ഗുവാഹത്തി: പാന്‍ കാര്‍ഡും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും (EPIC) മാത്രം ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള രേഖകളായി അംഗീകരിക്കാനാവില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി. ഔദ്യോഗിക പരിശോധനകളില്ലാതെ വ്യക്തികള്‍ സ്വയം സമര്‍പ്പിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം രേഖകള്‍ അനുവദിക്കുന്നതെന്നും അവയ്ക്ക് ആധാരമായ രേഖകള്‍ കൂടി തെളിയിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
‘പാന്‍ കാര്‍ഡും ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡും പൗരത്വത്തിനുള്ള തെളിവുകളല്ല. ആദായനികുതി വകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും ഔദ്യോഗിക അന്വേഷണം നടത്താതെയാണ് വ്യക്തികളുടെ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഇവ അനുവദിക്കുന്നത്. അതിനാല്‍, ഈ രേഖകള്‍ക്ക് ആധാരമായ രേഖകള്‍ കൂടി തെളിയിക്കാതെ ഇവയെ ഇന്ത്യന്‍ പൗരത്വത്തിനുള്ള തെളിവായി അംഗീകരിക്കാനാവില്ല’ കോടതി നിരീക്ഷിച്ചു.
1971 മാര്‍ച്ചില്‍ ഇന്ത്യയില്‍ പ്രവേശിച്ച വിദേശിയാണെന്ന് വിധിച്ച ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു സ്ത്രീ നല്‍കിയ ഹരജി തള്ളിക്കൊണ്ട് നവംബര്‍ 5നാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ജസ്റ്റിസുമാരായ കല്യാണ്‍ റായ് സുരാന, സുസ്മിത ഫുക്കന്‍ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്.
പിതാവുമായോ മുത്തശ്ശിയോ മുത്തച്ഛനോ ആയോ ഉള്ള ബന്ധം വിശ്വസനീയവും വ്യക്തവുമായ തെളിവുകളിലൂടെ ഹരജിക്കാരിക്ക് സ്ഥാപിക്കാന്‍ സാധിച്ചില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
1955ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ 6എ(2) പ്രകാരം മുത്തച്ഛനും മുത്തശ്ശിയും പിതാവും അസമില്‍ തുടര്‍ച്ചയായി താമസിച്ചിരുന്നുവെന്ന് തെളിയിക്കാനും ഹരജിക്കാരിക്ക് കഴിഞ്ഞില്ല.
1977 ഏപ്രില്‍ 25ന് അസമിലാണ് ജനിച്ചതെന്നായിരുന്നു യുവതിയുടെ വാദം. 1966, 1970 വര്‍ഷങ്ങളിലെ വോട്ടര്‍ പട്ടികകളില്‍ അവകാശപ്പെടുന്ന മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പേരുകളുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. പിതാവിന്റെ പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, സ്വന്തം വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ഡ്, എന്‍.ആര്‍.സി അപേക്ഷ സമര്‍പ്പിച്ചതിന്റെ രസീത് എന്നിവയും തെളിവായി ഹാജരാക്കി.
പിതാവ് ഇന്ത്യന്‍ പൗരനാണെന്നും അദ്ദേഹത്തിന്റെ പേര് തെരഞ്ഞെടുപ്പ് രേഖകളിലുണ്ടായിരുന്നുവെന്നും ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെന്നും ഗുവാഹത്തി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാരി വാദിച്ചു.
എന്നാല്‍, പിതാവുമായുള്ള ബന്ധം സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ യുവതിയുടെ വാദം തള്ളിയത്. 1971 മാര്‍ച്ച് 25ന് ശേഷം ഇന്ത്യയിലെത്തിയ വ്യക്തിയായാണ് ട്രൈബ്യൂണല്‍ ഇവരെ പ്രഖ്യാപിച്ചത്.
ട്രൈബ്യൂണല്‍ രേഖകള്‍ ശരിയായി പരിശോധിച്ചില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ ഹരജിക്കാരിയുടെ വാദം. നേരത്തെയുണ്ടായിരുന്ന അഭിഭാഷകന്‍ ഹാജരാക്കിയ രേഖകള്‍ പൗരത്വം തെളിയിക്കാന്‍ മതിയാകുമെന്ന് തെറ്റായി ഉപദേശിച്ചെന്നും അവര്‍ ആരോപിച്ചു. മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ളവരെ സാക്ഷികളായി വിസ്തരിക്കാന്‍ അവസരം നല്‍കുന്നതിനായി കേസ് വീണ്ടും ട്രൈബ്യൂണലിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, തെറ്റായ നിയമോപദേശം ലഭിച്ചെന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ല. അധിക തെളിവുകള്‍ ഹാജരാക്കാന്‍ ട്രൈബ്യൂണല്‍ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും ഹരജിക്കാരി അതുപയോഗിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസിലെ തെളിവുകളുടെ പോരായ്മകള്‍ മറികടക്കുന്നതിനായി പിന്നീട് ഉന്നയിച്ച വാദം മാത്രമാണിതെന്നും കോടതി നിരീക്ഷിച്ചു. മുന്‍ അഭിഭാഷകന്റെ പ്രൊഫഷണല്‍ വീഴ്ചയോ കൃത്യവിലോപമോ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട ബാര്‍ കൗണ്‍സിലിനെ സമീപിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, പാന്‍ കാര്‍ഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ടോ സ്വത്തോ ഉള്ളത് എന്നിവ പൗരത്വത്തിന്റെ തെളിവല്ലെന്ന് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും ഇതിന് മുമ്പും വിധിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ജനിച്ചവര്‍ക്ക് പൗരത്വം തെളിയിക്കുന്ന ഒറ്റ രേഖയും ഇല്ല. ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്ന വിദേശ പൗരന്മാര്‍ക്ക് മാത്രമേ യഥാര്‍ഥ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കാറുള്ളൂ.
Content Highlight: PAN card, voter ID cannot prove citizenship without supporting records, says Gauhati High Court.
