സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിരമിക്കലിന് ശേഷമുള്ള ആദ്യ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് പോര്‍ച്ചുഗല്‍. നാഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കിനെതിരെയാണ് പറങ്കിപ്പടയുടെ മത്സരം. മത്സരത്തിന് മുന്നോടിയായി ഡെന്‍മാര്‍ക്ക് ഡിഫന്റര്‍ ജോക്കിം ആന്‍ഡേഴ്‌സണ്‍ ബ്രോഡ്കാസ്റ്റര്‍ ടി.വി ടുവില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.

ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പൊര്‍ച്ചുഗല്‍ അര്‍ഹിക്കുന്ന വിരമിക്കലല്ല നല്‍കിയതെന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഒരിക്കല്‍ കൂടി റൊണാള്‍ഡോയ്‌ക്കെതിരെ മത്സരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും ഡെന്‍മാര്‍ക്ക് ഡിഫന്‍ഡര്‍ പറഞ്ഞു.

‘സത്യത്തില്‍, ഇത് എന്നെ അല്‍പം അസ്വസ്ഥനാക്കുന്നുണ്ട്. അദ്ദേഹം ഇതിലും കൂടുതല്‍ അര്‍ഹിച്ചിരുന്നു എന്നാണ് എന്റെ വിശ്വാസം. ഒരിക്കല്‍ക്കൂടി അദ്ദേഹത്തിനെതിരെ കളിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരുപക്ഷേ, അങ്ങനെ അദ്ദേഹത്തിന്റെ ജേഴ്‌സി സ്വന്തമാക്കാനും കഴിയുമായിരുന്നു. ഇപ്പോഴും എന്റെ കൈവശം അദ്ദേഹത്തിന്റെ ജേഴ്‌സിയില്ല. അതൊരു സങ്കടകരമായ കാര്യമാണ്,’ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

അടുത്തിടെയായി പോര്‍ച്ചുഗല്‍ നാഷണല്‍ ടീം പരിശീലകനും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ള അസ്വാരസ്വങ്ങള്‍ ഫുട്ബോള്‍ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ക്യാമ്പ് വിട്ടതും ആരാധകര്‍ക്കിടയില്‍ ഏറെ നിരാശ ഉണ്ടാക്കിയിരുന്നു. നോര്‍വേയ്‌ക്കെതിരെ 2-1ന് പോര്‍ച്ചുഗല്‍ വിജയിച്ച മത്സരത്തിലും റൊണാള്‍ഡോയ്ക്ക് കളിക്കാന്‍ സാധിച്ചില്ലായിരുന്നു.

ഡെന്‍മാര്‍ക്കിനെതിരായ അടുത്ത മത്സരത്തിലും റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഉണ്ടാകില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ പരിശീലകന്‍ ജോര്‍ജ് ജീസസ് വ്യക്തമാക്കിയതോടെയാണ് കാര്യങ്ങള്‍ വഷളായത്.

പ്ലെയിങ് ടൈമുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന ധാരണ പരിശീലകന്‍ ലംഘിച്ചു എന്ന അമര്‍ഷത്തിലാണ് റൊണാള്‍ഡോ പരിശീലന ക്യാമ്പ് ഉപേക്ഷിച്ചതും പ്രൈവറ്റ് ജെറ്റില്‍ മാഡ്രിഡിലേക്ക് മടങ്ങിയതും. എന്നാല്‍ പിന്നീട് റൊണാള്‍ഡോയും പോര്‍ച്ചുഗല്‍ ക്യാമ്പും തമ്മില്‍ തകര്‍ക്കങ്ങള്‍ ഇല്ലെന്ന് ജോര്‍ജ് ജീസസ് പറഞ്ഞിരുന്നു. പക്ഷെ റൊണാള്‍ഡോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

അതേസമയം പോര്‍ച്ചുഗലിനായി 234 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 146 ഗോളുകള്‍ നേടി റെക്കോഡിട്ട താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായാണ് റൊണാള്‍ഡോ കരിയര്‍ അവസാനിപ്പിക്കുന്നത്.

Content Highlight: Denmark defender Joachim Andersen on Cristiano Ronaldo’s retirement