ലേ : ലഡാക്ക് സ്വയംഭരണ ഹിൽ ഡെവലപ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏർപ്പെടുത്തിയ നിരോധനാജ്ഞയെത്തുടർന്ന് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ലേയിലെ സമരപ്പന്തലിൽ നിന്ന് ലഡാക്ക് പൊലീസ് നീക്കം ചെയ്തു. ബുധനാഴ്ചയാണ് സംഭവം.
സമരപ്പന്തലിൽ നിന്ന് മാറ്റിയ അദ്ദേഹത്തെ പൊലീസ് വീട്ടിലെത്തിക്കുകയും, തത്ക്കാലം വീട്ടിൽ തന്നെ തുടരാൻ നിർദേശിക്കുകയും ചെയ്തു. പഞ്ചായത്ത്, മുനിസിപ്പൽ, ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ ലേ നഗരപരിധിയിൽ പൊതുയോഗങ്ങളും റാലികളും പ്രതിഷേധങ്ങളും നിരോധിച്ചിട്ടുണ്ട്.
ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും, ജനങ്ങൾ തെരഞ്ഞെടുപ്പ് നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും പൊലീസ് അറിയിച്ചു.
ഡിസംബർ നാലിന് നടക്കാനിരിക്കുന്ന ലഡാക്ക് സ്വയംഭരണ ഹിൽ ഡെവലപ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സോനം വാങ്ചുകിന്റെ നേതൃത്വത്തിൽ ലേയിൽ പ്രതിഷേധം നടക്കുന്നത്. കടുത്ത ശൈത്യത്തെയും , കാലാവസ്ഥാ വ്യതിയാനത്തെയും തുടർന്ന് പ്രദേശത്തുനിന്ന് താമസക്കാർ കൂട്ടത്തോടെ മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറുന്നത് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.
പൊലീസ് നടപടിക്ക് പിന്നാലെ, ലഡാക്കിലെ സാഹചര്യങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് എക്സിൽ ഒരു വീഡിയോ സന്ദേശം പങ്കുവെച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരോടും രാജ്യത്തെ ജനങ്ങളോടും ലഡാക്കിന്റെ വിഷയത്തിൽ ഇടപെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ലഡാക്കിൽ ജനാധിപത്യം പുനസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പരാജയപ്പെട്ടതായും, കഴിഞ്ഞവർഷം സെപ്റ്റംബർ 24ന് ലേയിൽ നടന്ന സംഘർഷങ്ങളെക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത് വൈകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടത്തിന് താത്പ്പര്യമുള്ളവരെ അധികാരത്തിലെത്തിക്കാനാണ് ഇപ്പോൾ തിടുക്കത്തിൽ കൗൺസിൽ തെരഞ്ഞെടുപ്പുകൾ നടത്തുന്നതെന്ന് വാങ്ചുക്ക് വിമർശിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിൽ ലഡാക്കിൽ കനത്ത മഞ്ഞുവീഴ്ചയും മൈനസ് 30 ഡിഗ്രിക്ക് താഴെ കൊടുംതണുപ്പുമാണ്. പഠനത്തിനും മറ്റുമായി ജനസംഖ്യയുടെ പകുതിയോളം പേർ ഈ സമയത്ത് നാട്ടിലുണ്ടാകില്ലെന്നും, ഇത്തരമൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലേയിലെയും കാർഗിലിലെയും നേതാക്കളും എം.പിയും ഒത്തുചേർന്നാണ് ഈ അഭ്യർത്ഥന നടത്തുന്നതെന്ന് വ്യക്തമാക്കിയ വാങ്ചുക്ക്, ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ സമാധാനപരവും എന്നാൽ ശക്തവുമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
Content Highlight:Election restrictions: Ladakh Police remove Sonam Wangchuk from protest site.
