തിയേറ്ററുകളില്‍ ഗംഭീര മുന്നേറ്റം നടത്തുകയാണ് നിതീഷ് തിവാരിയുടെ രാമായണ. ഇന്ത്യന്‍ ഐതിഹ്യകഥയെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോഡ് കളക്ഷനാണ് സ്വന്തമാക്കുന്നത്. ആദ്യ ആഴ്ചയില്‍ തന്നെ 950 കോടിക്ക് മുകളില്‍ നേടിയ ചിത്രം ഇന്നത്തോടെ ആയിരം കോടി എന്ന മാന്ത്രിക സംഖ്യ തൊടുമെന്ന് ഉറപ്പാണ്.

ബ്രേക്ക് ഇവനാകാന്‍ 2500 കോടിക്ക് മുകളിലാണ് ആവശ്യമുള്ളത്. ലോങ് റണ്ണില്‍ ഈയൊരു കളക്ഷന്‍ രാമായണ മറികടക്കുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം മാത്രമാണ് ഇപ്പോള്‍ പ്രേക്ഷകരിലേക്കെത്തിയത്. യുദ്ധകാണ്ഡമടക്കം പല പ്രധാന ഇവന്റുകളും രണ്ടാം ഭാഗത്തിലാണുള്ളത്. ആദ്യഭാഗത്തില്‍ നായകനായ രണ്‍ബീറിനെക്കാള്‍ കൈയടി നേടുന്നത് വില്ലനായ യഷാണ്.
രാവണന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ യഷ് അതിഗംഭീരമായി പകര്‍ന്നാടിയിട്ടുണ്ട്. ടോക്‌സിക്കിലൂടെ നഷ്ടമായ ഓറ രാമായണയിലൂടെ താരം തിരിച്ചുപിടിച്ചെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. രാമനായി രണ്‍ബീറും മോശമാക്കിയിട്ടില്ല. എന്നാല്‍ രാമായണയുടെ വിജയത്തിന് പിന്നാലെ യഷിന്റെയും രണ്‍ബീറിന്റെയും കരിയറിലെ ചെറിയൊരു സാമ്യതയാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

ത്രിലോകങ്ങള്‍ക്കു അധിപനായ രാവണന്റെ കഥ കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ദേവന്മാരുമായുള്ള യുദ്ധം പരാജയപ്പെട്ടതിന് ശേഷം അസുരകുലത്തിന്റെ ജീവിതം ദുരിതത്തിലായെന്നും അവരെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന് രാവണന്റെ അമ്മ കൈകസി തന്റെ മകനോട് ആവശ്യപ്പെടുകയാണ്. അമ്മക്ക് നല്‍കിയ വാക്കിന് വേണ്ടിയാണ് കഠിനമായ തപസ് ചെയ്ത് രാവണന്‍ അസുരകുലത്തെ കൈപിടിച്ചുയര്‍ത്തുന്നത്.
യഷിന്റെ കരിയര്‍ മാറ്റിമറിച്ച കെ.ജി.എഫ് സീരീസിന്റെ കഥയും ഇത് തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായി താന്‍ മാറുമെന്ന് അമ്മക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ഡോണായി മാറിയ റോക്കി ഭായ് ആരാധകരെ ആവേശം കൊള്ളിച്ചു. കെ.ജി.എഫില്‍ നിന്ന് രാമായണയിലേക്ക് വന്നപ്പോഴും വലിയ മാറ്റമില്ലെന്നാണ് ട്രോളുകള്‍.

യഷിനെക്കാള്‍ കഷ്ടമാണ് രണ്‍ബീറിന്റെ അവസ്ഥയെന്നും ട്രോളുകളുണ്ട്. കരിയറില്‍ ചെയ്ത ഒട്ടുമിക്ക സിനിമകളിലും അച്ഛന്‍ കാരണം, അല്ലെങ്കില്‍ അച്ഛനോട് വഴക്കിട്ട് വീടുവിട്ട് പോകുന്ന കഥാപാത്രമാണ് രണ്‍ബീറിന്റേത്. താരത്തിന്റെ കരിയറിലെ മികച്ച സിനിമകളിലെല്ലാം ഈയൊരു സാമ്യതയുണ്ടെന്ന് ട്രോളന്മാര് ചൂണ്ടിക്കാണിക്കുന്നു.
ഉഴപ്പിനടക്കുന്നതിനെ ചോദ്യം ചെയ്ത അച്ഛനോട് ദേഷ്യപ്പെട്ട് വീടുവിട്ട് ഇറങ്ങുന്ന സിദ്ധാര്‍ത്ഥ് (വേക്ക് അപ് സിദ്), അച്ഛനോടുള്ള ദേഷ്യം കാരണം നാടുവിടുന്ന വേദ് (തമാശ), ടോക്‌സിക്കായ അച്ഛനോടുള്ള ദേഷ്യം തീര്‍ക്കാന്‍ വീടുവിട്ട് പോകുന്ന ടോക്‌സിക്കായ രണ്‍വിജയ് സിങ് (അനിമല്‍) എന്നിവയാണ് ലിസ്റ്റിലെ മെയിന്‍ സിനിമകള്‍. അച്ഛന് പകരം സഹോദരങ്ങള്‍ കാരണം വീടുവിട്ട് പോകുന്ന ചിത്രവും ലിസ്റ്റിലുണ്ട്. റോക്‌സ്റ്റാറിലെ ജോര്‍ദന്‍ അങ്ങനെയൊരു കഥാപാത്രമാണ്.

ഇപ്പോഴിതാ രാമായണത്തിലും രണ്‍ബീറിന്റെ സ്ഥിതി വ്യത്യസ്തമല്ല. ചെറിയമ്മക്ക് അച്ഛന്‍ നല്‍കിയ വാക്കിന്റെ പേരില്‍ കൊട്ടാരം ഉപേക്ഷിച്ച് 14 വര്‍ഷം വനവാസത്തിന് പോകേണ്ടി വന്ന രാമനായി രണ്‍ബീറല്ലാതെ മറ്റൊരു ഓപ്ഷനില്ലെന്നാണ് ട്രോളന്മാരുടെ പരിഹാസം.
Content Highlight: Trolls about Ranbir and Yash’s typecast in Ramayana
