2026 സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തയ്യാറെടുപ്പിലാണ് കേരളം. സൂപ്പർതാരം സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഇത്തവണ കേരളം പോരാട്ടങ്ങൾക്ക് ഒരുങ്ങുന്നത്. കേരള ക്രിക്കറ്റ് ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. രോഹൻ കുന്നുമ്മൽ, അസറുദ്ദീൻ എന്നീ മികച്ച താരങ്ങൾക്കൊപ്പം ജലജ് സക്സേനയും ടീമിൽ ഇടം നേടിയിട്ടുണ്ട്.
ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരക്ക് ശേഷം ടി-20 ഫോർമാറ്റിൽ ഇടവേളയുള്ളതിനാലാണ് സഞ്ജു കേരള ടീമിനൊപ്പം ചേർന്നത്. ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ടി-20 പരമ്പര ഡിസംബർ 22നാണ് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജു പൂർണമായും ഈ ടൂർണമെന്റിന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം ഇത്തവണ ഇറങ്ങുന്നത് ഒരു ചരിത്ര നേട്ടത്തിന്റെ തലയെടുപ്പുമായാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് കേരളത്തിന്റെ പേരിലാണ്. സഞ്ജു സാംസനും രോഹൻ കുന്നുമ്മലുമാണ് ഈ ചരിത്ര നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.

കഴിഞ്ഞ സീസണിൽ ഒഡീഷയ്ക്കെതിരെയായിരുന്നു ഇരുവരുടെയും റെക്കോഡ് കൂട്ടുകെട്ട്. ഇരുവരും 177* റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് നേടിയത്. ഉർവിൽ പട്ടേലും ആര്യ ദേശായിയും ചേർന്ന് നേടിയ 174 റൺസായിരുന്നു മലയാളി താരങ്ങൾ തകർത്തത്.
ഒഡീഷക്കെതിരെ രോഹൻ കുന്നുമ്മൽ സെഞ്ച്വറി നേടിയപ്പോൾ സഞ്ജു അർധ സെഞ്ച്വറിയുമായാണ് തിളങ്ങിയത്. രോഹൻ 10 സിക്സും 10 ഫോറും ഉൾപ്പെടെ 60 പന്തിൽ 121 റൺസാണ് സ്കോർ ചെയ്തത്. അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. 201.67 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.
മറുവശത്ത് സഞ്ജു 41 പന്തിൽ 51 റൺസെടുത്തു. ഒരു സിക്സും ആറ് ഫോറുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 124.39 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരം മിന്നും പ്രകടനം നടത്തിയത്.
ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒഡീഷക്കെതിരെ പത്ത് വിക്കറ്റിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. ഒഡീഷ ഉയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം 21 പന്ത് ബാക്കി നിൽക്കെ കേരളം മറികടക്കുകയായിരുന്നു.
അതേസമയം നവംബർ 14 മുതൽ ഡിസംബർ ആറ് വരെയാണ് ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി നടക്കുന്നത്. ടൂർണമെന്റിൽ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം അസം, ആന്ധ്രപ്രദേശ്, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, ത്രിപുര എന്ന ടീമുകളും കേരളത്തിന്റെ ഗ്രൂപ്പിലുണ്ട്.
ചരിത്രത്തിൽ ഇതുവരെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം കേരളത്തിന്റെ മണ്ണിലെത്തിയിട്ടില്ല. 2021ലും 2023ലും ക്വാർട്ടർ ഫൈനൽ വരെ എത്തിയതാണ് ടൂർണമെന്റിൽ കേരളത്തിന്റെ ഏറ്റവും പ്രകടനം പ്രകടനം. ഇത്തവണ സഞ്ജുവിന്റെ ചിറകിലേറി കേരളം കന്നി കിരീടം സ്വന്തമാക്കുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീം
സഞ്ജു വി. സാംസൺ (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഹമ്മദ് ഇമ്രാൻ, ഗോവിന്ദ് ദേവ് ഡി. പൈ, കൃഷ്ണ ദേവൻ ആർ.ജെ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, അഖിൽ സ്കറിയ, നിഖിൽ എം., വിഘ്നേഷ് പുത്തൂർ, ബിജു നാരായണൻ എൻ, കാർത്തിക് ബി. നായർ, വൈശാഖ് ചന്ദ്രൻ, ആസിഫ് കെ.എം, നിധീഷ് എം.ഡി, ഷറഫുദ്ദീൻ എൻ.എം, ജലജ് സക്സേന.
Content Highlight: Sanju Samson And Rohan Kunnummal historical record in Syed Mushtaq Ali Trophy
