രോമാഞ്ചം, ആവേശം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമയാണ് ‘സീൻ’. സൂര്യയെ നായകനാക്കി ജിത്തു ഒരുക്കുന്ന ചിത്രം എന്ന നിലയിൽ റിലീസിന് മുമ്പുതന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ലഭിച്ചത്. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോഴേക്കും ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഏകദേശം 200 കോടി രൂപയും ചിത്രം സ്വന്തമാക്കി.
സൂര്യ ഇൻമ്പരാജ് എന്ന കഥാപാത്രമായി എത്തുമ്പോൾ, ഈശ്വർ എന്ന വില്ലൻ വേഷത്തിലാണ് നസ്ലെൻ അഭിനയിക്കുന്നത്. മായ എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ‘സീൻ’ എന്ന ചിത്രത്തിനുണ്ട്.

ആവേശം,ജിത്തു മാധവൻ. Photo. IMDb. Screen Grab/ Youtube
എന്നാൽ തന്റെ മുൻ സിനിമകളുടെ വിജയത്തിന്റെ ഭാരം അടുത്ത ചിത്രങ്ങളിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് തുറന്നു പറയുകയാണ് സംവിധായകൻ ജിത്തു മാധവൻ. ‘ആവേശം’ പോലെ മറ്റൊരു സിനിമ ചെയ്യണമെന്നല്ല പ്രേക്ഷകർ ആഗ്രഹിക്കുന്നത്, ആ സിനിമ കണ്ടപ്പോൾ ലഭിച്ച അതേ ആവേശവും എക്സൈറ്റ്മെന്റുമാണ് അവർ അടുത്ത ചിത്രത്തിലും പ്രതീക്ഷിക്കുന്നതെന്നും ജിത്തു ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘കഴിഞ്ഞ സിനിമകളെ കുറിച്ച് ഞാൻ അങ്ങനെ അധികം ചിന്തിക്കുന്ന ആളല്ല. അതുകൊണ്ട് അടുത്ത സിനിമയിലേക്ക് വളരെ ഈസിയായി കടക്കാൻ എനിക്ക് സാധിക്കും. നമ്മൾ നേരത്തെ ചെയ്ത സിനിമകളുടെ ഭാരം അടുത്ത സിനിമയിലേക്ക് കൊണ്ടുപോകാൻ പാടില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
നമ്മൾ സിനിമകൾ ചെയ്യുമ്പോൾ പ്രേക്ഷകർക്ക് നമ്മളിൽനിന്ന് പ്രതീക്ഷകളുണ്ടാകും. ആ പ്രതീക്ഷകൾ നിറവേറ്റാൻ വേണ്ടിയാണ് നമ്മൾ വർക്ക് ചെയ്യുന്നത്. പക്ഷേ, അവർ ആഗ്രഹിക്കുന്നത് നമ്മുടെ പഴയ സിനിമയുടെ അതേ പാറ്റേണിലുള്ള മറ്റൊരു സിനിമയല്ല. ആ സിനിമ കണ്ടപ്പോൾ അവർക്ക് ലഭിച്ച അതേ ഹൈയും എക്സൈറ്റ്മെന്റുമാണ് അടുത്ത സിനിമയിലും അവർ പ്രതീക്ഷിക്കുന്നത്.
‘ആവേശം’ കണ്ടപ്പോൾ അവർക്ക് കിട്ടിയ ആവേശം അടുത്ത സിനിമയിലും ലഭിക്കണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. അല്ലാതെ അടുത്ത സിനിമയും ‘ആവേശം’ പോലെതന്നെ ആയിരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നില്ല. അങ്ങനെ തെറ്റിദ്ധരിച്ചാൽ എന്റെ എല്ലാ സിനിമകളും ഒരുപോലെയാകും. ഒരുപക്ഷേ, ‘ആവേശം’ അനുകരിക്കാൻ ശ്രമിച്ച് ഞാൻ പരാജയപ്പെടുകയും ചെയ്യും,’ ജിത്തു മാധവൻ പറഞ്ഞു.
ഒരു പുതിയ സിനിമയുടെ കഥ ആലോചിക്കുമ്പോൾ അതിൽ പ്രേക്ഷകർക്ക് എത്രത്തോളം ആവേശവും എക്സൈറ്റ്മെന്റും ലഭിക്കുമെന്ന കാര്യത്തിനാണ് താൻ പ്രധാന്യം നൽകുന്നതെന്നും സംവിധായകൻ വ്യക്തമാക്കി.

ആവേശം Photo. IMDb
‘ഒരു കഥ ആലോചിക്കുമ്പോൾ അതിൽ എക്സൈറ്റ്മെന്റ് ഉണ്ടോ, അത് കാണുന്ന പ്രേക്ഷകർ എത്രത്തോളം പ്രതികരിക്കും, അവർക്ക് എത്രത്തോളം ആവേശം ലഭിക്കും എന്നൊക്കെയാണ് ഞാൻ ചിന്തിക്കാറുള്ളത്. അതുമാത്രമാണ് ഞാൻ പിന്തുടരുന്ന രീതി,’ ജിത്തു മാധവൻ കൂട്ടിച്ചേർത്തു.
Content Highlight: Director Jithu Madhavan openly states that he does not wish to carry the burden of his previous films’ success into his subsequent project
