13 വര്‍ഷത്തോളം ഹിറ്റില്ലാത്തതിന്റെ പേരില്‍ നേരിടേണ്ടി വന്ന കളിയാക്കലുകള്‍ക്ക് പലിശ സഹിതം മറുപടി നല്‍കിയിരിക്കുകയാണ് സൂര്യ. ഹിറ്റുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി തുടര്‍ച്ചയായി മൂന്ന് ബ്ലോക്ക്ബസ്റ്ററുകളാണ് താരം ബോക്‌സ് ഓഫീസിന് സമ്മാനിച്ചത്. ദീപാവലി റിലീസായെത്തിയ സീന്‍ 200 കോടിയാണ് ഇതിനോടകം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

ഒരു വര്‍ഷത്തില്‍ മൂന്ന് 200 കോടി ചിത്രം നേടുന്ന സൗത്ത് ഇന്ത്യയിലെ ആദ്യത്തെ താരമെന്ന നേട്ടം ഇതിനോടകം സൂര്യ തന്റെ പേരിലാക്കി. കോളിവുഡില്‍ നഷ്ടപ്പെട്ട തന്റെ സിംഹാസനം ഇതിനോടകം താരം തിരിച്ചുപിടിച്ചു. കറുപ്പിലൂടെ ഹിറ്റ് ട്രാക്കിലേക്ക് തിരിച്ചുകയറിയ സൂര്യ ഇനി തിരിച്ചുപോകില്ലെന്നാണ് താരത്തിന്റെ ലൈനപ്പ് സൂചിപ്പിക്കുന്നത്.

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ മണ്ടാടിയുടെ സംവിധായകന്‍ മതിമാരന്‍ പുഗഴേന്തിയുമായാണ് സൂര്യ ഇനി കൈകോര്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മണ്ടാടി പോലെ ബോട്ട് റേസിന്റെയും കടലിന്റെയും പശ്ചാത്തലത്തിലാകും ഈ ചിത്രം ഒരുങ്ങുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചിത്രത്തിന്റെ ഡിസ്‌കഷനുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

തമിഴിലെ മുന്‍നിര നിര്‍മാതാക്കളിലൊന്നായ കലൈപ്പുള്ളി എസ് തനുവാണ് ഈ ചിത്രത്തിന്റെ നിര്‍മാണം. സൂര്യ- വെട്രിമാരന്‍ കോമ്പോയില്‍ പ്രഖ്യാപിച്ച വാടിവാസലിന് പകരമാകും ഈ ചിത്രം ചെയ്യുക. വാടിവാസല്‍ ഡ്രോപ്പായതിന്റെ നിരാശ മുഴുവന്‍ ഈ പ്രൊജക്ടിലൂടെ ഇല്ലാതാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എം.ജി.ആറിന്റെ ഹിറ്റ് ചിത്രമായ പടകോട്ടി (ബോട്ട് ഓടിക്കുന്നവന്‍) എന്ന ടൈറ്റിലാകും ഈ ചിത്രത്തിന് നല്‍കുകയെന്നും വലൈ പേച്ച് അടക്കമുള്ള പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൂരിയെ ഇതുവരെ കാണാത്ത രീതിയില്‍ ആക്ഷന്‍ ഹീറോയായി അവതരിപ്പിച്ച മതിമാരന്‍ സൂര്യയെ ഏത് രീതിയിലാകും അവതരിപ്പിക്കുക എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം ഒഫിഷ്യലായി അനൗണ്‍സ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്ടിന് ശേഷമേ അടുത്തത് അനൗണ്‍സ് ചെയ്യുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയ് ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേലുമായി കൈകോര്‍ക്കുന്ന ചിത്രമാണ് നിലവില്‍ സൂര്യ പൂര്‍ത്തിയാക്കുന്നത്. കന്നഡയിലെ ടോപ് നിര്‍മാതാക്കളിലൊന്നായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. കയദു ലോഹറാണ് ചിത്രത്തിലെ നായിക. സായ് അഭ്യങ്കര്‍ സംഗീതം നല്‍കുന്ന ചിത്രം 2027 മെയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Rumor saying Suriya’s next film with Mandaadi director titled as Padagotti