തിരുവനന്തപുരം: 2027ലെ സംസ്ഥാന എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ, ഹയര്‍
സെക്കന്‍ഡറി പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നിനാണ് എസ്.എസ്.എല്‍.സി പരീക്ഷകള്‍ ആരംഭിക്കുന്നത്.

ഏപ്രില്‍ അഞ്ച് മുതല്‍ മൂല്യ നിര്‍ണയം തുടങ്ങും. മെയ് മാസം ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20 വരെ നടത്തും. 425000 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍സി പരീക്ഷ എഴുതുന്നത്.

ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ ഒന്ന് രണ്ട് വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് രണ്ടിന് തുടങ്ങും. മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് 30 വരെയാണ് പരീക്ഷകള്‍ നടക്കുക. മെയ് 15ന് ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിക്കും. മാര്‍ച്ച് 12,30 തീയ്യതികളില്‍ മാത്രം ഉച്ചക്ക് രണ്ട് മണിക്കും ബാക്കി ദിവസങ്ങളില്‍ രാവിലെ 9:30നും പരീക്ഷ ആരംഭിക്കുന്ന രീതിയിലാണ് ടൈംടേബിള്‍ തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ എട്ട് മുതല്‍ 17 വരെ നടക്കും. എല്‍.പി ക്ലാസുകള്‍ക്ക് ഡിസംബര്‍ 11 മുതല്‍ 17 വരെയാണ് പരീക്ഷ. ഡിസംബര്‍ 18ന് സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ച ശേഷം 10 ദിവസത്തെ അവധിയായിരിക്കും. ഡിസംബര്‍ 28ന് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

Content Highlight: Dates for the 2027 state SSLC, VHSE, and Higher Secondary public examinations have been announced