ഇന്ന് തിയേറ്ററുകളില്‍ ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് മലയാളിയായ സംവിധായകന്‍ ജിത്തു മാധവന്‍ അണിയിച്ചൊരുക്കിയ സീന്‍. സൂര്യയെ നായകനാക്കി ഒരുക്കിയ ചിത്രം ആദ്യദിനത്തെ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണം സ്വന്തമാക്കിയതോടെ സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്.

സൂര്യയ്‌ക്കൊപ്പം മലയാളികളുടെ പ്രിയതാരങ്ങളായ നസ് ലെന്‍, നസ്രിയ, ലാല്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയതോടെ കേരളത്തിലും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. രോമാഞ്ചം ആവേശം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു മാധവന്‍ തന്റെ മൂന്നാമത്തെ ചിത്രവും വിജയമാക്കി മാറ്റിയിരിക്കുകയാണ്.

സീന്‍. Photo: District

സീനിന് മികച്ച പ്രതികരണം ലഭിക്കുന്നതിനിടയില്‍ തമിഴ് യൂട്യൂബ് ചാനലായ സിനിഗുലാമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രത്തിലെ കോമഡി സീനുകളെ കുറിച്ച് ജിത്തു പറഞ്ഞ വാക്കുകളാണ് ശ്രദ്ധിപ്പെടുന്നത്. സൂര്യയുടെ തന്നെ പഴയ ചിത്രങ്ങളായ ഏഴാം അറിവ്, സിങ്കം തുടങ്ങിയ ചിത്രങ്ങളിലെ റെഫറന്‍സുകള്‍ സീനില്‍ ഉപയോഗിച്ചിരുന്നു. ഇതിനെ കുറിച്ചാണ് ചിത്രത്തില്‍ സംവിധായകന്‍ സംസാരിച്ചത്.

‘ഒരു ഇന്‍ട്രൊഡക്ഷന്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തോട് എല്ലാം പറഞ്ഞുകൊടുത്തിട്ടുള്ളത്. ഇതില്‍ പ്രത്യേക കോമഡി ക്യാരക്ടേഴ്‌സ് ഒന്നുമില്ല സാറും ഇതില്‍ കോമഡി ചെയ്യുന്നുണ്ട് എന്ന് ഞാന്‍ നേരത്തേ പറഞ്ഞിരുന്നു. ഇതിലെ കോമഡി സീന്‍ എല്ലാം പറഞ്ഞുകൊടുത്തപ്പോള്‍ അട പാവി, ഇതെല്ലാം ഞാന്‍ പണ്ണണുമാ എന്നാണ് സൂര്യ സാര്‍ ആദ്യം ചോദിച്ചത്. പക്ഷേ സെറ്റില്‍ എല്ലാം വളരെ ജോളിയായിട്ടാണ് അദ്ദേഹം ചെയ്തത്.

സീന്‍. Photo: Youtube.com

ചിത്രത്തിലെ ഏഴാം അറിവ് റെഫറന്‍സിന്റെ ഐഡിയ തന്നത് സാര്‍ തന്നെയാണ്. ഓങ്കി അടിച്ചാല്‍ ഒന്നര ടണ്‍ വെയിറ്റെല്ലാം ഞാന്‍ അതില്‍ ആദ്യമേ എഴുതിവെച്ചിട്ടുണ്ടായിരുന്നു. സ്റ്റിക്ക് വെച്ച് ഒരു സംഭവമായിരുന്നു ഞാന്‍ പ്ലാന്‍ ചെയ്തത്. പിന്നീട് സാര്‍ തന്നെയാണ് അതിന്റെ വേറൊരു വേര്‍ഷന്‍ മറ്റൊരാള്‍ ചെയ്തത് അയച്ച് ഇങ്ങനെ ചെയ്താലോ എന്ന് ചോദിച്ചത്. അങ്ങനെ ആ റെഫറന്‍സാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്,’ ജിത്തു മാധവന്‍ പറഞ്ഞു.

 

Content Highlight: Jithu Madhavan talks about comedy scenes in Scene Movie