ലഖ്‌നൗ: യു.പിയില്‍ ബുള്‍ഡോസറുകള്‍ ഒരു ബ്രാന്‍ഡായി മാറിയിരിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. അതിനാല്‍ സംസ്ഥാനത്ത് ബുള്‍ഡോസര്‍ നിര്‍മാണം ആരംഭിക്കണമെന്നും നിര്‍മാണ കമ്പനിയായ സി.എന്‍.എച്ച് ഇന്‍ഡസ്ട്രിയോട് യോഗി പറഞ്ഞു.

ട്രാക്ടറുകള്‍ നിര്‍മിക്കുന്നതിനൊപ്പം ബുള്‍ഡോസറുകളും നിര്‍മിക്കണമെന്നാണ് യോഗി കമ്പനിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. യു.പിയിലെ ബുള്‍ഡോസറുകള്‍ രാജ്യത്തിനകത്തും വിദേശത്തും ഇതിനോടകകം ശ്രദ്ധ നേടിയിട്ടുണ്ടെന്നും അതിനാല്‍ വിപണിയില്‍ നിരവധി ആവശ്യക്കാരുണ്ടാകുമെന്നും യോഗി പറഞ്ഞു.

‘ ഉത്തര്‍പ്രദേശില്‍ മാഫിയ ഭരണത്തിന് പകരം നിയമവാഴ്ച നിലവില്‍ വന്നു. കുറ്റവാളികളോടുള്ള സീറോ ടോളറന്‍സ് നയവും ബുള്‍ഡോസര്‍ നടപടിയും സംസ്ഥാനത്തെ ഒരു പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റി. കമ്പനികള്‍ ഇവിടെ ബുള്‍ഡോസറുകളും ട്രാക്ടറുകളും നിര്‍മിക്കുകയാണെങ്കില്‍ ഇന്ത്യയിലും വിദേശത്തും അതിന് ആവശ്യക്കാരുണ്ടാവും,’ ബി.ജെ.പി നേതാവ് പറഞ്ഞു.

സി.എന്‍.എച്ച് ഇന്‍ഡസ്ട്രിയലിന്റെ ട്രാക്ടര്‍ നിര്‍മാണ പ്ലാന്റിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെയായിരുന്നു യോഗിയുടെ പരാമര്‍ശം. 2017ന് മുമ്പ് അവഗണനയും പിന്നാക്കാവസ്ഥയും നിയമവാഴ്ചയുടെ അഭാവവും നേരിട്ടിരുന്ന ഉത്തര്‍പ്രദേശ് ഇന്ന് വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചെന്നും മാഫിയകളുടെ ഭരണത്തില്‍നിന്ന് നിയമവാഴ്ചയിലേക്കുള്ള മാറ്റം സാധ്യമായെന്നും യോഗി അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശത്തിലാണ് ഈ മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: The bulldozer has become a brand in UP; if manufactured here, it will have market value: Yogi