മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ക്ഷീര സഹകരണ സംഘമാണ് കോല്ഹാപൂരിലുള്ള ഗോകുല്‍ ഡയറി. ഏകദേശം 3,000 കോടി രൂപയിലധികം വിറ്റുവരവുള്ള ഗോകുല്‍ ഫെഡറേഷന്റെ ഭരണസമിതിയുടെ ചെയര്‍പേഴ്സണായുള്ള തെരഞ്ഞെടുപ്പ് നവംബര്‍ പത്തിന് നടന്നു. ഒക്ടോബര്‍ 19ന് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം പരാജയപ്പെട്ടിട്ടും ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത് സഖ്യത്തിലെ രാജേഷ് പാട്ടില്‍ ആണ്.
മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ നവംബര്‍ ആറിന് പുറത്തിറക്കിയ ഒരു ഓര്‍ഡിനന്‍സ് ആണ് തെരഞ്ഞെടുപ്പിന്റെ സമവാക്യം മാറ്റിമറിച്ചത്. സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി ശരിവെക്കുക കൂടി ചെയ്തതോടെ ചെയര്‍പേഴ്സണുള്ള തെരഞ്ഞെടുപ്പ് നടക്കുകയും ബി.ജെ.പിയുടെ പിന്തുണയുള്ള മഹായുതി സഖ്യത്തിലെ രാജേഷ് പാട്ടീല്‍ സ്ഥാനത്തെത്തുകയും ചെയ്തു.

ബോര്‍ഡ് തെരഞ്ഞെടുപ്പ്
ഒക്ടോബര്‍ പത്തിനാണ് ഗോകുല്‍ ക്ഷീര യൂണിയന്റെ 25 ഡയറക്ടര്‍ പോസ്റ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 99 ശതമാനത്തിലധികം പോളിങ് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സമവിചാരി അഗാഡി 25 ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനങ്ങളില്‍ 13 എണ്ണവും നേടിയിരുന്നു. ബി.ജെ.പി നേതൃത്വം നല്കുന്ന മഹായുതി പാനലിന് 12 സീറ്റുകളാണ് ലഭിച്ചത്.
ഒക്ടോബര്‍ 29ന് പുതിയ ഭരണസമിതി ചെയര്‍പേഴ്സണെ തെരഞ്ഞെടുക്കാന്‍ യോഗം ചേര്‍ന്നപ്പോള്‍ മഹായുതിയുടെ 12 ഡയറക്ടര്‍മാരും വിട്ടുനിന്നു. ഇതോടെ ഗോകുലിന്റെ ബൈലോ പ്രകാരം ആവശ്യമായ ക്വാറം തികയാതെ വന്നതിനാല്‍ അധ്യക്ഷയായ മൗസമി ചൗഗുലെ യോഗം മാറ്റിവെച്ചു.
ഭൂരിപക്ഷം നേടിയിട്ടും ഗോകുലിന്റെ ചട്ടപ്രകാരം ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് കുറഞ്ഞത് 14 ഡയറക്ടര്‍മാരുടെ സാന്നിധ്യം ആവശ്യമായതിനാല്‍ കോണ്‍ഗ്രസ് പാനലിന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്നുള്ള യോഗങ്ങളും മഹായുതി ബഹിഷ്കരിച്ചതോടെ ചെയര്‍പേഴ്സണെ തെരഞ്ഞെടുക്കാനുള്ള തുടര്‍ന്നുള്ള ശ്രമങ്ങള്‍ സ്തംഭനത്തിലായി.
ചെയര്മാന് തെരഞ്ഞെടുപ്പിലെ തര്‍ക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ സഹകരണ സംഘത്തിന്റെ ഭരണം അഡ്മിനിസ്ട്രേറ്റര്‍ക്ക് കൈമാറേണ്ടിവരുമെന്ന സാധ്യതയും ഉയര്‍ന്നു. ഇതിനിടെ സതേജ് പാട്ടീലിനൊപ്പമുള്ള 13 ഡയറക്ടര്‍മാര്‍ പ്രത്യേകം യോഗം ചേര്‍ന്ന് ശശികാന്ത് പാട്ടീല്‍ ചുയേക്കറിനെ ചെയര്‍മാനായി പ്രഖ്യാപിച്ചു. എന്നാല്‍ സഹകരണ സംഘത്തിന്റെ ഭരണവിഭാഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയില്ല. ഇതിനെതിരെ പ്രതിപക്ഷ വിഭാഗം ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി തെരഞ്ഞെടുക്കപ്പെട്ട 25 ഡയറക്ടര്‍മാര്‍ക്കും നോട്ടീസ് അയക്കുകയും നവംബര്‍ പത്തിന് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടുകയും ചെയ്തു.
തെരഞ്ഞെടുപ്പിന് മുമ്പെത്തിയ ഓര്‍ഡിനന്‍സ്
ഹൈക്കോടതി തെരഞ്ഞെടുപ്പ് നിശ്ചയിച്ച ദിവസത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന എക്സിക്യൂട്ടിവ് ഒരു നീക്കം നടത്തി. 2026 നവംബര്‍ 4ന് മഹാരാഷ്ട്ര മന്ത്രി സഭ നിര്‍ണായകമായ ഒരു വിവാദ ഓര്‍ഡിനന്‍സിന് അംഗീകാരം നല്കി.
500 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള വന്‍കിട സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതികളിലേക്ക് അഞ്ച് സര്‍ക്കാര്‍ പ്രതിനിധികളെ നാമനിര്‍ദേശം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. ഇവരില്‍ നാല് പേര്‍ക്ക് പൂര്‍ണ വോട്ടവകാശവും നല്‍കുന്നുണ്ട്.
പെട്ടെന്നുണ്ടായ നിയമമാറ്റം ബോര്‍ഡ് ചെയര്‍പേഴ്സണായുള്ള തെരഞ്ഞെടുപ്പിന്റെ സമവാക്യം മാറ്റിമറിച്ചു. 13-12 എന്ന കോണ്‍ഗ്രസ് അനുകൂല ഭൂരിപക്ഷത്തില്‍ നിന്നും 16-13 എന്ന് മഹായുതി സഖ്യത്തിന് അനുകൂലമായ ഭൂരിപക്ഷത്തിലേക്ക് മാറി.
എതിര്‍പ്പ്
മന്ത്രിസഭയുടെ നീക്കം ദേശീയ, സംസ്ഥാന പ്രതിപക്ഷ നിരകളില്‍ ഉടനടി പ്രതിഷേധം ആളിക്കത്തിച്ചു. രാഹുല്‍ ഗാന്ധി, പവന് ഖേര, രോഹിത് പവാര്‍ തുടങ്ങി പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ ഈ തീരുമാനത്തെ ശക്തമായി അപലപിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുള്ള വോട്ടര്‍മാരുടെ തീരുമാനത്തിന്റ നഗ്നമായ ലംഘനമായി ഓര്‍ഡിനന്‍സിനെ വിശേഷിപ്പിച്ചു. സഹകരണ മേഖലയുടെ സ്വയംഭരണത്തിന്റെ നിലനില്‍പ്പിന് നേരെയുള്ള ആക്രമണമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ കഴിയാതായതോടെ രാഷ്ട്രീയ സമവാക്യം മാറ്റാനാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു. സഹകരണ സ്ഥാപനത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ പ്രതിനിധീകരിക്കപ്പെടുന്ന 5.5 ലക്ഷം ക്ഷീരകര്‍ഷകരുടെ ജനവിധി അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു.
ഹൈക്കോടതി വിധി
ഗോകുല്‍ ക്ഷീര ഫെഡറേഷന്റെ ചെയര്മാന് തെരഞ്ഞെടുപ്പ് തടയണമെന്ന ഹരജി നവംബര്‍ ഒമ്പത് തിങ്കളാഴ്ച ബോംബെ ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം നല്‍കിയതോടെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടാനുള്ള സാധ്യതയേറി.
എന്നാല്‍, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത നാല് ഡയറക്ടര്‍മാര്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ പ്രത്യേക സീല്‍ ചെയ്ത ബാലറ്റ് പെട്ടിയില്‍ സൂക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കുകയും വേണം. ഫലം പ്രഖ്യാപിക്കാമെങ്കിലും കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും അതിന്റെ സാധുതയെന്നും കോടതി വ്യക്തമാക്കി.
ഓര്‍ഡിനന്‍സിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞു. നവംബര്‍ നാല് മഹാരാഷ്ട്രയിലെ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് കരിദിനം ആണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 10ന് സതേജ് പാട്ടീല്‍ ദസറ ചൗക്കില്‍ നിന്ന് കോല്‍ഹാപൂര്‍ ജില്ലാ കളക്ടറേറ്റിലേക്ക് വലിയ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
ക്ഷീരകര്‍ഷകരുടെ പങ്കാളിത്തത്തോടെ കെട്ടിപ്പടുത്ത സഹകരണ സ്ഥാപനത്തില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
കോലാപുര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്ഷീരകര്‍ഷകര്‍ക്കൊപ്പം സമീപ ജില്ലകളായ സാംഗ്ലി, സത്താറ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ദസറ ചൗക്കില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്തു.
നിരവധി കര്‍ഷകര്‍ കന്നുകാലികളുമായാണ് പ്രതിഷേധത്തിനെത്തിയത്. പ്രാദേശിക അഭിഭാഷകരും കറുത്ത കൊടികളും ബാനറുകളുമേന്തി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
കര്‍ഷക നേതാവ് രാജു ഷെട്ടി, കോണ്‍ഗ്രസ് എം.എല്‍.എ വിശ്വജീത് കദം, ലോക്സഭാ എം.പിമാരായ വിശാല്‍ പാട്ടീല്‍, ധൈര്യശീല് മോഹിതെ പാട്ടീല്‍, എന്‍.സി.പി (എസ്.പി) എം.എല്‍.എ ജയന്ത് പാട്ടീല്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
പ്രതിഷേധയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, മഹായുതി പിന്തുണച്ച പാനല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ നാല് ഡയറക്ടര്‍മാരെ നാമനിര്‍ദേശം ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന് സതേജ് പാട്ടീല്‍ ആരോപിച്ചു.
സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യാന്‍ ഉദ്ദേശിക്കുന്ന നാല് പേരുടെ പേരുകളും അദ്ദേഹം പരസ്യമായി വെളിപ്പെടുത്തി. പന്ഹാലയില് നിന്നുള്ള ശിവാജി അദ്നായിക്, ഗൈനക്കോളജിസ്റ്റായ ഡോ. പ്രവീണ്‍ചന്ദ്ര ഹെന്ദ്രെ, കാഗലില്‍ നിന്നുള്ള കൃഷ്ണത് പാട്ടീല്‍, സാംഗ്ലിയില്‍ നിന്നുള്ള അഭിഭാഷകന് പ്രശാന്ത് പാട്ടോലെ എന്നിവരാണിവര്‍.
ഇവരുടെ നിയമനത്തിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്ത സതേജ് പാട്ടീല്‍, ‘ഇവരില്‍ എത്രപേര്‍ക്ക് യഥാര്‍ഥത്തില്‍ എരുമകളുണ്ട് എന്നുപോലും ആര്‍ക്കറിയാം?’ എന്നും പരിഹസിച്ചു.

പ്രതികരണം
പാല് ഉത്പാദകര്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയപ്പോള്‍ തെരഞ്ഞെടുപ്പിന് ശേഷം അവര്‍ നിയമം മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭൂരിപക്ഷം മോഷ്ടിച്ചുകൊണ്ട് ജനവിധിയില്‍ മായം ചേര്‍ക്കുകയാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘ബി.ജെ.പി അധികാരം രക്ഷിക്കാന്‍ എല്ലായിടത്തും ഏതറ്റം വരെയും പോകുന്ന തരത്തില്‍ നിരാശയിലായിരിക്കുന്നു. പാല് ഉല്പാദകരുടെ വോട്ട് മോഷ്ടിക്കുന്നവര്‍ ഓര്‍ക്കുക – കര്‍ഷകര്‍ മറക്കില്ല,’ അദ്ദേഹം പറഞ്ഞു.
ജനാധിപത്യപരമായ ജനവിധി അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവത്ത് വിമര്‍ശിച്ചു.
‘പരാജയം അംഗീകരിക്കാന്‍ വലിയ ധൈര്യം വേണം. എന്നാല്‍ ആ ധൈര്യം ബി.ജെ.പിക്കുണ്ടെന്ന് തോന്നുന്നില്ല. ഗോകുല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ മഹാരാഷ്ട്രയുടെ രാഷ്ട്രീയ പാരമ്പര്യത്തിന് യോജിച്ചതല്ല,’ അദ്ദേഹം പറഞ്ഞു.
അതേസമയം, സര്‍ക്കാരിന്റെ തീരുമാനത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ന്യായീകരിച്ചു. നിയമാനുസൃതമായാണ് നടപടിയെടുത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
‘ഞാന്‍ പിന്തുണയ്ക്കുന്നത് ഗോകുല്‍ എന്ന സ്ഥാപനത്തെയാണ്, ഏതെങ്കിലും വ്യക്തിയെയല്ല. പ്രത്യേകിച്ച് ഒരാള്‍ക്ക് വേണ്ടിയും ഞാന്‍ പ്രവര്‍ത്തിക്കുന്നില്ല. നാമനിര്‍ദേശം ചെയ്യപ്പെട്ട നാല് ബോര്‍ഡ് അംഗങ്ങള്‍ക്കും സഹകരണ മേഖലയില്‍ അനുഭവപരിചയമുണ്ട്. അവരുടെ യോഗ്യതകള്‍ സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്,’ ഫഡ്നാവിസ് പറഞ്ഞു.
ഒരു ക്ഷീര സഹകരണ സംഘത്തിന്റെ പോലും ജനവിധി മോഷ്ടിക്കാന്‍ അവര്‍ ഇത്രയധികം ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഗ്യാനേഷ് കുമാറിന്റെ സഹായത്തോടെ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ അവര്‍ എന്തുചെയ്യുമെന്ന് സങ്കല്‍പ്പിച്ച് നോക്കാന്‍ സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്കെ പറഞ്ഞു.
ഒരു തെരഞ്ഞെടുപ്പിന് ശേഷം ഫലം അനുകൂലമാകാത്തത് കൊണ്ട് മാത്രം ഒരു സര്‍ക്കാരിന് നിയമങ്ങള്‍ മാറ്റാന്‍ കഴിയുമോ എന്നതാണ് വലിയ ചോദ്യമെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര പറഞ്ഞു.
‘ഗോകുല്‍ മില്‍ക്ക് ഫെഡറേഷനിലെ പാല് ഉല്പാദകരുടെ ജനാധിപത്യപരമായ വിധിയെ അട്ടിമറിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ധിക്കാരപൂര്‍വ്വം ശ്രമിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു ബോര്‍ഡിന്റെ ഘടനയില്‍ കൃത്രിമം കാണിക്കുന്നതിനാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: The controversy over elections to Maharashtra’s largest milk cooperative and how did BJP lead Maharashtra Government ‘subvert’ the election.
