ലഖ്‌നൗ: 2027 ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദും അസദുദ്ദീന്‍ ഒവൈസിയും. സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച എന്ന പേരിലാണ് ഒവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മും ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയും അടങ്ങുന്ന പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചത്. മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആസാദിനെ പിന്തുണക്കുന്നതായി ഒവൈസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചന്ദ്രശേഖര്‍ ആസാദ് സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ചയുടെ അധ്യക്ഷനായും, ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും പ്രവര്‍ത്തിക്കുമെന്ന് ഒവൈസി അറിയിച്ചു. ഈ മുന്നണിയുടെ മുഖമായി ചന്ദ്രശേഖര്‍ ആസാദിനെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ആസാദ് മുഖ്യമന്ത്രിയാകുമ്പോള്‍ മാത്രമേ ഈ സഖ്യം ലക്ഷ്യമിടുന്ന മാറ്റം യാഥാര്‍ത്ഥ്യമാകൂ എന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. മുന്നണി പ്രഖ്യാപനത്തിനായി ചന്ദ്രശേഖര്‍ ആസാദിനൊപ്പം ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഒവൈസി.

അവഗണിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതിനായാണ് ഈ പുതിയ കൂട്ടായ്മ രൂപീകരിച്ചതെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. കാലക്രമേണ ഇത്തരം വിഭാഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ ആളുകള്‍ ഈ മുന്നണിയില്‍ ചേരും. അന്ന് വേദിയില്‍ ദൃശ്യമാവുന്ന മാറ്റത്തെയാണ് ‘സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച’ എന്ന പേര് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമാജ് വാദി പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും സഖ്യത്തിലേക്ക് ക്ഷണിക്കുകയാണെന്നും ആസാദ് പറഞ്ഞു. സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ തങ്ങളുടെ മുന്നണി അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള 403 മണ്ഡലങ്ങളിലും മുന്നണി ഒരുമിച്ച് മത്സരിക്കും. സീറ്റുകളുടെ കാര്യത്തില്‍ സഖ്യകക്ഷികള്‍ക്കിടയില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും ആസാദ് പറഞ്ഞു.

അതേസമയം, യു.പിയില്‍ ബി.ജെ.പി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വരുന്നത് തടയാന്‍ എ.ഐ.എം.ഐ.എമ്മും ആസാദിന്റെ പാര്‍ട്ടിയും തമ്മിലുള്ള സഖ്യം ലക്ഷ്യമിടുന്നതായി ഒവൈസി പറഞ്ഞു. ബി.ജെ.പിയെ തടയുന്ന ശക്തമാ ബദലായിരിക്കും പുതിയ മുന്നണിയെന്നും അദ്ദേഹം പറഞ്ഞു.

ജാതിഭേദമന്യേ, പിന്നാക്ക-ദളിത് വിഭാഗങ്ങളെയും മറ്റ് അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയങ്ങളില്‍ സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച ശ്രദ്ധ കേന്ദ്രീകരിക്കും. ഇതുവരെ അധികാരത്തിലിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ജനവിഭാഗങ്ങളെ വെറും വോട്ട് ബാങ്കുകള്‍ ആയി മാത്രമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ച, യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ, കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ ഈ സഖ്യം ഏറ്റെടുക്കുന്ന പ്രധാന വിഷയങ്ങളില്‍ ഉള്‍പ്പെടും. സഖ്യത്തിന്റെ വിജയം ഉറപ്പാക്കാന്‍ ഇരു പാര്‍ട്ടികളും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും, ഈ മുന്നണിയുടെ വിജയം ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ വിജയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നണി ഒരു പൊതു സമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 26-ന് നടക്കാനിരിക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ ഒവൈസി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് സാമൂഹിക മാറ്റത്തിനായുള്ള ഒരു മുന്നേറ്റത്തിന്റെ തുടക്കമെന്നും അദ്ദേഹം മുന്നണിയെ വിശേഷിപ്പിച്ചു.

ബി.ജെ.പിയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പ്രതിനിധീകരിക്കുന്നത് പഴയകാല രാഷ്ട്രീയത്തെയാണ്. എന്നാല്‍ സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭാവിയെക്കുറിച്ചാണ്. ഞങ്ങള്‍ ഭാവിക്കുവേണ്ടിയുള്ള രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകും. മികച്ചൊരു ഭാവി കെട്ടിപ്പടുക്കുന്നതിനായി ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ചന്ദ്രശേഖര്‍ ആസാദിനൊപ്പം കൈകോര്‍ക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നെന്നും ഒവൈസി പറഞ്ഞു.

Content Highlight: Owaisi backs Chandrashekhar Azad for UP chief minister’s post, vows to stop BJP’s third term