ഹിന്ദു മിത്തോളജിയിലെ എപ്പിക്കുകളിലൊന്നായ രാമായണം സിനിമയാക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ ഓം റൗട്ട് സംവിധാനം ചെയ്ത ആദി പുരുഷ് പോലെ ഒരു പാതി വെന്ത പരീക്ഷണത്തിനായിരിക്കും നിതിഷ് തിവാരിയും മുതിരുക എന്നായിരുന്നു ഭൂരിഭാഗം പേരും പ്രതീക്ഷിച്ചിരുന്നത്. ഇതോടൊപ്പം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായിട്ടായിരിക്കും നമിത് മല്‍ഹോത്ര രാമായണ ഒരുക്കുന്നത് എന്ന വാര്‍ത്ത വന്നതോടെ ചിത്രം പരാജയമാകുമെന്നും പലരും വിലയിരുത്തിയിരുന്നു.

രാമായണ പാര്‍ട്ട് 1 Photo: X.com

എന്നാല്‍ മുന്‍ധാരണകളെയെല്ലാം അസ്ഥാനത്താക്കി കൊണ്ട് ഹോളിവുഡ് നിലവാരമുള്ള ദൃശ്യവിരുന്നായിരുന്നു രാമായണ പാര്‍ട്ട് വണ്‍ റൈസ് ഓഫ് എ ലെജന്‍ഡ് ഒരുക്കിയത്. സിനിമ കാണാനെത്തുന്നവര്‍ക്ക് പരിചിതമായ കഥയെ കൃത്യമായ അവതരണത്തോടെയും മേക്കിങ്ങോടെയും മികച്ച തിയേറ്റര്‍ എക്സ്പീരിയന്‍സാക്കി മാറ്റുകയായിരുന്നു. ഇതോടെ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

സൂര്യ നായകനായ ജിത്തു മാധവന്‍ ചിത്രം സീന്‍ കടുത്ത മത്സരവുമായി രംഗത്തുണ്ടെങ്കിലും ദിനംപ്രതി മികച്ച സ്വീകാര്യതയാണ് രാമായണയ്ക്ക് കേരള ബോക്‌സ് ഓഫീസില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന ഹിന്ദി ചിത്രങ്ങളുടെ ലിസ്റ്റില്‍ നിന്നും ധുരന്ധര്‍ 2വിനെ താഴെയിറക്കി രാമായണ ഇടം പിടിച്ചിരിക്കുകയാണെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

രാമായണ പാര്‍ട്ട് 1 Photo: X.com

രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ ധുരന്ധര്‍ 2, 19.50 കോടിയോളമായിരുന്നു കേരളത്തില്‍ നിന്നും നേടിയത്. ഈ മാര്‍ക്കാണ് റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുന്നതിന് മുമ്പ് രാമായണ തകര്‍ത്തിരിക്കുന്നത്. നിലവില്‍ കേരളത്തില്‍ വലിയ രീതിയിലുള്ള ബുക്കിങ്ങാണ് ഓണ്‍ലൈന്‍ ടിക്കറ്റ് പ്ലാറ്റ്‌ഫോമുകളില്‍ രാമായണയ്ക്ക് ലഭിക്കുന്നത്. ഈ കുതിപ്പ് തുടര്‍ന്നാല്‍ 50 കോടി മാര്‍ക്ക് പിന്നിടുന്ന ആദ്യ ഹിന്ദി ചിത്രമാകാന്‍ രാമായണയ്ക്ക് സാധിക്കുമെന്നാണ് പലരും വിലയിരുത്തുന്നത്.

Content Highlight: Kerala Box office collection of Ramaya Part 1