അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി ലയണൽ സ്കലോണി 2030 ലോകകപ്പ് വരെ തുടരും. കരാർ നീട്ടുന്നത് സംബന്ധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ സ്കലോണിയുമായി ധാരണയിലെത്തിയെന്നാണ് റിപ്പോർട്ട്.
2026 ലോകകപ്പിലെ തോൽവിക്ക് പിന്നാലെ അർജന്റീന ടീമിനൊപ്പമുള്ള സ്കലോണിയുടെ ഭാവിയെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിഹാസ താരം ലയണൽ മെസിയുടെ പടിയിറക്കത്തോടെ ദേശീയ ടീമിനൊപ്പം സ്കലോണി ഇനി തുടരില്ലെന്ന വാർത്തകളും നിലനിന്നിരുന്നു. ഇപ്പോൾ ഇതിനെല്ലാം വിരാമമിട്ടുകൊണ്ട് സ്കലോണി മെസി യുഗത്തിന് ശേഷവും അർജന്റീനയുടെ പരിശീലകനായി തുടരുകയാണ്.
2030 ലോകകപ്പിലും അർജന്റീനയുടെ പരിശീലകനായി സ്കലോണി മുന്നിൽ നിന്നും നയിക്കുമ്പോൾ ഒരു ചരിത്രനേട്ടവും അർജന്റൈൻ ഫുട്ബോളിൽ പിറവിയെടുക്കും. അർജന്റീനയെ മൂന്ന് ലോകകപ്പുകളിൽ പരിശീലിപ്പിക്കുന്ന ആദ്യ കോച്ചായി സ്കലോണി മാറും.

സിസാർ ലൂയിസ് മെനോട്ടി, കാർലോസ് സാൽവഡോർ ബിലാർഡോ എന്നിവരെയാണ് സ്കലോണി മറികടക്കുക. ഇരുവരും രണ്ട് ലോകകപ്പുകളിലാണ് അർജന്റീനയെ പരിശീലിപ്പിച്ചത്. സിസാർ ലൂയിസ് 1978ലും 1982ലുമാണ് അർജന്റീനയുടെ പരിശീലക കുപ്പായമണിഞ്ഞത്. കാർലോസ് സാൽവഡോർ 1986, 1990 എന്നീ ലോകകപ്പുകളിലും അർജന്റീനയെ പരിശീലകനായി നയിച്ചു.
2018ലാണ് സ്കലോണി അർജന്റീനയുടെ പരിശീലകനായി ചുമതലയേൽക്കുന്നത്. അർജന്റീനൻ ജനതയുടെ സ്വപ്നസാക്ഷാൽക്കാരങ്ങൾ ഓരോന്നായി നിറവേറ്റാൻ സ്കലോണിക്ക് സാധിച്ചിരുന്നു.
28 വർഷങ്ങൾക്ക് ശേഷം അർജന്റീന ഒരു മേജർ ടൂർണമെന്റിൽ കിരീടം ചൂടിയത് സ്കലോണിയുടെ കീഴിലാണ്. 2021ൽ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീന കോപ്പ അമേരിക്ക നേടികൊണ്ട് നീണ്ട വർഷങ്ങളുടെ കിരീടവരൾച്ച അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ഇറ്റലിയെ തോൽപിച്ചുകൊണ്ട് ഫൈനൽസീമ കിരീടവും അർജന്റീന നേടി.

2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച പരിശീലകൻ കൂടിയായിരുന്നു സ്കലോണി. 1986ന് ശേഷം റൊസാരിയോയിലെ തെരുവുകളിൽ ലോക കിരീടം വീണ്ടുമെത്തിക്കുകയായിരുന്നു സ്കലോണി. പിന്നീട് 2024ൽ മറ്റൊരു കോപ്പ അമേരിക്ക കിരീടവും സ്കലോണിയുടെ കീഴിൽ അർജന്റീന നേടി.
2026 ലോകകപ്പിൽ കിരീടത്തിന്റെ അടുത്തുവരെയെത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു. എന്നാൽ കലാശപ്പോരിൽ സ്പാനിഷ് പടയോട് പരാജയപ്പെട്ട് സ്കലോണിയുടെ സംഘം മടങ്ങുകയായിരുന്നു.
Content Highlight: Lionel Scaloni will become the first coach to manage Argentina in three World Cups
