അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള ഡെമോക്രാറ്റുകളുടെ നീക്കം അവസാന നിമിഷം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ തന്നെ 11 ജനപ്രതിനിധികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഇംപീച്ച്‌മെന്റ് നടപടി പരാജയപ്പെട്ടത്.
വോട്ടെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയായിരുന്നു. ഇതോടെ ഇംപീച്ച്മെന്റ് നീക്കം താത്ക്കാലികമായി തടയപ്പെട്ടു. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ആഘാതത്തില്‍ നില്‍ക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അപ്രതീക്ഷിത ആശ്വാസമായി ഈ വിജയം.
എന്നാല്‍ ഈ 11 പേരുടെ അസാന്നിധ്യം മറ്റൊരു രാഷ്ട്രീയ ചര്‍ച്ചയ്ക്ക് കൂടി വഴിതുറന്നു. ഇവരില്‍ പത്ത് പേര്‍ക്ക് ഇസ്രഈല്‍ അനുകൂല ലോബിയിങ് സംഘടനയായ ഐപാകില്‍ നിന്ന് (എ.ഐ.പി.എ.സി) തെരഞ്ഞെടുപ്പ് സംഭാവനകള്‍ ലഭിച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തുവന്നത്.
മിഷിഗണില്‍ നിന്നുള്ള ജനപ്രതിനിധി ഹാലി സ്റ്റീവന്‍സിന് മാത്രം ഐപാക് വഴി ലഭിച്ചത് 11.7 ലക്ഷം ഡോളര്‍. ഇതിന് പുറമെ, ഐപാകുമായി ബന്ധമുള്ള സൂപ്പര്‍ പി.എ.സി 1.437 കോടി ഡോളര്‍ ചെലവഴിക്കുകയും ചെയ്തു. വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന മറ്റ് ഒമ്പത് ഡെമോക്രാറ്റുകള്‍ക്കും ഐപാക് വഴി വിവിധ തുകകള്‍ ലഭിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫണ്ടിങ്ങും അമേരിക്കന്‍ രാഷ്ട്രീയത്തിലെ ലോബിയിങ് സ്വാധീനവും വീണ്ടും ചര്‍ച്ചയാകുമ്പോള്‍, ഹെഗ്സെത്തിന്റെ ഇംപീച്ച്മെന്റ് നീക്കത്തില്‍നിന്നുള്ള ഈ 11 പേരുടെ പിന്മാറ്റവും പരിശോധിക്കപ്പെടുകയാണ്. ആരൊക്കെയാണ് ഇവര്‍? എത്ര തുകയാണ് ഐപാക് വഴി ലഭിച്ചത്? ഈ സംഭാവനകള്‍ക്ക് വോട്ടെടുപ്പിലെ അസാന്നിധ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ലഭ്യമായ രേഖകളും റിപ്പോര്‍ട്ടുകളും എന്താണ് വ്യക്തമാക്കുന്നത്? പരിശോധിക്കാം…
വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന 11 ഡെമോക്രാറ്റുകള്‍ ആരെല്ലാം? എന്തായിരുന്നു കാരണം?
വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന 11 ഡെമോക്രാറ്റിക് ജനപ്രതിനിധികള്‍ ഇവരാണ്
ജൂലിയ ബ്രൗണ്‍ലി (കാലിഫോര്‍ണിയ)
ലൂ കൊറിയ (കാലിഫോര്‍ണിയ)
നാന്‍സി പെലോസി (കാലിഫോര്‍ണിയ)
ലോറ ഗില്ലന്‍ (ന്യൂയോര്‍ക്ക്)
സ്റ്റീവന്‍ ഹോഴ്‌സ്‌ഫോര്‍ഡ് (നെവാഡ)
ജോനാഥന്‍ ജാക്‌സണ്‍ (ഇല്ലിനോയിസ്)
ബ്രിട്ടനി പീറ്റേഴ്സണ്‍ (കൊളറാഡോ)
മെലാനി സ്റ്റാന്‍സ്ബറി (ന്യൂ മെക്‌സിക്കോ)
ഹേലി സ്റ്റീവന്‍സ് (മിഷിഗണ്‍)
മര്‍ലിന്‍ സ്ട്രിക്ലാന്‍ഡ് (വാഷിങ്ടണ്‍)
ഫ്രെഡറിക്ക വില്‍സണ്‍ (ഫ്‌ലോറിഡ)
ഐപാക് ഫണ്ടിങ്: രേഖകള്‍ പറയുന്നതെന്ത്?
പീറ്റ് ഹെഗ്സെത്തിന്റെ ഇംപീച്ച്മെന്റ് പ്രമേയം ജുഡീഷ്യറി കമ്മിറ്റിക്ക് വിടുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന 11 ഡെമോക്രാറ്റുകള്‍ക്ക് ഇസ്രഈല്‍ അനുകൂല ലോബിയിങ് സംഘടനയായ അമേരിക്കന്‍ ഇസ്രഈല്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റി (എ.ഐ.പി.എ.സി)യുമായി ബന്ധമുള്ള ഫണ്ടിങ് ലഭിച്ചിട്ടുണ്ടെന്ന ആരോപണം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
‘ദി ഹോര്‍മുസ് ലെറ്റര്‍’ എന്ന എക്‌സ് അക്കൗണ്ടാണ് ഇതുസംബന്ധിച്ച് ആദ്യം കണക്കുകള്‍ പങ്കുവെച്ചത്. മിഷിഗണില്‍ നിന്നുള്ള ജനപ്രതിനിധി ഹാലി സ്റ്റീവന്‍സിന് 15.9 മില്യണ്‍ ഡോളര്‍ ലഭിച്ചുവെന്നായിരുന്നു പോസ്റ്റിലെ പ്രധാന അവകാശവാദം. എന്നാല്‍ ഈ കണക്ക് മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള നേരിട്ടുള്ള സംഭാവനയായി കണക്കാക്കാനാവില്ല.
ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്റെ രേഖകള്‍ വിശകലനം ചെയ്ത സിഗ്‌നല്‍ഡാറ്റയുടെ കണക്കുകള്‍ പ്രകാരം, 2022 ജനുവരി മുതല്‍ 2026 ഒക്ടോബര്‍ 14 വരെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന 11 ഡെമോക്രാറ്റുകളില്‍ പത്ത് പേര്‍ക്ക് ഐപാകിന്റെ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (പി.എ.സി) വഴി സംഭാവനകള്‍ ലഭിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ഹാലി സ്റ്റീവന്‍സിനാണ് ഏകദേശം 11.7 ലക്ഷം ഡോളര്‍.
ഇതിന് പുറമെ, എ.ഐ.പി.എ.സിയുമായി ബന്ധമുള്ള സൂപ്പര്‍ പി.എ.സി ആയ യുണൈറ്റഡ് ഡെമോക്രസി പ്രോജക്ട് (യു.ഡി.പി) സ്റ്റീവന്‍സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പിന്തുണയ്ക്കുന്നതിനായി ഏകദേശം 1.437 കോടി ഡോളര്‍ സ്വതന്ത്രമായി ചെലവഴിക്കുകയും ചെയ്തു. ഇതും കൂടി കണക്കിലെടുക്കുമ്പോള്‍ ഐപാകുമായി ബന്ധപ്പെട്ട ഫണ്ടിങ്ങും രാഷ്ട്രീയ ചെലവും ഏകദേശം 1.554 കോടി ഡോളറാകും.
ഐപാക് വഴി മറ്റ് ജനപ്രതിനിധികള്‍ക്ക് ലഭിച്ച സംഭാവനകളുടെ കണക്ക്
ലോറ ഗില്ലന്‍ 4.67 ലക്ഷം ഡോളര്‍
മെര്‍ലിന്‍ സ്ട്രിക്ലാന്‍ഡ് 2.91 ലക്ഷം ഡോളര്‍
സ്റ്റീവന്‍ ഹോര്‍സ്‌ഫോര്‍ഡ് 1.86 ലക്ഷം ഡോളര്‍
ബ്രിട്ടാനി പെറ്റേഴ്സണ്‍ 72,000 ഡോളര്‍
ജൂലിയ ബ്രൗണ്‍ലി 63,000 ഡോളര്‍
ലൂ കൊറിയ 54,000 ഡോളര്‍
ഫ്രെഡറിക്ക വില്‍സണ്‍ 33,000 ഡോളര്‍
നാന്‍സി പെലോസി 15,000 ഡോളര്‍
ജോനാഥന്‍ ജാക്‌സണ്‍ 13,000 ഡോളര്‍
അതേസമയം, മെലാനി സ്റ്റാന്‍സ്ബറിക്ക് ഈ കാലയളവില്‍ ഐപാക് പി.എ.സി വഴി സംഭാവന ലഭിച്ചതായി സിഗ്‌നല്‍ഡാറ്റ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ‘ട്രാക്ക് എ.ഐ.പി.എ.സി’ എന്ന മറ്റൊരു ഡാറ്റാബേസില്‍ അവരുമായി ബന്ധപ്പെട്ട വിശാലമായ ഇസ്രഈല്‍ അനുകൂല രാഷ്ട്രീയ സംഭാവനകള്‍ ഏകദേശം 57,000 ഡോളറായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഐപാക്കിന്റെ നയമാറ്റവും ശ്രദ്ധേയം
തെരഞ്ഞെടുപ്പ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിവരം, ഒക്ടോബര്‍ 21ന് ഐപാക് പ്രഖ്യാപിച്ച നയമാറ്റമാണ്. സ്ഥാനാര്‍ഥികള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുന്നതും പി.എ.സി വഴി നേരിട്ട് സംഭാവന നല്‍കുന്നതും സ്ഥാനാര്‍ഥികള്‍ക്കായി വ്യക്തിഗത സംഭാവനകള്‍ നീക്കിവെക്കുന്നതും അവസാനിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇസ്രഈലുമായുള്ള അമേരിക്കയുടെ സഖ്യത്തെ പിന്തുണയ്ക്കുന്ന നിലപാടുള്ള സ്ഥാനാര്‍ഥികളെ സഹായിക്കുന്നത് തുടരുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
ഗതാഗതകുരുക്ക്, ആരോഗ്യപ്രശ്‌നം; വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതിനുള്ള ന്യായങ്ങള്‍
വാഷിങ്ടണ്‍ ഡി.സിയിലെ ഗതാഗതക്കുരുക്കാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിന് കാരണമെന്നാണ് സ്ട്രിക്ലാന്‍ഡ്, ജാക്‌സണ്‍, സ്റ്റാന്‍സ്ബറി, ഗില്ലന്‍ എന്നിവര്‍ വിശദീകരിച്ചത്.
വെറ്ററന്‍സ് ദിനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ സ്വന്തം സംസ്ഥാനത്തായിരുന്നുവെന്നാണ് നാന്‍സി പെലോസി അറിയിച്ചത്. ചികിത്സയ്ക്കായി കാലിഫോര്‍ണിയയിലായിരുന്നുവെന്നാണ് ലൂ കൊറിയ അറിയിച്ചത്. വ്യക്തിപരമായ അടിയന്തര സാഹചര്യമുണ്ടായിരുന്നുവെന്നാണ് ഹോഴ്‌സ്‌ഫോര്‍ഡിന്റെ ഓഫീസ് പറഞ്ഞത്.
ഹെഗ്സെത്തിനുമെതിരായ ഇംപീച്ച്മെന്റ് വകുപ്പുകള്‍ ഏപ്രിലില്‍ അവതരിപ്പിക്കാന്‍ സഹായിച്ചിരുന്നുവെന്ന് പറഞ്ഞ ബ്രിട്ടനി പീറ്റേഴ്സണ്‍, ഈ പ്രമേയത്തിന്മേല്‍ വോട്ട് ചെയ്യാനുള്ള അവസരം തനിക്ക് നിഷേധിക്കപ്പെട്ടുവെന്നാണ് പ്രതികരിച്ചത്. എന്നാല്‍ അതിന്റെ കാരണം അവര്‍ വിശദീകരിച്ചില്ല.
ജാക്‌സണ്‍, സ്റ്റാന്‍സ്ബറി, ഗില്ലന്‍, സ്ട്രിക്ലാന്‍ഡ്, ഹോഴ്‌സ്‌ഫോര്‍ഡ്, പെലോസി, പീറ്റേഴ്സണ്‍ എന്നിവര്‍ തങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നെങ്കില്‍ ഇംപീച്ച്‌മെന്റ് നിര്‍ദേശങ്ങള്‍ ഹൗസ് കമ്മിറ്റിക്ക് വിടാനുള്ള നീക്കത്തെ എതിര്‍ത്ത് ഡെമോക്രാറ്റുകള്‍ക്കൊപ്പം വോട്ട് ചെയ്യുമായിരുന്നുവെന്നും പറഞ്ഞു.
തങ്ങള്‍ പ്രമേയത്തെ എതിര്‍ക്കുന്നുവെന്ന നിലപാട് കോണ്‍ഗ്രസിന്റെ ഔദ്യോഗിക രേഖയായ കോണ്‍ഗ്രഷണല്‍ റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഡെമോക്രാറ്റിക് പ്രതിനിധികളായ ജാക്‌സണും സ്റ്റാന്‍സ്ബറിയും അറിയിച്ചത്. എന്നാല്‍ ഇതുകൊണ്ട് ഔദ്യോഗിക വോട്ടെണ്ണലില്‍ മാറ്റമുണ്ടാകില്ല.
വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് സ്റ്റീവന്‍സ്, ബ്രൗണ്‍ലി, വില്‍സണ്‍ എന്നിവര്‍ പ്രതികരിച്ചിട്ടുമില്ല.
ഇറാനെതിരെ ഇസ്രഈലിനൊപ്പം ചേര്‍ന്ന് അമേരിക്ക യുദ്ധം ആരംഭിച്ചതിനെതിരെ നേരത്തെ വിമര്‍ശനമുന്നയിച്ചയാളാണ് ഹേലി സ്റ്റീവന്‍സ്. യുദ്ധത്തിന് കോണ്‍ഗ്രസിന്റെ അനുമതി തേടണമെന്നും ഭരണകൂടത്തിന്റെ സൈനിക നടപടികള്‍ക്ക് കൂടുതല്‍ മേല്‍നോട്ടം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നവംബര്‍ മൂന്നിന് നടന്ന അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കുമുമ്പ് സ്വന്തം പാര്‍ട്ടിയുടെ സെനറ്റ് സ്ഥാനാര്‍ഥിക്കെതിരെ നിലപാടെടുത്ത സ്റ്റീവന്‍സ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക്ക് റോജേഴ്സിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മിഷിഗണിലെ സെനറ്റ് സീറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയില്‍ അബ്ദുല്‍ എല്‍-സയ്ദിനോട് പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്.
83 വയസുകാരിയായ ഫ്രെഡറിക്ക വില്‍സണ്‍ തിങ്കളാഴ്ച മിയാമി-ഡേഡ് കൗണ്ടിയില്‍ ഒരു ഭവനപദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. വില്‍സണും ബ്രൗണ്‍ലിയും സ്റ്റീവന്‍സിനെപ്പോലെ ഇറാന്‍ യുദ്ധത്തിലെ ട്രംപ് ഭരണകൂടത്തിന്റെ നിലപാടിനെ നേരത്തെ എതിര്‍ത്തിരുന്നു. യുദ്ധത്തിന് കോണ്‍ഗ്രസിന്റെ അനുമതി തേടണമെന്നും ഇരുവരും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വോട്ടെടുപ്പില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ ഡെമോക്രാറ്റുകള്‍ക്കിടയില്‍ വിമര്‍ശനം
വോട്ടെടുപ്പില്‍നിന്നുള്ള 11 ഡെമോക്രാറ്റുകളുടെ അസാന്നിധ്യം പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വിമര്‍ശനത്തിന് ഇടയാക്കി. വോട്ടെടുപ്പ് നടക്കുമെന്ന് നേരത്തെ അറിയാമായിരുന്നിട്ടും അംഗങ്ങള്‍ സഭയില്‍ ഹാജരാകാതിരുന്നത് അംഗീകരിക്കാനാവില്ലെന്ന് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് അംഗം സിഡ്‌നി കാംലാഗര്‍-ഡോവ് പ്രതികരിച്ചു. ഹാജര്‍ പ്രശ്‌നം കാരണം വോട്ടെടുപ്പില്‍ പരാജയപ്പെടേണ്ട സാഹചര്യം ഉണ്ടാകരുതായിരുന്നുവെന്നും അവര്‍ പറഞ്ഞു.
‘ഇന്ന് ഈ വോട്ടെടുപ്പ് നടക്കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും ചിലര്‍ തങ്ങളുടെ അലസത മാറ്റിവെച്ച് ഈ പടികള്‍ കയറി വോട്ട് ചെയ്യാന്‍ എത്തിയില്ല. തീര്‍ച്ചയായും അവര്‍ എത്തേണ്ടിയിരുന്നു,’ അവര്‍ പറഞ്ഞു.
ഹാജര്‍നിലയിലെ വീഴ്ച കാരണം ഈ വോട്ടെടുപ്പില്‍ പരാജയപ്പെടേണ്ട സാഹചര്യം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ എല്‍-സയ്യിദും വിട്ടുനിന്ന ഡെമോക്രാറ്റുകളെ വിമര്‍ശിച്ചു. ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി, ‘നിങ്ങള്‍ തീര്‍ച്ചയും ഇവിടെ ഹാജരായി നിങ്ങളുടെ ജോലി ചെയ്യേണ്ടിയിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഹക്കീം ജെഫ്രിസിനെതിരെയും വിമര്‍ശനമുയര്‍ന്നു. അടുത്ത ജനുവരിയില്‍ ഹൗസ് സ്പീക്കറാകുമെന്ന് പ്രതീക്ഷിക്കുന്ന ജെഫ്രിസ്, വോട്ടെടുപ്പില്‍ പാര്‍ട്ടി അംഗങ്ങളെ ഒന്നിച്ചുനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്നാണ് വിമര്‍ശനം.
രാഷ്ട്രീയ നിരീക്ഷക ക്രിസ്റ്റല്‍ ബോള്‍ വോട്ടെടുപ്പ് ഫലത്തെ ‘ഹക്കീം ജെഫ്രിസിന്റെ വലിയ പരാജയം’ എന്നാണ് വിശേഷിപ്പിച്ചത്.
‘യുദ്ധക്കുറ്റവാളിയായ പീറ്റ് ഹെഗ്സെത്തിനുമെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ സ്വീകരിക്കാമായിരുന്നു. പക്ഷേ വോട്ട് ചെയ്യാന്‍ ഡെമോക്രാറ്റുകള്‍ എത്തിയില്ലല്ലോ,’ അവര്‍ പറഞ്ഞു.
പുരോഗമന രാഷ്ട്രീയ എഴുത്തുകാരിയായ ലോറ ബാസറ്റും ജെഫ്രിസിന്റെ നടപടിയെ വിമര്‍ശിച്ചു.
‘വോട്ടെടുപ്പില്‍ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ജെഫ്രിസ് ശ്രമിച്ചുപോലുമില്ല. സ്വന്തം മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാനാണ് അദ്ദേഹം അംഗങ്ങളോട് പറഞ്ഞത്. അതിന്റെ ഫലമായി 11 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. കൂടുതല്‍ ശക്തനായ ഒരു നേതാവിനെ ആളുകള്‍ ആവശ്യപ്പെടുന്നതിന്റെ കാരണവും ഇതുതന്നെയാണ്,’ ലോറ ബാസറ്റ് പറഞ്ഞു.
വോട്ടെടുപ്പില്‍ ജുഡീഷ്യറി കമ്മിറ്റിക്ക് പ്രമേയം വിടുന്നതിനെതിരെ ഏഴ് ഡെമോക്രാറ്റുകള്‍ കൂടി വോട്ട് ചെയ്തിരുന്നെങ്കില്‍ ഫലം 211-211 എന്ന സമനിലയിലെത്തുകയും പ്രമേയം പരാജയപ്പെടുകയും ചെയ്യുമായിരുന്നു. അതിനാല്‍ 11 പേരുടെ അസാന്നിധ്യം ഏറെ നിര്‍ണായകമായിരുന്നു.
ഹെഗ്സെത്ത് ഇനിയും ഇംപീച്ച്മെന്റ് നടപടി നേരിടേണ്ടിവരുമോ?
തീര്‍ച്ചയായും അടുത്ത ജനുവരിയില്‍ ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള പുതിയ കോണ്‍ഗ്രസ് ചുമതലയേല്‍ക്കുമ്പോള്‍ ഹെഗ്സെത്തിനുമെതിരെ വീണ്ടും ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കാം. അന്ന് പ്രമേയം സഭയില്‍ അവതരിപ്പിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ഡെമോക്രാറ്റുകള്‍ക്ക് കൂടുതല്‍ അനുകൂലമായ സാഹചര്യമുണ്ടാകും.
ഹെഗ്സെത്തിനുമെതിരെ വീണ്ടും ഇംപീച്ച്മെന്റ് നീക്കം ആരംഭിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി അംഗങ്ങളുമായി കൂടിയാലോചിക്കുമെന്ന് ജെഫ്രിസ് വ്യക്തമാക്കിയിട്ടുണ്ട്.
‘അനുയോജ്യമായ സമയത്ത് ഇക്കാര്യത്തില്‍ ഞങ്ങള്‍ ചര്‍ച്ച നടത്തും,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഹെഗ്സെത്തിനുമെതിരെ ഇംപീച്ച്മെന്റ് പ്രമേയം പാസായാല്‍ത്തന്നെ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കാനാകുമെന്ന് ഉറപ്പില്ല.
ഇംപീച്ച്മെന്റ് എന്നത് ഒരു ഫെഡറല്‍ ഉദ്യോഗസ്ഥനെതിരെ ഹൗസ് ഔദ്യോഗികമായി കുറ്റങ്ങള്‍ ചുമത്തുന്ന നടപടിയാണ്. ക്രിമിനല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് സമാനമാണിത്.
ഹൗസില്‍ ഇംപീച്ച്മെന്റ് പ്രമേയം പാസായാല്‍ അടുത്ത ഘട്ടം കോണ്‍ഗ്രസിന്റെ ഉപരിസഭയായ സെനറ്റിലെ വിചാരണയാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കണോ എന്ന കാര്യത്തിലാണ് സെനറ്റ് തീരുമാനമെടുക്കുക.
സെനറ്റില്‍ കുറ്റക്കാരനാണെന്ന് വിധിക്കാന്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. അതായത് അടുത്ത വര്‍ഷം സെനറ്റില്‍ ഭൂരിപക്ഷം ലഭിച്ചാലും ഹെഗ്സെത്തിനെ സ്ഥാനത്തുനിന്ന് നീക്കണമെങ്കില്‍ ഡെമോക്രാറ്റുകള്‍ക്ക് ഏകദേശം ഒരു ഡസനോളം റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ പിന്തുണ കൂടി ആവശ്യമായി വരും.
അമേരിക്കന്‍ ചരിത്രത്തില്‍ ഇതുവരെ എട്ട് ഉദ്യോഗസ്ഥര്‍ മാത്രമാണ് സെനറ്റില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്. ഇവരെല്ലാം ഫെഡറല്‍ ജഡ്ജിമാരായിരുന്നു.
ഡൊണാള്‍ഡ് ട്രംപിനെതിരെ ഇതിന് മുമ്പ് രണ്ടുതവണ ഇംപീച്ച്മെന്റ് നടപടികള്‍ ഉണ്ടായിട്ടുണ്ട്. 2019 ഡിസംബറിലും 2021 ജനുവരിയിലുമായിരുന്നു അത്. എന്നാല്‍ രണ്ട് തവണയും സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
അധികാര ദുര്‍വിനിയോഗം, നിയമവിരുദ്ധമായ സൈനിക നീക്കങ്ങള്‍
റിപ്പബ്ലിക്കന്‍ ജനപ്രതിനിധിയായ തോമസ് മാസിയാണ് ഹെഗ്സെത്തിനുമെതിരായ ഇംപീച്ച്മെന്റ് വകുപ്പുകള്‍ അവതരിപ്പിച്ചത്. എന്നാല്‍ ആ നീക്കത്തിന് പ്രധാനമായും പിന്തുണ നല്‍കിയത് ഡെമോക്രാറ്റുകളായിരുന്നു. അധികാര ദുര്‍വിനിയോഗം നടത്തിയെന്നും നിയമവിരുദ്ധമായ സൈനിക നീക്കങ്ങള്‍ നടത്തിയെന്നും ആരോപിച്ചാണ് ഹെഗ്സെത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ ആവശ്യപ്പെട്ടത്.
ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 211-204 എന്ന നിലയിലാണ് പ്രമേയം ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് തിരിച്ചയക്കാനുള്ള നിര്‍ദേശം പാസായത്. ഇതോടെ ഇംപീച്ച്മെന്റ് നടപടികള്‍ മുന്നോട്ടുപോകുന്നത് അനിശ്ചിതകാലത്തേക്ക് തടയപ്പെട്ടു. പ്രമേയത്തില്‍ കൂടുതല്‍ പരിശോധന നടത്താനും ആവശ്യമായ ഭേദഗതികള്‍ വരുത്താനും ഈ കമ്മിറ്റിക്ക് കഴിയും.
നിലവിലെ കോണ്‍ഗ്രസിന്റെ കാലാവധി അവസാനിക്കാന്‍ എട്ട് ആഴ്ചകള്‍ മാത്രമാണ് ശേഷിക്കുന്നത്. അതിനാല്‍ ഈ കാലയളവിനുള്ളില്‍ ഇംപീച്ച്മെന്റ് പ്രമേയം വീണ്ടും സഭയുടെ പരിഗണനയ്ക്ക് വരാനുള്ള സാധ്യത കുറവാണ്. ജനുവരി മൂന്നിന് ഡെമോക്രാറ്റുകള്‍ ഹൗസിന്റെയും സെനറ്റിന്റെയും നിയന്ത്രണം ഏറ്റെടുക്കും. ഇതോടെ ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും നിയന്ത്രണം ഡെമോക്രാറ്റുകള്‍ ഏറ്റെടുക്കും. പുതിയ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഹെഗ്സെത്തിനുമെതിരെ വീണ്ടും ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കാനുള്ള സാധ്യതയുണ്ട്.
ചൊവ്വാഴ്ചത്തെ വോട്ടെടുപ്പ് എന്തിനുവേണ്ടിയായിരുന്നു?
ഹെഗ്സെത്തിനുമെതിരെ ഇംപീച്ച്മെന്റ് വേണമോ വേണ്ടയോ എന്ന കാര്യത്തിലായിരുന്നില്ല ചൊവ്വാഴ്ചത്തെ വോട്ടെടുപ്പ്. ഇംപീച്ച്മെന്റ് വകുപ്പുകള്‍ ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് കൈമാറണോ വേണ്ടയോ എന്നതായിരുന്നു വോട്ടെടുപ്പിലൂടെ തീരുമാനിക്കേണ്ടിയിരുന്നത്. കൂടുതല്‍ അന്വേഷണം നടത്തുന്നതിനോ പ്രമേയത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിനോ ഈ കമ്മിറ്റിക്ക് അധികാരമുണ്ട്.
ഇത്തരം നടപടിക്രമ വോട്ടെടുപ്പുകള്‍ പലപ്പോഴും പ്രധാനപ്പെട്ട നീക്കങ്ങള്‍ വൈകിപ്പിക്കാനുള്ള തന്ത്രമായാണ് ഉപയോഗിക്കാറുള്ളത്. നിലവിലെ കോണ്‍ഗ്രസിന്റെ കാലാവധി ഉടന്‍ അവസാനിക്കാനിരിക്കുന്നതിനാല്‍ ഹെഗ്സെത്തിനുമെതിരായ പ്രമേയം വീണ്ടും സഭയിലെത്താനുള്ള സാധ്യത വളരെ കുറവാണ്.
‘പ്രമേയം ഇല്ലാതാക്കാനുള്ള നീക്കമായിരുന്നു ഇത്’ എന്നായിരുന്നു വോട്ടെടുപ്പിനെക്കുറിച്ച് തോമസ് മാസിയുടെ പ്രതികരണം.
വോട്ടെടുപ്പിന്റെ ഫലം എന്തായിരുന്നു?
211-204 എന്ന നേരിയ ഭൂരിപക്ഷത്തിനാണ് പ്രമേയം ജുഡീഷ്യറി കമ്മിറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം പാസായത്.
ഈ നിര്‍ദേശത്തെ എതിര്‍ത്ത ഏക റിപ്പബ്ലിക്കന്‍ അംഗം തോമസ് മാസിയായിരുന്നു. മറ്റ് റിപ്പബ്ലിക്കന്‍ അംഗങ്ങളെല്ലാം നിര്‍ദേശത്തെ പിന്തുണച്ചു. ഡെമോക്രാറ്റുകള്‍ ഇതിനെ എതിര്‍ത്തു. അങ്ങനെ വോട്ടെടുപ്പ് പ്രധാനമായും പാര്‍ട്ടി അടിസ്ഥാനത്തിലുള്ള നിലപാടുകളിലേക്കെത്തി.
18 ജനപ്രതിനിധികളാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നത്. ഇതില്‍ 11 പേര്‍ ഡെമോക്രാറ്റുകളും ഏഴ് പേര്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളുമായിരുന്നു.
വിട്ടുനിന്ന 11 ഡെമോക്രാറ്റുകളും ഹാജരായി തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വോട്ട് ചെയ്തിരുന്നെങ്കില്‍ ഇംപീച്ച്മെന്റ് വകുപ്പുകള്‍ ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് കൈമാറാനുള്ള നീക്കത്തെ പരാജയപ്പെടുത്താനുള്ള ഭൂരിപക്ഷം അവര്‍ക്ക് ലഭിക്കുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഈ ആഴ്ച തന്നെ ഹെഗ്സെത്തിനുമെതിരെ ഇംപീച്ച്മെന്റ് വേണമോ എന്ന കാര്യത്തില്‍ സഭയില്‍ നേരിട്ടുള്ള വോട്ടെടുപ്പ് നടക്കുമായിരുന്നു.
വോട്ടെടുപ്പ് ഫലം വന്നതിന് പിന്നാലെ, ‘ഡെമോക്രാറ്റുകളുടെ ഇംപീച്ച്മെന്റ് നീക്കം ദയനീയമായി പരാജയപ്പെട്ടു’വെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
Content Highlight: 11 Democrats Derail Hegseth Impeachment Bid; Did They Take the Money and Skip the Vote?
