സൂപ്പർ ലീഗ് മൂന്നാം കേരളയുടെ മൂന്നാം സീസൺ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ എതിരാളികളെ ഞെട്ടിച്ചുകൊണ്ട് തിരുവനന്തപുരം കൊമ്പൻസിന്റെ വമ്പൻ നീക്കം. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം കേർവൻസ് ബെൽഫോർട്ടിനെ തട്ടകത്തിലെത്തിച്ചിരിക്കുകയാണ് കൊമ്പൻസ്.
കഴിഞ്ഞ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സിയോട് സ്വന്തം തട്ടകത്തിൽ പരാജയം ഏറ്റുവാങ്ങിയതോടെ കൊമ്പൻസിന്റെ സെമിnഫൈനൽ സാധ്യതകൾക്ക് വലിയ തിരിച്ചടിയാണ് സംഭവിച്ചത്. ഇനി സെമിഫൈനൽ സാധ്യതകൾ നിലനിർത്തണമെങ്കിലും മുന്നിലുള്ള മത്സരങ്ങളെല്ലാം തിരുവനന്തപുരത്തിന് നിർണായകമാണ്. ഇത് മുന്നിൽ കണ്ടാണ് കൊമ്പൻസ് ഹെയ്തിയുടെ മുന്നേറ്റനിര താരത്തെ കളത്തിലിറക്കാൻ ഒരുങ്ങുന്നത്.
സൂപ്പർ ലീഗ് കേരളയിൽ ഇതിനുമുമ്പ് തന്നെ ബൂട്ട്കെട്ടിയ പരിചയസമ്പത്തുള്ള താരമാണ് ബെൽഫോർട്ട്. 2024ൽ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്.സിക്ക് വേണ്ടി ഹെയ്തി താരം കളത്തിലിറങ്ങിയിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയാണ് ബെൽഫോർട്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2016-17 സീസണിൽ ആയിരുന്നു ബെൽഫോർട്ട് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടിയത്. കേരളത്തിന്റെ എക്കാലത്തെ മികച്ച പരിശീലകരിൽ ഒരാളായ സ്റ്റീവ് കോപ്പലിന്റെ കീഴിൽ 15 മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളുകളാണ് താരം നേടിയിട്ടുള്ളത്.

ആ സീസണിൽ കേരളത്തിന്റെ മധ്യനിരയിൽ നിറഞ്ഞാടി കൊണ്ട് മലയാളി ഫുട്ബോൾ പ്രേമികളുടെ മനസിൽ തന്റേതായ സ്ഥാനം കെട്ടിപ്പടുത്തുയർത്താൻ ബെൽഫോർട്ടിന് സാധിച്ചിരുന്നു. ഐ.എസ്.എല്ലിൽ പിന്നീട് ജംഷദ്പൂർ എഫ്.സിക്ക് വേണ്ടിയും ബെൽഫോർട്ട് കളിച്ചിരുന്നു. കേരളം വിട്ടുപോയിട്ടും കേരളത്തെ മറക്കാത്ത താരം കൂടിയാണ് ബെൽഫോർട്ട്.
ബെൽഫോർട്ട് ഇന്ത്യയിൽ നിന്നും പോയതിന് ശേഷം വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കണമെന്ന് താരം ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ പല സമയങ്ങളിലും താരം സോഷ്യൽ മീഡിയയിലൂടെ സന്തോഷം രേഖപ്പെടുത്തിക്കൊണ്ടും മുന്നോട്ട് വന്നിരുന്നു. ബെൽഫോർട്ടിന്റെ മടങ്ങിവരവ് മലയാളി ഫുട്ബോൾ പ്രേമികൾക്കും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
Content Highlight: Thiruvananthapuram Kombans sign former Kerala Blasters player Kervens Belfort
