തിരുവനന്തപുരം: എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ പൊളിച്ച നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. സമരപ്പന്തല്‍ രാത്രിയുടെ മറവില്‍ പൊളിച്ചുനീക്കുകയും സമരത്തിന് നേതൃത്വം നല്കിയ വളര്‍മതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വളര്‍മതി മുടി മുറിക്കുന്നത് കണ്ടു കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോള്‍ ഈ അതിക്രമത്തിന് നേതൃത്വം നല്‍കുന്നതെന്നും പിണറായി ചോദിച്ചു. സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന രീതി സര്‍ക്കാര്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യം ഓരോ പൗരനും ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന ഭരണസംവിധാനമല്ല, ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകുന്ന സര്‍ക്കാരാണ് ജനാധിപത്യത്തിന് ആവശ്യം.
ദല്‍ഹിയില്‍ നരേന്ദ്രമോഡിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവര്‍ത്തിക്കാമെന്ന വിഡി സതീശന്റേയും യു.ഡി.എഫിന്റേയും വ്യാമോഹം ഇവിടെ നടക്കില്ല. ശക്തമായ ജനകീയ പ്രക്ഷോഭം ഇതിനെതിരെ ഉയര്‍ന്നു വരണം,’ പിണറായി കുറിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാസങ്ങളോളം സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാവര്‍ക്കര്‍മാരുടെ പേരില്‍ നടത്തിയ സമരത്തെ തകര്‍ക്കുന്നതിന് വേണ്ടി പന്തല്‍ പൊളിക്കുന്നതിന് ആരും പോയിട്ടില്ലെന്ന് പിണറായി അവകാശപ്പെട്ടു. അന്ന് ആ സമരത്തെ മണിക്കൂര്‍ വച്ച് പോയി അഭിവാദ്യം ചെയ്തു സര്‍ക്കാരിനെതിരെ ഘോരഘോരം പ്രസംഗിച്ചവരാണ് ഇപ്പോള്‍ എല്‍.പി.എസ്.ടി സമരം തകര്‍ക്കാന്‍ പന്തല്‍ പൊളിക്കലും അറസ്റ്റുമായി എത്തിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ ഇന്നലെ (നവംബര്‍ 11, ബുധന്‍) രാത്രി 9.30തോടെ പൊളിച്ചുനീക്കുകയായിരുന്നു പൊലീസ്. സമര സമിതി നേതാവ് വളര്‍മതിയെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതിവേഗത്തിലാണ് വളര്‍മതിയെ ആശുപത്രിയിലേക്ക് മാറ്റിയതും സമരപ്പന്തലും ഫ്ളെക്സ് ബോര്‍ഡുകളുമടക്കം പൊളിച്ചുനീക്കിയതും.
സമരം നടത്താന്‍ സാധിക്കില്ലെന്നും രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്. പത്തോളം വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ മ്യൂസിയം ഇന്‍സ്പെക്ടറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം മിന്നല്‍ വേഗത്തിലെത്തുകയും സമരപ്പന്തല്‍ പൊളിച്ചുനീക്കുകയുമായിരുന്നു.
ഇതിനിടെ സമരം തുടരുമെന്ന് എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ വളര്‍മതിക്കൊപ്പം സമരം ചെയ്ത എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥി എം. ജയകൃഷ്ണന് സമരം ഏറ്റെടുത്തിട്ടുണ്ട്. ജനാതിപത്യ മര്യാദകള്‍ പാലിച്ചുകൊണ്ട് സമരം ഇനിയും ആരംഭിക്കുമെന്നും എല്ലാ യുവജന സംഘടനകളും തങ്ങളുടെ കൂടെയുണ്ടെന്നും ജയകൃഷ്ണന് പ്രതികരിച്ചു.
Content Highlight: Pinarayi Vijayan Critisized Kerala Government on dismantling of protest tent of LPST candidates
