാന്‍സി ബോസുവാന്‍ നെറ്റ്‌വര്‍ക്ക് ടെക്‌നോളജി എന്ന ചൈനീസ് കമ്പനിയില്‍നിന്നാണ് സര്‍വകലാശാലയുടെ മാനേജ്‌മെന്റ് സ്‌കൂള്‍ ചിപ്പുകള്‍ വാങ്ങിയത്. ചൈനീസ് കമ്പനികളില്‍നിന്ന് കമ്പ്യൂട്ടിങ് ശേഷി വാടകയ്‌ക്കെടുത്തും ഈ സര്‍വകലാശാല എച്ച്200 ഉള്‍പ്പെടെയുള്ള ശക്തമായ എന്‍വിഡിയ ചിപ്പുകള്‍ ഈ വര്‍ഷം ഉപയോഗിച്ചിട്ടുണ്ടെന്ന് സംഭരണ രേഖകള്‍ വ്യക്തമാക്കുന്നു.

ചൈനയുടെ വടക്കുപടിഞ്ഞാറന്‍ നഗരമായ ഷിയാനില്‍ പ്രവര്‍ത്തിക്കുന്ന വടക്കുപടിഞ്ഞാറന്‍ പോളിടെക്‌നിക്കല്‍ സര്‍വകലാശാല സൈനിക വിമാനങ്ങള്‍, മിസൈലുകള്‍, ഉപഗ്രഹങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തുന്ന സ്ഥാപനമാണ്.

മിസൈല്‍ വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും സൈനിക ഗവേഷണങ്ങളിലും പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് 2001ലാണ് അമേരിക്കന്‍ വാണിജ്യ വകുപ്പ് സര്‍വകലാശാലയെ ‘എന്റിറ്റി ലിസ്റ്റ്’ എന്നറിയപ്പെടുന്ന വ്യാപാര നിരോധനപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 2019ല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ഇതോടെ സ്ഥാപനത്തിന് നിയന്ത്രിത അമേരിക്കന്‍ സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസന്‍സുകള്‍ മിക്ക സാഹചര്യങ്ങളിലും നിഷേധിക്കുന്ന നയമാണ് അമേരിക്ക സ്വീകരിച്ചത്.

Content Highlight: Chinese university bought Nvidia H200 chips despite US blacklist

\